വിശ്വന്റെ ചോക്കുപെട്ടിയും തറയിൽ കുടുംബത്തിന്റെ റോഡും

നിർമിച്ച റോഡ് വിവിധ ഭാഗങ്ങളിലൂടെ
തറയിൽ മൂസ ഹാജി സ്മാരക റോഡ് നിർമാണത്തിന് നേതൃത്വം നൽകിയ മൂസ ഹാജിയുടെ മക്കളായ ബഷീറിന്റെയും മുസ്തഫയുടെയും കൂടെ ജനപ്രതിനിധികൾ
മൂസ ഹാജി
ചോക്കുപെട്ടി പ്രധാന അധ്യാപകൻ സലാഹുദ്ദീനെ വിശ്വൻ ഏൽപിക്കുന്നു.

അണ്ണാറക്കണ്ണനും തന്നാലയത് എന്നാണല്ലോ. ഈ പഴമൊഴിയെ ഈ കാലത്തോടും ചേർത്തുവെക്കുന്ന കാഴ്ചകളിലൊന്നാണ് വിശ്വന്റെ ചോക്കുപെട്ടിയും തറയിൽ കുടുംബത്തിന്റെ റോഡും. നന്മ മനസ്സുകളുടെ കൂടിച്ചേരലുകൾ ഈ റോഡിലൂടെ വളഞ്ഞും പുളഞ്ഞുമൊഴുകുന്നു. 

താൻ അക്ഷരങ്ങൾ പഠിച്ചു വളർന്ന പള്ളിക്കൂടത്തിൽ എല്ലാ വർഷവും ജൂൺ ഒന്നിന് വിശ്വനെത്തും, ഔപചാരിതകളുടെ പരിവേഷമില്ലാതെ പതിവ് തെറ്റാതെ  ചോക്കുപെട്ടിയുമായി. പഠിച്ച് ഉന്നതങ്ങളിലെത്തിയാൽ പ്രാഥമിക കലാലയങ്ങളെയും ഗുരുനാഥന്മാരെയും മറക്കുന്നവർക്ക് മാതൃകയാണ് വിശ്വൻ. തന്റെ കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിൽ നിന്ന് കിട്ടുന്ന തുഛമായ വരുമാനത്തിലെ ഒരു വിഹിതം ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടത്തിനായി മാറ്റിവെക്കുന്ന നന്മ മനസ്സ്. രാമപുരം എ.എച്ച് എൽ.പി സ്‌കൂളിലെ പ്രവേശനോൽസവത്തിന് ചോക്കുപെട്ടിയുമായി മടത്തിൽ തൊടി വിശ്വൻ ഈ വർഷവുമെത്തി. അര നൂറ്റാണ്ട് മുമ്പ് അക്ഷരം പഠിച്ച മാതൃവിദ്യാലയത്തോടുള്ള കടപ്പാട് എല്ലാ വർഷവും ചോക്കുപെട്ടിയിലൂടെ കുറിച്ചിട്ട് അധ്യാപകനെ ഏൽപിച്ച് വിശ്വൻ മടങ്ങും.

തറയിൽ കുടുംബത്തിന്റെ റോഡ്

ഒരിഞ്ച് ഭൂമി വഴിക്കോ പൊതുആവശ്യത്തിനോ വിട്ടുകിട്ടുന്നതിന് വേണ്ടി കോടതി കയറുകയും വ്യവഹാര തർക്കവുമായി കുടുംബങ്ങളും അയവാസികളും തമ്മിൽ കലഹിക്കുന്ന കാലത്ത് മക്കരപ്പറമ്പിലെ തറയിൽ മൂസ ഹാജിയുടെ കുടുംബം നാടിനു മാതൃകയായിരിയിക്കുകയാണ്. മലപ്പുറം - പെരിന്തൽമണ്ണ ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്നതിന് വേണ്ടി റിംഗ് റോഡ് നിർമിച്ച് നൽകിയാണ് കുടുംബം  മാതൃകയായത്. ഒരു സെന്റ് ഭൂമിക്ക് ഇരുപത് ലക്ഷത്തോളം രൂപ മൂല്യമുള്ള സ്ഥലം. പത്ത് കോടിയോളം രൂപ വിലമതിക്കുന്ന നാൽപത്തിയെട്ട് സെന്റ് സ്ഥലം സൗജന്യമായാണ് റോഡിന് നീക്കിവെച്ച് സ്വന്തം ചെലവിൽ തന്നെ  ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. മക്കരപ്പറമ്പിലെ വർഷങ്ങളായുള്ള ഗതാഗത തടസ്സത്തിന് ഇത് ഏറെക്കുറെ പരിഹാരമാകും. കുറുവ റോഡിലൂടെ ടൗണിലേക്കെത്തുന്ന റിംഗ് റോഡാണ് കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചത്. മക്കരപ്പറമ്പിലെ പഴയകാല വ്യാപാരി തറയിൽ മൂസ ഹാജിയുടെ മക്കളാണ് മാതൃകക്ക് നേതൃത്വം നൽകിയത്. മൂസ ഹാജിയുടെ സഹോദരൻ തറയിൽ അബു ഹാജിയാണ് റോഡ് നാടിന് സമർപ്പിച്ചത്.  

 

Latest News