മലപ്പുറം- നെയ്മാറുടെ മുഖത്ത് യുവത്വത്തിന്റെ പ്രസരിപ്പ്. മെസ്സിയുടെ മുഖത്ത് അനുഭവസമ്പത്തിന്റെ ശാന്തത. കരുത്തിന്റെ പേശിബലവുമായി ക്രിസ്റ്റ്യാനോ റെണാൾഡോയുടെ ആക്രോശം... ഈ വർണ്ണവരകളിൽ എല്ലാം വ്യക്തമായി പ്രതിഫലിക്കുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാർട്ടൂണിസ്റ്റുകളുടെ ഭാവനയിൽ വിടർന്ന ലോക ഫുട്ബാളിലെ താരങ്ങൾ കാൻവാസിൽ ജ്വലിക്കുന്നു. മലപ്പുറത്ത് നടക്കുന്ന ലോകകപ്പ് കാരിക്കേച്ചർ പ്രദർശനം ചിത്രകലയിലെ പുതുവഴികളുടെ വിസ്മയക്കാഴ്ചയാകുകയാണ്.
മലയാളം ന്യൂസിന്റെ താളുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നിഷാന്തിന്റെ വരകളും ജിദ്ദയിലെ പ്രവാസി മലയാളികൾക്ക് സുപരിചിതനായ ഉസ്മാൻ ഇരുമ്പുഴിയുടെ കാരിക്കേച്ചറുകളും കൂട്ടത്തിലുണ്ട്.
മലപ്പുറം പ്രസ്‌ക്ലബ്ബും കാർട്ടൂണിസ്റ്റുകളുടെ ഓൺലൈൻ കൂട്ടായ്മയും ചേർന്നാണ് റഷ്യൻ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം പ്രസ്‌ക്ലബ്ബ് ബിൽഡിംഗിൽ കാരികേച്ചർ പ്രദർശനമൊരുക്കിയത്. ലോകകപ്പ് കഴിയുന്നതു വരെ പ്രദർശനവുമുണ്ട്.
ലോകഫുട്ബാളിലെ ഇതിഹാസ താരങ്ങൾ കാരിക്കേച്ചറുകളിൽ നിറഞ്ഞു നിൽക്കുന്നു. മുൻകാല താരങ്ങളായ ഡിയേഗോ മറഡോണ മുതൽ യുവതലമുറയുടെ ആരാധനാ പാത്രങ്ങളായ നെയ്മാറും മെസ്സിയും റെണാൾഡോയുമൊക്കെ പല വർണങ്ങളിൽ കാണികൾക്ക് മുന്നിലെത്തുകയാണ്. ഫുട്ബാൾ പ്രേമികളെ പ്രതിഭാ സ്പർശം കൊണ്ട് അമ്പരപ്പിച്ച ലോക താരങ്ങളായ റൂഡ് ഗുളളിറ്റ്, കാർലോസ് വാൾഡറമ, ബാറ്റിസ്റ്റ്യൂട്ട, റൊണാൾഡീഞ്ഞോ, സെർജിയോ റാമോസ്, ഡിയേഗോ കോസ്റ്റ, ആന്ദ്രെ പിർലോ, ഗോൾകീപ്പർ റെനെ ഹിഗ്വിറ്റ, ഇന്ത്യൻ താരങ്ങളായ ബൈചൂങ്ങ് ബൂട്ടിയ, സുനിൽ ഛേത്രി തുടങ്ങിയ താരങ്ങളാണ് പ്രദർശന ചിത്രങ്ങളിലുള്ളത്.
വിവിധ ജില്ലകളിലായി കാർട്ടൂൺ, കാരികേച്ചർ രംഗങ്ങളിൽ സജീവ സാന്നിധ്യമായ പത്തിലേറെ ചിത്രകാരൻമാരാണ് പ്രദർശനമൊരുക്കിയത്. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന പ്രമുഖ കാർട്ടൂണിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി, ബഷീർ കീഴിശേരി, ബാദുഷ,ഗിരീഷ്, നവാസ്, അർജുൻ, നൗഷാദ്, ദിനേശ് സാലി, ഡോ.കെ.സുനിൽ, ജോഷി ജോസ്, ഷഹനാസ് തുടങ്ങി നിരവധി ചിത്രകാരൻമാരുടെ കലാവൈഭവം പ്രദർശനത്തിൽ പ്രകടമാണ്.
ഫുട്ബാളും ചിത്രകലയും തമ്മിലുള്ള ആത്മബന്ധമാണ് പ്രദർശനത്തിൽ തെളിഞ്ഞു നിൽക്കുന്നത്.