ത്രില്ലറായി ഫൈനല്‍, മുചോവക്ക് കണ്ണീര്‍

പാരിസ് - ജയസാധ്യതകള്‍ മാറിമറിഞ്ഞ ആവേശകരമായ ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ വനിതാ ഫൈനലില്‍ ഈഗ ഷ്വിയോന്‍ടെക് കിരീടം നിലനിര്‍ത്തി. ത്രസിപ്പിക്കുന്ന മൂന്നു സെറ്റ് പോരാട്ടത്തില്‍ സീഡില്ലാ താരം കരൊലൈന മുചോവയെ ടോപ് സീഡ് തോല്‍പിച്ചു. ആദ്യ സെറ്റ് അനായാസം നേടുകയും രണ്ടാം സെറ്റില്‍ 3-0 ന് മുന്നിലെത്തുകയും ചെയ്തപ്പോള്‍ ഇരുപത്തിരണ്ടുകാരി മിന്നല്‍വേഗത്തില്‍ കിരീടം ചൂടുമെന്നാണ് കരുതിയത്. പിന്നീട് വീരോചിതം പൊരുതിയ മുചോവ 7-5 ന് രണ്ടാം സെറ്റ് സ്വന്തമാക്കി. നിര്‍ണായക സെറ്റില്‍ തുടക്കത്തില്‍ തന്നെ ബ്രെയ്ക് ചെയ്ത ചെക് റിപ്പബ്ലിക്കുകാരി മേല്‍ക്കൈ നേടി. 4-3 വരെ മുചോവ മുന്നിലായിരുന്നു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഈഗ തിരിച്ചുവന്നു. 6-2, 5-7, 6-4 ന് മത്സരം ജയിച്ചു. നാലു സീസണിനിടെ മൂന്നാം തവണയാണ് ഈഗ റോളാങ്ഗാരോയില്‍ കിരീടമുയര്‍ത്തുന്നത്. 2007 ല്‍ ജസ്റ്റിന്‍ ഹെനാനാണ് അവസാനമായി ഫ്രഞ്ച് ഓപണ്‍ കിരീടം നിലനിര്‍ത്തിയത്. 
ഫൈനലിലെത്തിയ ആദ്യ നാല് ഗ്രാന്റ്സ്ലാമുകളിലും ഈഗ ചാമ്പ്യനായി. 2022 ല്‍ യു.എസ് ഓപണും ഈഗ ജയിച്ചിരുന്നു. മോണിക്ക സെലസിനും നൊവോമി ഒസാക്കക്കും മാത്രമേ ഇതുപോലെ  ആദ്യ നാല് ഗ്രാന്റ്സ്ലാം ഫൈനലും ജയിക്കാനായിട്ടുള്ളൂ. അഞ്ചു തവണ ഫ്രഞ്ച് ഓപണ്‍ കളിച്ച ഈഗ രണ്ടു മത്സരങ്ങളേ തോറ്റിട്ടുള്ളൂ. 28 കളികള്‍ ജയിച്ചു. പത്തൊമ്പതാം വയസ്സില്‍ ഇവിടെ ആദ്യമായി ചാമ്പ്യനാവുമ്പോള്‍ ഈഗ 54ാം റാങ്കായിരുന്നു. 
നാല്‍പത്തിമൂന്നാം റാങ്കുകാരിയായ മുചോവക്ക് ഇത് ആദ്യ ഗ്രാന്റ്സ്ലാം ഫൈനലാണ്. എന്നാല്‍ കരിയറില്‍ അഞ്ചു തവണ ആദ്യ മൂന്നു റാങ്കുകാരികളെ നേരിട്ടപ്പോഴും മുചോവ ജയിച്ചിരുന്നു. അതില്‍ അവസാനത്തേത് ലോക രണ്ടാം നമ്പര്‍ അരീന സബലെങ്കക്കെതിരായ കഴിഞ്ഞ കളിയിലായിരുന്നു. 


 

Latest News