നാനൂറിന് മേലെ ലക്ഷ്യം  ഇന്ത്യക്ക് പ്രയാസമാവും

ലണ്ടന്‍ - ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഓസ്‌ട്രേലിയ സുരക്ഷിതത്വത്തിലേക്ക്. രണ്ടു ദിവസവും ആറു വിക്കറ്റും ശേഷിക്കെ അവരുടെ ലീഡ് മുന്നൂറിനോടടുക്കുകയാണ്. അഞ്ചിന് 151 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയെ 296 ന് പുറത്താക്കിയ അവര്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റിന് 123 റണ്‍സിലെത്തി. 
ഒരുപാട് തവണ ഭാഗ്യം കടാക്ഷിച്ചിട്ടാണെങ്കിലും അജിന്‍ക്യ രഹാനെയും (89) ശാര്‍ദുല്‍ താക്കൂറും (51) പൊരുതിനിന്നതിനാലാണ് ഓസീസിന്റെ ഇന്നിംഗ്‌സ് ലീഡ് 173 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചത്. പിന്നീട് ഓപണര്‍മാരെ എളുപ്പം നഷ്ടപ്പെട്ടെങ്കിലും ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു. 296 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്. ഈ പിച്ചില്‍ നാനൂറിന് മേല്‍ ലക്ഷ്യം മറികടക്കുക ഇന്ത്യക്ക് പ്രയാസമായിരിക്കും. 
മാര്‍നസ് ലാബുഷൈനും (41 നോട്ടൗട്ട്) കാമറൂണ്‍ ഗ്രീനുമാണ് (7 നോട്ടൗട്ട്) പൊരുതി നില്‍ക്കുന്നത്. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചൂറിയന്മാരായ സ്റ്റീവ് സ്മിത്തും (34) ട്രാവിസ് ഹെഡും (18) പുറത്തായി. രവീന്ദ്ര ജദേജയാണ് ഇരുവരെയും പുറത്താക്കിയത്. 
അഞ്ചിന് 151 ല്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യക്ക് രണ്ടാമത്തെ പന്തില്‍ തന്നെ ശ്രീകര്‍ ഭരതിനെ (5) നഷ്ടപ്പെട്ടിരുന്നു. സ്‌കോട് ബോളന്റ് വിക്കറ്റ് കീപ്പറുടെ സ്റ്റമ്പ് തെറിപ്പിച്ചു. നാലു വിക്കറ്റ് ശേഷിക്കെ ഇന്ത്യ അപ്പോള്‍ 317 റണ്‍സിന് പിന്നിലായിരുന്നു. എന്നാല്‍ ഭാഗ്യവും ഒപ്പം മികച്ച സ്‌ട്രോക്ക്‌പ്ലേയും മുതലാക്കി രഹാനെയും ശാര്‍ദുലും മുന്നേറി. ശാര്‍ദുലിനെ നേരിട്ട ആദ്യ പന്തിലും രണ്ടക്കത്തിലെത്തും മുമ്പെയും ഫീല്‍ഡര്‍മാര്‍ കൈവിട്ടു. മറ്റൊരിക്കല്‍ കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതായിരുന്നു. റിവ്യൂവിനെത്തുടര്‍ന്ന് വീഡിയൊ പരിശോധിച്ചപ്പോള്‍ പന്ത് നോബോളാണെന്ന് മനസ്സിലായി. രണ്ടാം ദിനം 17 ലുള്ളപ്പോള്‍ ഇതേ ബൗളറുടെ ഇതേ രീതിയിലുള്ള നോബോളില്‍ രഹാനെയും രക്ഷപ്പെട്ടിരുന്നു. ലഞ്ചിന് മുമ്പ് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ രഹാനെയും ശാര്‍ദുലും പൊരുതി. കമിന്‍സിനെ സിക്‌സറിനുയര്‍ത്തി 92 പന്തില്‍ രഹാനെ അര്‍ധ ശതകം പിന്നിട്ടു. 72 ലുള്ളപ്പോള്‍ കമിന്‍സിന്റെ തന്നെ പന്തില്‍ രഹാനെയെ വിക്കറ്റ്കീപ്പര്‍ കൈവിട്ടു. ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കുകയും ചെയ്തു. ഇരുവരും 22 ഓവറില്‍ 109 റണ്‍സ് ചേര്‍ത്തു. ലഞ്ചിനു ശേഷം ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ രഹാനെയെ കമിന്‍സിന്റെ ബൗളിംഗില്‍ ഗള്ളിയില്‍ കാമറൂണ്‍ ഗ്രീന്‍ പറന്നു പിടിച്ചു. 108 പന്തില്‍ അര്‍ധ ശതകം തികച്ചതിനു പിന്നാലെ ശാര്‍ദുലും വീണു. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്കിനും ബോളന്റിനും രണ്ടു വീതവും വിക്കറ്റ് ലഭിച്ചു. 
രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സെടുക്കുമ്പോഴേക്കും ഡേവിഡ് വാണറെ ഓസീസിന് നഷ്ടപ്പെട്ടു. മുഹമ്മദ് സിറാജാണ് ഓപണറെ (1) കീപ്പറുടെ കൈയിലെത്തിച്ചത്. പ്രവചനാതീത ബൗണ്‍സുള്ള പിച്ചില്‍ ലാബുഷൈന്റെ ഗ്ലൗസില്‍ പലതവണ പന്ത് കൊണ്ടു. എന്നാല്‍ ഉസ്മാന്‍ ഖ്വാജയാണ് (13) പുറത്തായത്, ഉമേഷ് യാദവിന്റെ ബൗളിംഗില്‍.
 

Latest News