ഇസ്താംബൂളില്‍ ഇന്ററോ സിറ്റിയോ?

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍
മാഞ്ച.സിറ്റി x ഇന്റര്‍ മിലാന്‍
ശനി രാത്രി 10.00

ഇസ്താംബൂള്‍ - ലോകകപ്പിനു ശേഷം ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ക്ലബ്ബെന്ന് നിസ്സംശയം പറയാവുന്ന മാഞ്ചസ്റ്റര്‍ സിറ്റി ചരിത്ര നേട്ടത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ ഇസ്താംബൂളില്‍ ബൂട്ട് കെട്ടുന്നു. സിറ്റിയുടെ ഹാട്രിക് മോഹം തകര്‍ക്കാനും പുത്തന്‍ പണക്കാര്‍ക്കു മുന്നില്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ആഢ്യന്മാരുടെ പെരുമ നിലനിര്‍ത്താനുമാണ് ഇന്റര്‍ മിലാന്‍ കച്ച മുറുക്കുന്നത്. ഇസ്താംബൂളിലെ അതാതുര്‍ക്ക് ഒളിംപിയത് സ്റ്റേഡിയത്തില്‍ സിറ്റി കീഴടക്കാനൊരുങ്ങുന്നത് യൂറോപ്യന്‍ ഫുട്‌ബോളിലെ അവസാന തീരമാണ്. അബുദാബി ഉടമകള്‍ ഏറ്റെടുത്ത ശേഷം 15 വര്‍ഷമായി സിറ്റി പ്രയത്‌നിക്കുന്നത് ഈ ഒരു കളിയിലെ വിജയത്തിനാണ്. അതിനാണ് അവര്‍ പണമൊഴുക്കിയതും ഈ തലമുറയിലെ മികച്ച കോച്ചിനെയും കളിക്കാരെയും മാഞ്ചസ്റ്ററിലേക്ക് കൊണ്ടുവന്നതും. ഇതുവരെ ബിഗ് സ്‌റ്റെയ്ജില്‍ സിറ്റിക്ക് കാലിടറുകയായിരുന്നു. ഈ സീസണില്‍ സിറ്റി മറ്റൊരു നിലവാരത്തിലാണ്. പ്രീമിയര്‍ ലീഗും എഫ്.എ കപ്പും നേടിയ അവര്‍ ബയേണ്‍ മ്യൂണിക്കിനെയും റയല്‍ മഡ്രീഡിനെയുമൊക്കെ കീഴടക്കിയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയത്. കഴിഞ്ഞ 27 കളികളില്‍ സിറ്റി പരാജയപ്പെട്ടിട്ടില്ല. 
ഇന്ററാവട്ടെ ഇറ്റാലിയന്‍ ലീഗിലെ മൂന്നാമത്തെ മാത്രം മികച്ച ടീമാണ്. സിറ്റിയെ ഫൈനലില്‍ കീഴടക്കിയാല്‍ അത് സമീപകാലത്തെ മഹാദ്ഭുതമാവും. ബാഴ്‌സലോണയെ മറികടന്നാണ് ഇന്റര്‍ ഗ്രൂപ്പില്‍ നിന്ന് മുന്നേറിയത്. 2011 മുതല്‍ 2016 വരെ സിറ്റിക്കു കളിച്ച ബോസ്‌നിയന്‍ ഫോര്‍വേഡ് എഡിന്‍ സെക്കോയാണ് ഇപ്പോള്‍ ഇന്ററിന്റെ തുരുപ്പുചീട്ട്. ലൗതാരൊ മാര്‍ടിനേസിന് പറ്റിയ കൂട്ടാണ് സെക്കൊ. സിറ്റിയുടേതു പോലെ സൂപ്പര്‍സ്റ്റാറുകള്‍ ഇന്ററിന് ഇല്ല. എന്നാല്‍ അവരുടെ പ്രതിരോധം എണ്ണയിട്ടു മിനുക്കിയതാണ്. വിംഗ്ബാക്കുകള്‍ അപകടകാരികളാണ്. നിക്കോളൊ ബരേയ നയിക്കുന്ന മധ്യനിര കഠിനാധ്വാനികളാണ്. 
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ആറു സീസണിനിടെ അഞ്ചു തവണ സിറ്റി ചാമ്പ്യന്മാരായി. ചാമ്പ്യന്‍സ് ലീഗിലും സിറ്റിയുടെ പ്രതാപകാലത്തിന്റെ തുടക്കമായേക്കാം ഇതെന്ന് കരുതുന്നവരേറെ. 2011 ല്‍ എഫ്.എ കപ്പ് നേടിയ ശേഷം 12 വര്‍ഷത്തിനിടെ 15 ട്രോഫികളാണ് സിറ്റി ഉയര്‍ത്തിയത്. എന്നാല്‍ ഇതുവരെ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്താന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. ഒരു തവണയേ ഫൈനലില്‍ പോലുമെത്തിയിട്ടുള്ളൂ. 
മൂന്നാമത്തെ ശ്രമത്തിലാണ് ഇസ്താംബൂള്‍ ഫൈനലിന് ഒരുങ്ങുന്നത്. 2021 ലും 2022 ലും അവിടെ ഫൈനല്‍ നിശ്ചയിച്ചെങ്കിലും കൊറോണ കാരണം രണ്ടു തവണയും പോര്‍ചുഗലിലേക്ക് മാറ്റി. 



 

Latest News