ബ്രിജ്ഭൂഷന്‍ ലൈംഗിക പീഡന കേസില്‍ വന്‍ വഴിത്തിരിവ്

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിന് എതിരായ ലൈംഗികാതിക്രമ കേസില്‍ വഴിത്തിരിവ്. ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ 17 വയസുകാരി നേരത്തെ നല്‍കിയ മൊഴി മാറ്റിയതിന് പിന്നാലെ, പെണ്‍കുട്ടിയുടെ പ്രായത്തിലും മാറ്റമുണ്ടെന്ന് വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ അച്ഛനാണ് മകള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നെന്ന് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പുതിയ മൊഴിപ്രകാരം ലൈംഗികാരോപണ പരാതി പോലും ബ്രിജ് ഭൂഷനെതിരെ നിലനില്‍ക്കില്ലെന്നാണ് വിദഗധര്‍ ചൂണ്ടിക്കാട്ടുന്നത്. 
    പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്നതായിരുന്നു പെണ്‍കുട്ടി ബ്രിജ് ഭൂഷണെതിരെ നേരത്തെ നല്‍കിയ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ കേസ് ആകെ മാറ്റിമറിക്കും. ബ്രിജ് ഭൂഷണെതിരെ ഇനി പോക്‌സോ കേസ് നിലനില്‍ക്കില്ല. ഏഴുപേരാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് പരിധിയില്‍ വരുന്ന എഫ്‌ഐആര്‍ റദ്ദാകും. ജൂണ്‍ 5ന് മജിസ്‌ട്രേറ്റിന് മുമ്പാകെ പരാതിക്കാരി പുതിയ മൊഴി നല്‍കിയിരുന്നു. മൊഴി പുതുക്കി നല്‍കുക മാത്രമാണ് ചെയ്തതെന്നും കേസ് പിന്‍വലിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ വിശദീകരിച്ചിരുന്നു.
    എന്നാല്‍, ബ്രിജ് ഭൂഷനെതിരെ ഒരു പരാതിയുമില്ലെന്നാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്. '' ദേശീയ ഗുസ്തി ഫെഡറേഷന്‍ മകളോട് വിവേചനം കാണിച്ചിരുന്നു. അതിലുള്ള ദേഷ്യംമൂലമാണ് ലൈംഗാതിക്രമ പരാതി ഉന്നയിച്ചത്. ബ്രിജ് ഭൂഷണ്‍ അപമര്യാദയായി പെരുമാറിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ട്രയല്‍സ് ഫൈനലില്‍ തോറ്റതിന്റെ ദേഷ്യത്തിലായിരുന്നു മകള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇപ്പോള്‍ മൊഴി തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. മൊഴി മാറ്റിയതിന് പിന്നില്‍ ഭയമോ സമര്‍ദമോ ദുരാഗ്രഹമോ ഇല്ലെന്നും പരാതിക്കാരിയുടെ പിതാവ് വ്യക്തമാക്കി.
    ബ്രിജ്ഭൂഷനെതിരായ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ജൂണ്‍ 15നകം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്. ബുധനാഴ്ച ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുമായി ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് രേഖാമൂലം ഉറപ്പ് നല്‍കിയത്. ഇതിന് മുന്നോടിയായി ബ്രിജ് ഭൂഷണേയും ചോദ്യം ചെയ്യുമെന്നാണ് വിവരം. അനേഷണത്തിന്റെ ഭാഗമായി പോലീസ് ഇതുവരെ 180ലധികം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. കഴിഞ്ഞദിവസം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ വീട്ടിലെത്തി ബന്ധുക്കളേയും ജീവനക്കാരേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

 

 

 

Latest News