Sorry, you need to enable JavaScript to visit this website.

ഒരു രാത്രി മാറ്റിവെക്കാം, മുറിച്ചുമാറ്റാനാവാത്ത ചങ്ങാത്തം

മുൾമുനയിൽ.. ബ്രസീൽ ഡിഫന്റർ തിയാഗൊ സിൽവ പരിശീലനത്തിൽ

മോസ്‌കൊ - ബെൽജിയം ചെറിയ രാജ്യമാണ്. ഏതാനും മണിക്കൂറുകൾ കൊണ്ട് രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താം. അതുകൊണ്ടാണോ എന്നറിയില്ല ബെൽജിയംകാർ സഞ്ചാര പ്രിയരാണ്. അവരുടെ കളിക്കാരും സഞ്ചാര പ്രിയരാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെ ബെൽജിയം നേരിട്ടപ്പോൾ എതിർവശത്ത് നിറയെ സുഹൃത്തുക്കളായിരുന്നു. ഇന്ന് ബ്രസീലിനെ നേരിടുമ്പോഴും അതായിരിക്കും അവസ്ഥ. 
യൂറോപ്പിലെ അഞ്ച് മുൻനിര ക്ലബ്ബിലും ബ്രസീൽ, ബെൽജിയം കളിക്കാർ ഏറെയുണ്ട്. ഇന്ന് കളിക്കളത്തിലുള്ള ആറ് പേർ മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുമിച്ച് കളിക്കുന്നവരാണ്. ഒരുവശത്ത് കെവിൻ ഡിബ്രൂയ്‌നെയും വിൻസന്റ് കോമ്പനിയും. മറുവശത്ത് ഗബ്രിയേൽ ജെസ്യൂസ്, ഫെർണാണ്ടിഞ്ഞൊ, ഡാനിലൊ, എഡേഴ്‌സൻ എന്നിവർ. കൂട്ടുകാരോട് ഒരുപാട് ഇഷ്ടമാണെങ്കിലും ഹസ്തദാനം കഴിഞ്ഞാൽ സൗഹൃദത്തെ പടിക്കു പുറത്ത് നിർത്തുമെന്ന് കോമ്പനി പറയുന്നു. കോമ്പനിയിൽ നിന്ന് ഡിബ്രൂയ്‌നെ വഴി റൊമേലു ലുകാകുവിലേക്ക് പന്ത് ഒഴുകുന്നത് തടയുകയായിരിക്കും ഫെർണാണ്ടിഞ്ഞോയുടെ ജോലി.
പാരിസ് സെയ്ന്റ് ജർമാനിൽ നെയ്മാറും തോമസ് മൂനീറും ഒരുമിച്ചാണ് കളിക്കുന്നത്. ഇന്ന് നെയ്മാറിനെ തടയേണ്ട ജോലി മൂനീറിനായിരിക്കും. താൻ ഒരുമിച്ചോ എതിരായോ കളിച്ചവരിൽ ഏറ്റവും മികച്ച കളിക്കാരനാണ് നെയ്മാറെന്ന് മൂനീർ കരുതുന്നു. പക്ഷേ ഞാൻ പരമാവധി പൊരുതും. അയാളെ തടയാൻ സാധിക്കുമെന്ന് എനിക്കറിയാം, അത് ഏറെ കടുപ്പമായിരിക്കുമെന്നും -മൂനീർ പറഞ്ഞു. ബാഴ്‌സലോണയെ 4-0 ന് പി.എസ്.ജി ചാമ്പ്യൻസ് ലീഗിൽ തോൽപിച്ചപ്പോൾ നെയ്മാർ ബാഴ്‌സലോണയിലും മൂനീർ പി.എസ്.ജിയിലുമായിരുന്നു. മൂനീറിനൊപ്പം പി.എസ്.ജിയിൽ കളിക്കുന്ന തിയാഗൊ സിൽവ, മാർക്വിഞ്ഞോസ് എന്നിവരും ബ്രസീൽ ടീമിലുണ്ട്. 
ബ്രസീലിന്റെ ചെൽസി താരം വില്യന്റെ ക്ലബ് സുഹൃത്തുക്കളാണ് ബെൽജിയം കളിക്കാരായ തിബൊ കോർട്‌വ, മിച്ചി ബാറ്റ്ഷുവായ്, എഡൻ ഹസാഡ് എന്നിവർ. ഫൈനലിൽ ഏറ്റുമുട്ടണമെന്നതായിരുന്നു തങ്ങളുടെ സ്വപ്‌നമെന്ന് ഹസാഡ് പറയുന്നു. വില്യനും ഹസാഡും കളത്തിലും പുറത്തും സുഹൃത്തുക്കളാണ്. അവരുടെ കളിയിലെ സാമ്യതയാണ് അതിന്റെ കാരണങ്ങളിലൊന്ന്. ബെൽജിയംകാരനായ സൈമൺ മിനോലെറ്റ് ലിവർപൂളിൽ ബ്രസീലിന്റെ റോബർടൊ ഫിർമിനോയുടെ സുഹൃത്താണ്. 
ഫിർമിനോയുടെ ആക്രമണങ്ങളും ഷോട്ടുകളുമൊക്കെ എങ്ങനെയായിരിക്കുമെന്ന് മറ്റാരെക്കാളും നന്നായി മിനോലെറ്റിനറിയാം. 
ബെൽജിയം ഡിഫന്റർ തോമസ് വെർമയ്‌ലന് ബ്രസീൽ ടീമിൽ രണ്ട് സുഹൃത്തുക്കളുണ്ട്. ബാഴ്‌സലോണയിൽ ഒപ്പം കളിക്കുന്ന പൗളിഞ്ഞോയും ഫെലിപ്പെ കൗടിഞ്ഞോയും. 
 

Latest News