മലപ്പുറം ജില്ലയിലെ താനൂരിനടുത്ത് കോർമൻ കടപ്പുറത്തെ ഫക്കീർ ബീച്ചിലേയ്ക്കു പോകാം. അവിടെ ഒരു അദ്ഭുത ബാലനുണ്ട്. യൂട്യൂബ് ചാനലിലൂടെ ആറു വയസ്സിനിടയിൽ ആറര ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ മുഹമ്മദ് നബ്ഹാൻ. നിബൂസ് ഫുഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇത്രയധികം ആരാധകരെ ഈ രണ്ടാം ക്ലാസുകാരൻ സ്വന്തമാക്കിയിരിക്കുന്നത്.
ചെറിയ പ്രായത്തിൽതന്നെ നാവിൽ കൊതിയൂറുന്ന രുചിക്കൂട്ടുകളുമായി ഈ കുട്ടിഷെഫ് ഏവരുടെയും പ്രിയങ്കരനായി മാറിയിരിക്കുകയാണ്. നിബൂസ് ഫുഡിന് നാട്ടിൽ മാത്രമല്ല, ആരാധകരുള്ളത്. അറബി നാട്ടിലും വിദേശങ്ങളിലുമെല്ലാം ഈ കൊച്ചുപയ്യന്റെ കൈപുണ്യത്തെക്കുറിച്ച് അറിഞ്ഞവർ നിരവധിയാണ്. നാട്ടിൽനിന്നും വിദേശത്തുനിന്നും ഒട്ടേറെ പേരാണ് ഈ കുഞ്ഞുഷെഫിനെ കാണാനെത്തുന്നത്.

താനൂരിലെ ജിഹാദിന്റെയും നജ്മുന്നീസയുടെയും മൂത്തമകനായ നബ്ഹാൻ നാട്ടിലെ താരമാണ്. നാട്ടുകാർക്കിടയിലെ വൈറൽ താരം. നബ്ഹാന്റെ ജീവിതകഥ മലയാളം ന്യൂസിനോടു പങ്കുവച്ചത് ബാപ്പ ജിഹാദാണ്. പാരമ്പര്യമായി കടൽ തൊഴിലാളിയായ ജിഹാദിന് കാലവർഷത്തിന്റെ വരവോടു കൂടി ജോലി കുറഞ്ഞുതുടങ്ങിയിരിക്കുന്നു. പിതാവിന്റെ പാത പിന്തുടർന്ന് പ്ലസ് ടുവിനുശേഷം മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ചിരിക്കുകയാണ് ജിഹാദ്. കോർമൻ കടപ്പുറത്തെ മത്സ്യത്തൊഴിലാളിയാണിദ്ദേഹം.
വിശപ്പിന്റെ വിളിയാണ് നബ്ഹാനെ രുചിക്കൂട്ടുകളുടെ ലോകത്തേയ്ക്ക് നയിച്ചത്. കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാൻ മടിച്ചിരുന്ന കുട്ടിയായിരുന്നു നബ്ഹാൻ. മൊബൈലിൽ വീഡിയോകൾ കണ്ടിരിക്കുകയായിരുന്നു കുട്ടിക്കാലത്തെ അവന്റെ ഹോബി. കാണുന്നതാകട്ടെ ഫുഡ് വ്‌ളോഗുകളും. അവയിൽ ഏറെ ഇഷ്ടം ചൈനീസ് ഫുഡ് വ്‌ളോഗുകളായിരുന്നു. അങ്ങനെയാണ് അവന് ഭക്ഷണത്തെക്കുറിച്ചുള്ള വ്‌ളോഗുകളോടുള്ള താല്പര്യം തിരിച്ചറിഞ്ഞത്. നന്നായി ഭക്ഷണം കഴിച്ചാൽ ഇത്തരത്തിലുള്ള വീഡിയോകൾ എടുത്തുതരാമെന്നു പറഞ്ഞപ്പോഴാണ് ഭക്ഷണം കഴിച്ചുതുടങ്ങിയത്. അങ്ങനെയായിരുന്നു തുടക്കം. ആദ്യകാലത്ത് അവനെ കാണിക്കാൻ വേണ്ടിയായിരുന്നു ഇത്തരം വീഡിയോകൾ എടുത്തിരുന്നത്. വീട്ടിലെ ഭക്ഷണമേശയിൽ വിഭവങ്ങൾ നിരത്തിവച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്ന വീഡിയോയായിരുന്നു ചിത്രീകരിച്ചിരുന്നത്. ഒരു ദിവസം മൂന്നു വീഡിയോകൾ വളരെ ചിത്രീകരിച്ചിരുന്നു. അന്നൊന്നും ഈ വീഡിയോകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നില്ല. എടുത്ത വീഡിയോകൾ അവന് കാണിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം. വീഡിയോകൾ അവൻ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് ഇത്തരത്തിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലോ എന്ന ചിന്തയുദിച്ചത്. അതോടെയാണ് നിബൂസ് ഫുഡ് എന്ന യൂട്യൂബ് ചാനലിന് തുടക്കമായത്. വളരെ ചെറിയ വീഡിയോകളായിരുന്നു ചിത്രീകരിച്ചത്. പലതും ഒരു മിനിറ്റിൽ താഴെയുള്ളവയായിരുന്നു. നബഹാനെ ഭക്ഷണം കഴിപ്പിക്കുക എന്നതു മാത്രമായിരുന്നു അന്ന് ലക്ഷ്യമാക്കിയിരുന്നത്.
ദിവസങ്ങൾ കഴിയവേയാണ് വീഡിയോയ്ക്ക് കാഴ്ചക്കാരെത്തിത്തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഓരോ ദിവസം കഴിയുന്തോറും കാഴ്ചക്കാരുടെ എണ്ണം വർദ്ധിച്ചുതുടങ്ങി. അപ്പോഴാണ് സംഗതി വൈറലായിത്തുടങ്ങിയെന്ന് ഞങ്ങളും തിരിച്ചറിഞ്ഞത്. അതോടെ വീഡിയോകൾ നന്നായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. മാത്രമല്ല, നബഹാൻ വീഡിയോയിൽ സംസാരിച്ചുതുടങ്ങുകയും ചെയ്തു. തുടർന്ന് നിരവധിയാളുകളാണ് വീഡിയോകൾ കണ്ടുതുടങ്ങിയത്. കാഴ്ചക്കാരുടെയെണ്ണം ലക്ഷക്കണക്കായി മാറുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തി അറുപത്തിയേഴായിരം പേരും ഫേസ് ബുക്കിൽ ഇരുപതിനായിരത്തോളം പേരും നബഹാന് ഫോളോവേഴ്‌സായുണ്ട്.

മലബാർ ചിക്കൻ ബിരിയാണിയാണ് നബ്ഹാന്റെ ഇഷ്ടപ്പെട്ട വിഭവം. ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും ഈ വീഡിയോയാണ്. മലബാർ ചിക്കൻ ബിരിയാണിയുണ്ടാക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടത് പത്തൊൻപത് മില്യൻ പ്രേക്ഷകരാണ്. ഗൾഫ് നാടുകളിൽനിന്നും വിദേശങ്ങളിൽനിന്നുപോലും നിരവധിയാളുകളാണ് ഈ വീഡിയോ കണ്ട് നബഹാനെ വിളിച്ച് അനുമോദിച്ചത്. പ്രമുഖ വിദേശ ഫുഡ് വ്‌ളോഗർമാരും വിളിച്ച് അഭിനന്ദിച്ചു. ഈ വീഡിയോ കണ്ട സിനിമാതാരങ്ങളായ ഹരീഷ് കണാരനും സുരഭി ലക്ഷ്മിയും ധർമ്മജൻ ബോൾഗാട്ടിയുമെല്ലാം വിളിക്കുകയും വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
സ്‌കൂൾ തുറന്നതിനുശേഷം വൈകീട്ടാണ് വീഡിയോ തയ്യാറാക്കുന്നത്. നാലുമണിക്കാണ് സ്‌കൂളിൽനിന്നും തിരിച്ചെത്തുന്നത്. ഉമ്മച്ചിയെ എന്നു വിളിച്ചുകൊണ്ടാണ് വരവ്. ഉമ്മച്ചീ ഇന്നത്തെ സ്‌പെഷ്യൽ എന്താണെന്നാണ് ചോദ്യം. സ്‌നേഹം വിളമ്പിയുള്ള ആ ചോദ്യത്തിലാണ് അന്നത്തെ വീഡിയോ ചിത്രീകരിച്ചു തുടങ്ങുന്നത്. അപ്പോഴേയ്ക്കും ഉമ്മച്ചി സാധനങ്ങളെല്ലാം ഒരുക്കിയിരിക്കും. ദിവസവും ഒരു മണിക്കൂറാണ്് ചിത്രീകരണത്തിനായി നീക്കിവയ്ക്കുന്നത്. അവധി ദിവസങ്ങളിൽ സൗകര്യപ്രദമായ സമയങ്ങളിലായിരുന്നു ചിത്രീകരിച്ചിരുന്നത്. നബ്ഹാന്റെ ഉമ്മയായ നജ്മുന്നീസയാണ് എല്ലാ സഹായങ്ങളുമായി കൂടെയുള്ളത്. വീട്ടമ്മയായ നജ്മുന്നീസ വീട്ടിലുണ്ടാക്കുന്ന പാചകവിധികൾ തന്നെയാണ് മകനും പകർന്നുനൽകുന്നത്. പഴയ ചിട്ടയിലുള്ളതാണ് പാചകം. അമ്മിയിലും ഉരലിലും അരച്ചും പൊടിച്ചുമെടുക്കുന്ന കറിക്കൂട്ടുകളാണ് പാചകത്തിന് ഉപയോഗിക്കുന്നത്. അതുതന്നെയാണ് നബ്ഹാന്റെ രുചിക്കൂട്ട് ഏറെ പ്രിയങ്കരമാകുന്നത്. പാചകം ചെയ്യാൻ ഉമ്മച്ചിയും വീഡിയോ ഷൂട്ട് ചെയ്യാൻ ഉപ്പച്ചിയുമാണ് നബ്ഹാന് കൂട്ടാകുന്നത്.

അവധിക്കാലത്ത് പലതരത്തിലുള്ള ഭക്ഷണങ്ങളും ഒരുക്കിയിരുന്നു. ബിരിയാണിക്കു പുറമെ മത്സ്യങ്ങൾ കൊണ്ടുള്ള പലതരം വിഭവങ്ങളും ഒരുക്കി. കൂടാതെ വേനൽക്കാലത്ത്് പരീക്ഷണാർഥം പലതരം ജ്യൂസുകളുമുണ്ടാക്കിയിരുന്നു. വിവിധ നിറങ്ങളിലുള്ള ഐസുകളുമൊരുക്കി. എങ്കിലും ഏറെ ആരാധകരുണ്ടായിരുന്നത് മാങ്ങയും ഉപ്പും മുളകും ചേർത്തുണ്ടാക്കിയ വിഭവങ്ങൾക്കായിരുന്നു. പണ്ടുകാലത്ത് ഉപ്പും മുളകും കൂട്ടി കഴിച്ചിരുന്ന മാങ്ങയുടെ സ്വാദ് ഇന്നും പലരുടെയും നാവുകളുണ്ടായിരിക്കും. ഇത് കണ്ടറിഞ്ഞ് നാലു കഷ്ണം മാങ്ങയും ഉപ്പും മുളകും ചേർത്ത് കവറുകളിലാക്കി പത്തു രൂപയ്ക്ക് വിൽപന നടത്തിയതും നല്ല ദൃശ്യവിരുന്നായിരുന്നു. എട്ടു മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്.
നബ്ഹാന്റെ അനുജൻ മുഹമ്മദ് ഹംദാനും ചേട്ടന്റെ വീഡിയോയിൽ സന്തുഷ്ടനാണ്. എൽ.കെ.ജിക്കാരനായ ഹംദാനും ഇത്തരത്തിലുളള വീഡിയോകൾ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. വീഡിയോ കണ്ട് നബ്ഹാനെ പലരും തിരിച്ചറിഞ്ഞുതുടങ്ങിയെന്ന് ബാപ്പ ജിഹാദ് പറയുന്നു. അവനുമൊന്നിച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ നിബൂസേ എന്ന വിളി കേൾക്കാം. ചിലർ അടുത്തുവന്ന് സ്‌നേഹപൂർവ്വം കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവയ്ക്കാറുമുണ്ട്. മാത്രമല്ല, ഉദ്ഘാടനങ്ങൾക്കും ക്ഷണം വന്നുതുടങ്ങിയിട്ടുണ്ട്. ഭക്ഷണശാലകളും ജ്യൂസ് കടകളുമെല്ലാം ഉദ്ഘാടനത്തിനായി നബ്ഹാനെ വിളിക്കാൻ തുടങ്ങിയെന്നത് ഏറെ സന്തോഷമുണ്ടാക്കുന്നുണ്ട്. ഇതിനിടയിൽ ഒരു പ്രമുഖ ചാനൽ പാചക പരിപാടിക്കായി നബ്ഹാനെ ക്ഷണിച്ചിരുന്നു. എന്നാൽ ഷൂട്ടിംഗ് എറണാകുളത്തായതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല. ചെറിയ കുട്ടിയായതിനാൽ അവനെ കൊണ്ടുപോകണം. കുടുംബസമേതമുള്ള യാത്ര സാധ്യമല്ലാതെ വന്നതിനാലാണ് അത് മുടങ്ങിയത്.
ഫുഡ് വ്‌ളോഗിംഗ് ഇഷ്ടമാണെങ്കിലും ഇതൊരു തൊഴിൽമാർഗ്ഗമായി സ്വീകരിക്കാൻ നബ്ഹാൻ ഒരുക്കമല്ല. വലുതാകുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാകണമെന്നാണ് മോഹം. തെറ്റ് ചെയ്യുന്നവരെയെല്ലാം ശിക്ഷിക്കണം. അതിന് പൊലീസാവുകയേ മാർഗ്ഗമുള്ളു എന്ന്് അവൻ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു- ജിഹാദ് പറയുന്നു.
ഹലോ ഗയ്‌സ്. നിങ്ങൾക്കുവേണ്ടി ഞാനുണ്ടാക്കാൻ പോകുന്നത് പഴം വാട്ടിയതാണ്. അതിനായി ഞാൻ കുറച്ച് പഴക്കുട്ടന്മാരെ എടുത്തിരിക്കുന്നു. ഇനി നമുക്ക് അവരുടെ ജാക്കറ്റൂരി ചെറിയ കഷ്ണങ്ങളാക്കാം. ഇത് പെട്ടെന്നുണ്ടാക്കിത്തീരുന്ന സാധനമാണ്. തിന്നുകഴിഞ്ഞാൽ ഹഠാർ സാധനമാണ്. ചെറിയ കുട്ടികൾക്ക് അമ്മമാർ ഉണ്ടാക്കിക്കൊടുക്കുന്ന നല്ല ഭക്ഷണമാണിത്. എനിക്കും ന്റെ ഉമ്മച്ചി ഉണ്ടാക്കിത്തരാറുണ്ട്. ഇനി നമുക്ക് പഴക്കുട്ടന്മാരെ ചെറിയ കഷ്ണങ്ങളാക്കാം. ചെറിയ കുട്ടികൾ പഴം കട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. കൈയിൽ തട്ടാതെ ശ്രദ്ധിക്കണം. ആയുധം വച്ചുള്ള കളിയാണ്‌ട്ടോ. ഇനി കരിമ്പിന്റെ കുഞ്ഞുങ്ങളെ ഇട്ടുകൊടുക്കാം. തേങ്ങ ചിരകിയത് ഇട്ടുകൊടുക്കാം. ഏലക്കായ് ഇട്ടുകൊടുക്കാം. ഇനി നമുക്ക് പൊരിച്ചെടുക്കണം. ഉമ്മച്ചിയേ... ഇതൊന്ന് പൊരിച്ചുതരുമോ... ഹാസ്യത്തിന്റെ അകമ്പടിയോടെ കുട്ടിവ്‌ളോഗറായ നബ്ഹാന്റെ പുതിയൊരു വീഡിയോ ഒരുങ്ങുകയാണ്...






