യൂറോപ്പ് കീഴടക്കി സിറ്റി, ഐതിഹാസിക ഹാട്രിക്

ഇസ്താംബൂള്‍ -പതിനഞ്ചു വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റി കാത്തിരുന്ന നിമിഷം ഇസ്താംബൂളില്‍ പിറന്നു. പെപ് ഗാഡിയോളയുടെ ടീം യൂറോപ്പിന്റെ അധിപന്മാരായി. ഇംഗ്ലണ്ടില്‍ നിന്ന് ഹാട്രിക് കിരീടം നേടിയ ഏക ടീമെന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റെക്കോര്‍ഡിനൊപ്പമെത്തി അവര്‍. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗും എഫ്.എ കപ്പും നേടിയതിനു പിന്നാലെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിലും അവര്‍ വെന്നിക്കൊടി നാട്ടി.
മാസ്മരികമായിരുന്നു സിറ്റിയുടെ ഈ സീസണ്‍. പക്ഷെ ഇസ്താംബൂളിലെ ഫൈനല്‍ പ്രതീക്ഷിച്ചതു പോലെ മധുരമായില്ല. ഇന്റര്‍ മിലാന്‍ എന്ന ഇറ്റാലിയന്‍ ലീഗിലെ ഈ സീസണിലെ മൂന്നാം സ്ഥാനക്കാരെ തോല്‍പിക്കാന്‍ അവര്‍ക്ക് വല്ലാതെ വിഷമിക്കേണ്ടി വന്നു. അറുപത്തെട്ടാം മിനിറ്റില്‍ റോഡ്രിയുടെ ഫിനിഷിംഗ് പാടവം വേണ്ടി വന്നു അവര്‍ക്ക് കളി ജയിക്കാന്‍. മറുപടി ഗോള്‍ കണ്ടെത്താനും കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടാനും ഇന്റര്‍ ആവുന്നതെല്ലാം ചെയ്തു. ഗോള്‍കീപ്പര്‍ എഡേഴ്‌സന്റെ രണ്ട് സൂപ്പര്‍ സെയ്‌വുകള്‍ വേണ്ടി വന്നു ആ മുന്നേറ്റം തടുക്കാന്‍. ഫൈനല്‍ വിസില്‍ മുഴങ്ങിയതും സിറ്റി കളിക്കാര്‍ ആഹ്ലാദത്താല്‍ ചാടിയെഴുന്നേറ്റു. അതാതുര്‍ക്ക് ഒളിംപിയത് സ്റ്റേഡിയത്തിലെ ആരാധകര്‍ക്കു നേരെ പാഞ്ഞടുത്തു. 2008 ല്‍ ക്ലബ്ബ് ഏറ്റെടുത്ത ശെയ്ഖ് മന്‍സൂറിന്റെ പേര് സിറ്റി ആരാധകര്‍ ആര്‍ത്തു വിളിച്ചു. 2016 ല്‍ ചുമതലയേറ്റ ഗാഡിയോള സിറ്റിക്ക് നേടിക്കൊടുക്കുന്ന പതിമൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ട്രോഫിയാണ് ഇത്. 
1970 ലെ യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പായിരുന്നു സിറ്റി ഇതിനു മുമ്പ് നേടിയ ഏക യൂറോപ്യന്‍ കിരീടം. ഇന്ററാവട്ടെ നാലാം തവണയാണ് യൂറോപ്യന്‍ ചാമ്പ്യന്മാരാവാന്‍ ശ്രമിച്ചത്. ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ ഉരുക്കു കവചം തീര്‍ത്ത് അവര്‍ സിറ്റിയെ ശ്വാസം മുട്ടിച്ചു. ആദ്യ പകുതിയില്‍ കെവിന്‍ ഡിബ്രൂയ്‌നെ പരിക്കേറ്റ് പിന്‍വാങ്ങിയത് സിറ്റിയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചു. രണ്ടു വര്‍ഷം മുമ്പ് സിറ്റി ആദ്യമായി ചെല്‍സിക്കെതിരെ ഫൈനല്‍ കളിച്ചപ്പോഴും ഡിബ്രൂയ്‌നെക്ക് കളി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. എര്‍ലിംഗ് ഹാളന്റ് ഇന്ററിന്റെ പ്രതിരോധദുര്‍ഗത്തില്‍ ഒറ്റപ്പെട്ടു. ഇന്റര്‍ മധ്യനിര തളരാതെ പൊരുതി. മാറ്റിയൊ ദര്‍മിയാനും ഫ്രാഞ്ചെസ്‌കൊ അസര്‍ബിയും അലസാന്ദ്രൊ ബസ്റ്റോണിയുമടങ്ങുന്ന പിന്‍നിര വന്‍മതിലായി നിന്നു. ഹാളന്റിന്റെ ഒരു ശ്രമം ആന്ദ്രെ ഒനാന ഉജ്വലമായി രക്ഷപ്പെടുത്തി. മുപ്പത്താറാം മിനിറ്റില്‍ ഡിബ്രൂയ്‌നെക്ക് പരിക്കേറ്റതോടെ ടച്ച്‌ലൈനില്‍  ഗാഡിയോള അസ്വസ്ഥനായി. ഇന്റര്‍ ആരാധകര്‍ക്ക് ക്രമേണ ആവേശം വര്‍ധിച്ചു. ഒടുവില്‍ ബെര്‍ണാഡൊ സില്‍വയാണ് ഗോളിലേക്ക് വഴി തുറന്നത്. നീലയും കറപ്പും ആള്‍ക്കൂട്ടത്തിനിടയില്‍ അല്‍പം ഇടം കണ്ടെത്തിയ സില്‍വ പിന്നില്‍ റോഡ്രിയിലേക്ക് പന്ത് മറിച്ചു. ഒന്ന് ടച്ച് ചെയ്ത ശേഷം റോഡ്രി പന്ത് വലയിലേക്ക് പറത്തി. 
ഇന്റര്‍ വിട്ടുകൊടുത്തില്ല. ഫെഡറിക്കൊ ഡിമാര്‍ക്കോയുടെ ഹെഡര്‍ ഗോളിയെ കീഴടക്കിയ ശേഷം ക്രോസ്ബാറിനിടിച്ചു. ഫോളോഅപ് ഹെഡര്‍ റൊമേലു ലുകാകുവിന്റെ ശരീരത്തില്‍ തട്ടി മടങ്ങി. ഗോള്‍മുഖത്തു നിന്നുള്ള ലുകാകുവിന്റെ മറ്റൊരു ഹെഡര്‍ എഡേഴ്‌സന്റെ  കാല്‍മുട്ടില്‍ തട്ടി അദ്ഭുതകരമായി വഴിയൊഴിഞ്ഞു. അസര്‍ബിയുടെ ഷോട്ടും ബ്രസീലുകാരന്‍ രക്ഷപ്പെടുത്തി. ഇത്  സിറ്റിയുടെ അന്തമില്ലാത്ത രാവായിരുന്നു. അവരാണ് പുലരും വരെ ആഘോഷിച്ചത്. 2010 ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ ഇന്റര്‍ ധീരമായ പോരാട്ടത്തിനു  ശേഷം തലതാഴ്ത്തി മടങ്ങി. 
 

Latest News