പാരിസ് - ഫ്രഞ്ച് ഓപ ടെന്നിസിന്റെ വനിതാ ഡബ്ള്‍സില്‍ ബോള്‍ ഗേളിനു നേരെ അബദ്ധത്തില്‍ പന്തടിച്ചതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ട ജാപ്പനീസ് കളിക്കാരി മിയു കാറ്റോവിന് മിക്സഡ് ഡബ്ള്‍സില്‍ മധുരപ്രതികാരം. ബിയാങ്ക ആന്ദ്രിയസ്ക്യു-മിഷേല്‍ വീനസ് ജോഡിയെ 4-6, 6-4, 10-6 ന് ഫൈനലില്‍ തോല്പിച്ച് കാറ്റോയും ജര്‍മന്‍ കൂട്ടാളി ടിം പുയറ്റ്സും മിക്സഡ് കിരീടമുയര്‍ത്തി.
ഇരുപത്തെട്ടുകാരി കാറ്റോയും ഇന്തോനേഷ്യന്‍ കൂട്ടാളി ആല്ദില സുത്യാദിയും അയോഗ്യയാക്കപ്പെട്ടത് ടൂര്‍ണമെന്റിനെ പിടിച്ചുലച്ചിരുന്നു. അബദ്ധത്തില്‍ കാറ്റൊ അടിച്ച പന്ത് കൊണ്ട് ബോള്‍ ഗേള്‍ വിതുമ്പിയതാണ് തുടക്കം. ചെയര്‍ അമ്പയര്‍ അവരെ താക്കീത് ചെയ്തു. എന്നാല്‍ എതിരാളികളായ മേരി ബൂസ്കോവയും സാറ സോറിബസും പ്രതിഷേധിച്ചതോടെ കാറ്റൊ-സുത്യാദി കൂട്ടുകെട്ടിനെ മത്സരത്തില്‍ നിന്ന് പുറത്താക്കേണ്ടി വന്നു. കാറ്റോക്ക് പ്രൈസ് മണി പൂര്‍ണമായും നഷ്ടപ്പെട്ടു.
ഐതിഹാസികമായി തിരിച്ചടിച്ച നാല്പത്തിമൂന്നാം റാങ്കുകാരി കരൊലൈന മുചോവ രണ്ടാം സീഡ് അരീന സബലെങ്കയെ മൂന്നു സെറ്റില്‍ അട്ടിമറിച്ച് ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ വനിതാ ഫൈനലിലെത്തി. ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ ഈഗ ഷ്വിയോന്ടെക്കോ ബ്രസീലുകാരി ബിയാട്രിസ് ഹദ്ദാദ് മയയോ ആയിരിക്കും ഫൈനലില്‍ ചെക്കുകാരിയുടെ എതിരാളി. പുരുഷ സെമി ഫൈനലില്‍ ഇന്ന് നോവക് ജോകോവിച്ചും കാര്‍ലോസ് അല്‍കാരസും ഏറ്റുമുട്ടും. നിലവിലെ റണ്ണര്‍അപ് കാസ്പര്‍ റൂഡും അലക്സാണ്ടര്‍ സ്വരേവും തമ്മിലായിരിക്കും രണ്ടാം സെമി. റൂഡ് നാലു സെറ്റില്‍ ഹോള്‍ഗര്‍ റൂണിനെ തോല്പിച്ചു (6-1, 6-2, 3-6, 6-3).
മുചോവ 7-6 (7-5), 6-7 (5-7), 7-5 നാണ് സബലെങ്കയെ തോല്പിച്ചത്. മൂന്നാം സെറ്റില്‍ 2-5 ന് പിന്നിലായ ശേഷം മാച്ച് പോയന്റ് അതിജീവിച്ചാണ് മുചോവ തിരിച്ചുവന്നത്. മൂന്നേ കാല് മണിക്കൂര്‍ മത്സരം നീണ്ടു.






