അവസാന തീരം കീഴടക്കി സിറ്റി, അവസാന സംശയവും നീങ്ങി

ഇസ്താംബൂള്‍ - അബുദാബി രാജകുടുംബം ഏറ്റെടുത്ത ശേഷം മാഞ്ചസ്റ്റര്‍ സിറ്റി കെട്ടിപ്പടുത്ത സാമ്രാജ്യത്വത്തിന്റെ അവസാനത്തെ കല്ലായിരുന്നു ഇസ്താംബൂളിലെ ചാമ്പ്യന്‍സ് ലീഗ് വിജയം. സിറ്റിയുടെ ആധിപത്യത്തിന് ഇനി സംശയത്തിന്റെ ആവരണമില്ല. ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയ പെപ് ഗാഡിയോളയും കൂട്ടരും യൂറോപ്പില്‍ പുതുയുഗത്തിനാണ് തിരശ്ശീല  ഉയര്‍ത്തിയത്. താരകങ്ങളില്‍ രേഖപ്പെടുത്തിയതാണ് ഈ വിജയമെന്നും ഈ കിരീടം സിറ്റി അര്‍ഹിച്ചതാണെന്നും വിജയത്തിനു  ശേഷം ഗാഡിയോള പറഞ്ഞു. ഇന്റര്‍ മിലാനെതിരായ 1-0 വിജയത്തിനു ശേഷം ഗാഡിയോളയുടെ കണ്ണില്‍ നിന്ന ആനന്ദാശ്രുക്കളൊഴുകി. 
നിരവധി നിരാശാപര്‍വങ്ങള്‍ക്കു ശേഷം കറയറ്റ ആനന്ദത്തിന്റെ അശ്രുധാരയായിരുന്നു അത്. 2008 ല്‍ ഇംഗ്ലിഷ് ഫുട്‌ബോളില്‍ അവഗണിക്കപ്പെട്ടു കിടന്ന ഒരു ടീമിനെ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹയാന്‍ ഒരു രാത്രി കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകളിലൊന്നാക്കി മാറ്റിയ ശേഷം അവര്‍ കാത്തിരുന്ന രാത്രിയായിരുന്നു ഇത്. മികച്ച കോച്ചിനായും കിടയറ്റ കളിക്കാര്‍ക്കായും 150 കോടി ഡോളര്‍ ചെലവിട്ടിട്ടും സിറ്റിക്ക് എത്തിപ്പിടിക്കാനാവാത്ത നക്ഷത്രമായിരുന്നു ഇതുവരെ ചാമ്പ്യന്‍സ് ലീഗ്. 
ആ പ്രതിബന്ധം നീങ്ങി. കൂടുതല്‍ ചെലവഴിക്കാന്‍ സിറ്റിക്ക് സാമ്പത്തിക ലൈസന്‍സായി. ഇനി യൂറോപ്പ് അവര്‍ക്കുള്ളതാണ്. റയല്‍ മഡ്രീഡിനൊപ്പമെത്താന്‍ ഇനി 13 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ മതി എന്ന് ഗാഡിയോള തമാശ പറഞ്ഞതാണ്. എങ്കിലും സിറ്റി അങ്ങനെ അടങ്ങിയിരിക്കുന്ന ടീമല്ല. 
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കോച്ചെന്ന പദവിയാണ് ഗാഡിയോളയെ കാത്തിരിക്കുന്നത്. കരിയറിലെ മൂന്നാമത്തെ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇത്. മുപ്പതാമത്തെ ട്രോഫിയും. 2009 ല്‍ ബാഴ്‌സലോണക്കൊപ്പവും ഇതുപോലെ ഹാട്രിക് കിരീടം നേടിയിരുന്നു. ലിയണല്‍ മെസ്സി ഇല്ലാതെ ഗാഡിയോളക്ക് ചാമ്പ്യന്‍സ് ട്രോഫി നേടാനാവുമോയെന്ന ചോദ്യം ബാക്കിയുണ്ടായിരുന്നു. എര്‍ലിംഗ് ഹാളന്റുമായി ഗാഡിയോള ഉത്തരം നല്‍കി. 
 

Latest News