Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിശ്രമമില്ല, വിനയ പോരാട്ടം തുടരും

ലിംഗനീതിക്കായി തന്റെ തൊഴിൽ മേഖലയിൽ അസാധാരണമായ പോരാട്ടം നടത്തിയ പോലീസ് സിവിൽ ഓഫീസർ വിനയ സർവീസിൽനിന്ന് വിരമിക്കുകയാണ്. ഏതു തൊഴിൽ മേഖലയിലും ലിംഗപരമായ അസമത്വം നിലനിൽക്കുന്നു എന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഏറ്റവും കൂടുതൽ വിവേചനം നിലനിൽക്കുന്ന മേഖല ഏതാണെന്നു ചോദിച്ചാൽ അത് പോലീസ് തന്നെയെന്നു പറയാം. അവിടെയാണ് സ്വാതന്ത്ര്യബോധത്താൽ ഉത്തേജിതയായി വയനാട് സ്വദേശി വിനയ ലിംഗസമത്വത്തിനായി പോരാടിയത്. ജോലിയിൽനിന്നു പുറത്താക്കലിനുവരെ ആ പോരാട്ടം കാരണമായി എന്നതു വേറെ കാര്യം. 
ബാല്യം മുതലെ കുടുംബത്തിനകത്തും സമൂഹത്തിന്റെ സമസ്ത മേഖലയിലും നിലനിൽക്കുന്ന ലിംഗവിവേചനം വിനയയിൽ അമർഷമുണ്ടാക്കിയിരുന്നു. അതിനെതിരെ നിരവധി പോരാട്ടങ്ങൾ അവർ നടത്തിയിട്ടുണ്ട്. പോലീസിലെത്തിയതോടെ വിവേചനത്തിന്റെ തോത് വൻതോതിൽ വർദ്ധിച്ചതായും അവർക്ക് ബോധ്യമായി. സ്ത്രീയെന്ന യാതൊരു പരിഗണനയും കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യത്തിനായിരുന്നു അവർ പോരാടിയത്. അതിൽ പ്രധാനം വസ്ത്രധാരണം തന്നെയായിരുന്നു. സാരിയുടുത്തുകൊണ്ട് ചെയ്യാവുന്ന ജോലിയല്ല പോലീസിന്റേത് എന്നവർക്ക് ബോധ്യമായി. പല സമരങ്ങളിലും അതുപോലെ വനിതാകുറ്റവാളികളെ പിടികൂടുമ്പോഴും വനിതാപോലീസിന്റെ സാരി വലിച്ചൂരി അവർ രക്ഷപ്പെടുമായിരുന്നു. അത്തരം പല സംഭവങ്ങൾക്കും വിനയ സാക്ഷ്യം വഹിച്ചു എന്നു മാത്രമല്ല, അത്തരം അനുഭവത്തിൽ നിന്ന് രണ്ടു തവണയെങ്കിലും അവർ രക്ഷപ്പെട്ടത് തലമുടിനാരിഴക്കായിരുന്നു. അതോടെ ഈ വിഷയവുമായി ബന്ധപ്പെട്ട് അവർ സേനക്കുള്ളിൽ പോരാട്ടമാരംഭിച്ചു. സേനക്കുള്ളിൽ മാത്രമല്ല, പുറത്തും ചർച്ചകളിലുമെല്ലാം അവരത് ഉന്നയിച്ചത് സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും രസിച്ചില്ല. തടവിലുള്ള സ്ത്രീകൾ തന്നെ തെറിവിളിക്കുമ്പോൾ ആസ്വദിക്കുന്ന സഹപ്രവർത്തകരെ കുറിച്ച് അവർ എഴുതിയിട്ടുണ്ട്. എന്തായാലും ഇതുമായി ബന്ധപ്പെട്ട് അവരാരംഭിച്ച പോരാട്ടം വിജയകരമായി. വനിതകൾക്കും പാന്റ്‌സും ഷർട്ടും ധരിക്കാമെന്ന് ഉത്തരവായി. എന്നാലവരത് അവിടേയും നിർത്തിയില്ല. വനിതകൾ ഷർട്ട് ഇൻസൈഡ് ചെയ്യരുതെന്ന നിയമത്തിനെതിരായി സമരം. ഐപിഎസുകാരികൾക്ക് അതാകാമെങ്കിൽ എന്തുകൊണ്ട് തങ്ങൾക്കുമായിക്കൂടാ എന്നായിരുന്നു അവരുടെ ചോദ്യം. സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന വസ്ത്രധാരണരീതിക്കെതിരായിരുന്നു അവരുടെ പ്രധാന പോരാട്ടം. മുടി വളർത്തുക എന്ന ഒറ്റകാര്യം കൊണ്ട് സ്ത്രീകൾ നഷ്ടപ്പെടുത്തുന്ന സമയവും പണവുമെല്ലാം അനാവശ്യമാണെന്ന നിലപാടിൽ നിന്നായിരുന്നു അവർ മുടി വെട്ടിയതും ആഭരണങ്ങൾ ഉപേക്ഷിച്ചതും.


പോലീസിലെ കായികമേളയിലെ വനിതകളോടുള്ള വിവേചനത്തിനെതിരെയാണ് അവർ ശക്തമായി നടത്തിയ മറ്റൊരു പോരാട്ടം. പാർട്ടികൾ പ്രകടനത്തിനുമുന്നിൽ ബാനർ പിടിക്കാൻ വനിതകളെ ഏർപ്പാടാക്കുന്ന പോലെ മാർച്ച് പാസ്റ്റിനുമുന്നിൽ ബാനർ പിടിക്കാൻ സാരിയുടുത്ത  പോലീസുകാരികളെ നിയമിക്കുക, വനിതകളുടെ കായികമത്സരം പ്രദർശനമത്സരം മാത്രമാക്കുക, വനിതകൾക്ക് ലഭിച്ച വിജയവും പോയിന്റുമൊക്കെ ഇഷ്ടംപോലെ മാറ്റുക തുടങ്ങിയ നടപടികൾക്കെതിരെ ശക്തമായിതന്നെ വിനയ പ്രതികരിച്ചു. ഒരു ഘട്ടത്തിലത് ട്രാക്കിൽ കിടന്ന് മത്സരം തടഞ്ഞ പ്രതിഷേധമായി. തുടർന്ന് പ്രതികളെ കൈകാര്യം ചെയ്യുന്ന പോലെ വിനയയെ തൂക്കിയെടുത്ത് ലോക്കപ്പിലാക്കുകയായിരുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. മറ്റെല്ലാ സംഭവങ്ങൾക്കുമൊപ്പം ഈ പോരാട്ടമാണ്  സസ്‌പെൻഷനിലേക്കും പിന്നീട് ഡിസ്മിസിലേക്കും വിനയയെ എത്തിച്ചത്.  ആ അനുഭവങ്ങളെല്ലാം തന്റെ ജീവിതകഥയിൽ അവർ വിശദീകരിക്കുന്നു. ജോലി പോയത് വൻതിരിച്ചടിയായിരുന്നു. പോലീസുകാരൻ തന്നെയായിരുന്ന ഭർത്താവിന്റെ വേതനം മാത്രം ജീവിക്കാൻ തികയുമായിരുന്നില്ല. എന്നാൽ തളരാതെ വിനയ ജീവിതപോരാട്ടം തുടർന്നു. സ്ത്രീകളേയും പെൺകുട്ടികളേയും ആത്മബോധമുള്ളവരാക്കാനും അണിഞ്ഞൊരുങ്ങി കാഴ്ചവസ്തുക്കളാകാതെ വ്യക്തിത്വമുള്ളവരാകാനുമുള്ള സന്ദേശവുമായി അവർ നാടെങ്ങും ഓടിനടന്ന് പ്രവർത്തിച്ചു. പെൺകുട്ടിയാണെന്നു മറന്ന് ജീവിക്കാനായിരുന്നു അവരുടെ നിലപാട്. അതിനായി അവർ പെൺകുട്ടികളുടെ പന്തുകളി മത്സരങ്ങൾ നടത്തി, വോളിബോൾ മത്സരങ്ങൾ നടത്തി, ബൈക്ക് റൈഡിംഗ് നടത്തി, യാത്രകൾ പോയി, ബീച്ചുകളിലിറങ്ങി നീന്തി, അവസാനം തൃശൂരിലെ പ്രസിദ്ധമായ പുലിക്കളിയിൽ അവർ പെൺപുലിയായി മാറി. എല്ലാം മറന്ന് നഗരത്തിൽ പുലിനൃത്തമാടി. 
സ്ത്രീശരീരം ജാതി മത ദേശഭേദമന്യേ അലങ്കരിക്കപ്പെട്ട ഒരു തടവറയാണെന്നാണ് വിനയ പറയുന്നത്.  ഓരോ സ്ത്രീയും സഞ്ചരിക്കുന്ന ഓരോ ജയിലറകളെ ഓർമ്മപ്പെടുത്തുന്നു. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്നു അവളിലെ അലങ്കാരപ്പണികൾ. ആദ്യം കാതുകുത്തലാണ്. ജനിച്ച് 28-ാം നാൾ (ജാതിമതാനുസരണം ദിവസങ്ങൾക്ക് ചില വ്യത്യാസങ്ങൾ ഉണ്ട് എന്നുമാത്രം) അവളുടെ കുഞ്ഞുകാത് കുത്തിത്തുളച്ച് അവളുടെ ലോകം വേദനയുടേതാണെന്ന് സ്ഥിരീകരിക്കുന്നു. വേദനകൊണ്ട് പുളഞ്ഞുകരയുന്ന പിഞ്ചുകുഞ്ഞിന്റെ നിസ്സഹായത മുതിർന്നവർ സന്തോഷത്തോടെ ആഘോ ഷിക്കുന്നു.  ഈ പീഡനം ആൺകുട്ടികൾക്കില്ല. പിന്നീട് അവളിലെ പീഡനം മുടിയിലേക്കും വസ്ത്രത്തിലേക്കും നീളുന്നു. അത് ഒരു ആജീവനാന്ത കലാ പരിപാടിയായി വികസിക്കുകയും അങ്ങനെ സ്വയം തടവറ അലങ്കരിക്കുകയും ആ തടവറയിൽ സ്വസ്ഥതയും സന്തോഷവും കണ്ടെത്താൻ പരിശീലിക്കുകയും ചെയ്യുന്നു. കുഞ്ഞുനാൾ മുതലേ നാം ആൺകുട്ടിക്ക്  ട്രൗസറും ഷർട്ടും, പെൺകുട്ടിക്ക് ഉടുപ്പും ശീലമാക്കുന്നു. മലർന്നുകിടന്ന് കൈകാലിട്ടടിക്കുമ്പോൾ തന്നെ ആൺകുട്ടി ശരീരത്തിന്റെ ചലനസ്വാതന്ത്ര്യം ആവോളം ആസ്വദിച്ചു തുടങ്ങുന്നു. നാം അവന്റെ ചലനത്തെ സന്തോഷത്തോടെ ആസ്വദിക്കുന്നു. പെൺകുട്ടി കാലുപൊക്കി കളിക്കാൻ തുടങ്ങുമ്പോൾതന്നെ അവളുടെ കുഞ്ഞുടുപ്പ് പൊങ്ങിപ്പോകും. അതു കാണുന്ന നാം ഓരോരുത്തരും ആ ഉടുപ്പ് താഴ്ത്തിയിടുന്നതിൽ ശ്രദ്ധിക്കും. ഈ അമിതശ്രദ്ധ അവളുടെ ചലനത്തെ നിയന്ത്രിതമാക്കും. കുഞ്ഞ് ഇരുന്നുതുടങ്ങുമ്പോഴേക്കും മുതിർ ന്നവർ ഈ താഴ്ത്തിയിടൽ പ്രക്രിയയ്ക്ക്  കൂടുതൽ ഊന്നൽ കൊടുക്കും. സ്ത്രീകൾ എന്തുകൊണ്ട് പൊതുസമൂഹത്തിന്റെ ഭാഗമാകുന്നില്ല എന്ന ചോദ്യത്തിനുത്തരം ലഭിക്കാൻ പാർക്കിലും വീട്ടിലും മറ്റും കളിക്കുന്ന പെൺകുട്ടികളെ നിരീക്ഷിച്ചാൽ മാത്രം മതി. ഊഞ്ഞാലാടുന്ന പെൺകുട്ടിയും സ്ലൈഡറിൽ ഉതുകുന്ന പെൺകുട്ടിയും ചലനത്തിൽ നിയന്ത്രണം പാലി ക്കുന്നുണ്ട്. ഏതുതരം വിനോദങ്ങൾക്കിടയിലും അവളുടെ ചലനാസ്വാദനം വസ്ത്രം അപഹരിക്കുന്നു. എന്നാൽ ഓടുന്നതിനോ ചാടുന്നതിനോ ഇരി ക്കുന്നതിനോ ആൺകുട്ടിക്ക് വസ്ത്രം തടസ്സമാകുന്നില്ല. വീട്ടുമുറ്റത്ത് ഇരു ന്നുള്ള കളികളിൽ ആൺകുട്ടികൾ ഏർപ്പെടുമ്പോൾ അത്തരത്തിലുള്ള കളികൾ ശ്രദ്ധിക്കുവാൻ പോലും അവൾ മെനക്കെടാറില്ല. പടിഞ്ഞിരിക്കുന്നതിനോ കുത്തിയിരിക്കുന്നതിനോ അവൾക്ക് അവളുടെ വസ്ത്രം സ്വാതന്ത്ര്യം നൽകുന്നില്ല. അടിവസ്ത്രം കാണാതിരിക്കാനുള്ള പങ്കപ്പാടിലാണവൾ ശ്രദ്ധിക്കുന്നത്. നിന്നുകൊണ്ടും നടന്നുകൊണ്ടും ഓടിക്കൊണ്ടും മാത്രം സാധ്യമാകുന്ന കളികളിൽ ഏർപ്പെടുന്നതിന് അവൾ ജാഗരൂകയാകും. അത്തരത്തിൽ കളിക്കുന്നതിനുള്ള കൂട്ടുകാരേയും പരിസരത്തേയും എപ്പോഴും കണ്ടെത്തുക പ്രയാസമാണ്. ഈ സാധ്യതയില്ലായ്മ അവളിലെ കളിയെപ്പറ്റിയുള്ള ചിന്ത തന്നെ ഇല്ലാതാക്കുന്നു. വെറും വിശേഷങ്ങൾ പറഞ്ഞും അന്താക്ഷരികളിച്ചും ടിവികണ്ടും അവൾ കാലം കഴിച്ചുകൂട്ടുന്നു.
ഇത്തരത്തിൽ ഓടുകയോ തുള്ളുകയോ ചാടുകയോ മറിയുകയോ അലറുകയോ ചെയ്തു ശീലമില്ലാതെ വളരുന്ന പെൺകുട്ടി പ്രകൃതിപരമായ യാതൊരുവിധ പ്രതിരോധശേഷിയും ആർജ്ജിച്ചെടുക്കാതെയാണ് ബാല്യ ത്തിൽ നിന്നും കൗമാരത്തിലേക്കും കൗമാരത്തിൽനിന്നും യൗവ്വനത്തി ലേക്കും പ്രവേശിക്കുന്നത്. അവിടേയും സാരിയും ഷാളുമെല്ലാം അവളുടെ ചലനത്തെ തടയുന്നു. ആൺകുട്ടികൾക്ക് അവിടേയും വസ്ത്രം തടസ്സമാകുന്നില്ല. വസ്ത്രം പോലതന്നെ മുടിയും ആഭരണങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും അവളെ അലങ്കരിക്കപ്പെട്ട തടവറയാക്കുന്നു. എപ്പോഴും ഇതേ കുറിച്ചുള്ള ചിന്തയിൽ അവൾക്ക് നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യത്തിന്റെ ഒരു ലോകമാണ്. ശാരീരികക്ഷമത പരമാവധി പ്രയോജനപ്പെടുത്തുന്നതിനു തകുന്ന വസ്ത്രവും ചെരുപ്പും വാച്ചും ബാഗും വാഹനവും സാധ്യമാക്കി- ഊർജസ്വലതയോടെ സ്വയം പര്യാപ്തതയോടെ ജീവിക്കുന്ന ഒരു പെൺ സമൂഹം ഉയർന്നുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന നിലപാടിലാണ് വിനയയുടെ സാമൂഹ്യജീവിതം മുന്നോട്ടു നീങ്ങുന്നത്. 
അതിനിടെ പല അഭ്യുദയകാംക്ഷികളുടേയും ഇടപെടലിലൂടെ വർഷങ്ങൾക്കുശേഷം ജോലി തിരിച്ചുകിട്ടിയത് ആശ്വാസമായി. അപ്പോഴും തന്റെ നിലപാടിൽ വെള്ളം ചേർക്കാൻ അവർ തയ്യാറായില്ല. ലിംഗവിവേചനമില്ലാത്ത ലോകത്തിനായുള്ള പോരാട്ടം വിനയ തുടരുകയാണ്. ഇനിയുള്ള കാലം വിശ്രമകാലമാക്കാതെ, ആ പോരാട്ടം കൂടുതൽ ശക്തമാക്കാനാകുമെന്നാണ് വിനയയുടെ പ്രതീക്ഷ.

Latest News