ഭുവനേശ്വര്‍ -ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മംഗോളിയക്കെതിരെ ഇന്ത്യ മുന്നില്‍. മലയാളി താരം സഹല്‍ അബ്ദുല്‍സമദാണ് രണ്ടാം മിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്തത്. അനിരുദ്ധ് ഥാപ്പ വലതു വിംഗില്‍ നിന്ന് നിലംപറ്റെ പായിച്ച ക്രോസ് മംഗോളിയ ഗോളി എന്‍ഖ്തയവന് നിയന്ത്രണത്തിലൊതുക്കാനായില്ല. റീബൗണ്ടില്‍ സഹല്‍ വല കുലുക്കി. പതിനാലാം മിനിറ്റില്‍ ലാലിന്‍സുവാല ചാംഗ്‌ടെയിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. കോര്‍ണറില്‍ നിന്ന് സന്ദേശ് ജിംഗന്റെ ഹെഡര്‍ മംഗോളിയ തടുത്തിട്ടപ്പോള്‍ ചാംഗ്‌ടെ ചാടിവീഴുകയായിരുന്നു.
ഉദ്ഘാടന മത്സരത്തില്‍ ലെബനോന്‍ 3-1 ന് വനുവതുവിനെ തകര്‍ത്തു. രണ്ട് ഗോളിന് വഴിയൊരുക്കിയത് ലെബനോന്‍ ക്യാപ്റ്റന്‍ ഹസന്‍ മഅ്തൂഖായിരുന്നു. ടൂര്‍ണമെന്റിലെ ഉയര്‍ന്ന റാങ്കുള്ള ടീമാണ് ലെബനോന്‍.






