ഈഗxബിയാട്രിസ്, നോവക്xഅല്‍കാരസ് സെമി

പാരിസ് - ആഫ്രിക്കന്‍ ഒന്നാം നമ്പറും ലോക ഏഴാം നമ്പറുമായ ഉന്‍സ് ജാബിറിനെ ഫ്രഞ്ച് ഓപണ്‍ ടെന്നിസില്‍ ബ്രസീലുകാരി ബിയാട്രിസ് ഹദ്ദാദ് മിയ അട്ടിമറിച്ചു. 3-6, 7-6 (7-5), 6-1 ന് ജയിച്ച പതിനാലാം സീഡ് ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ ഈഗ ഷ്വിയോന്‍ടെക്കുമായി സെമി കളിക്കും. കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈഗ 6-4, 6-2 ന് ആറാം സീഡ് കോക്കൊ ഗഫിനെ തകര്‍ത്തു. ഇരുപത്തിരണ്ടുകാരി ഈഗക്കെതിരെ ഏഴു കളികളില്‍ പത്തൊമ്പതുകാരിയുടെ ഏഴാം തോല്‍വിയാണ് ഇത്. ഒരു സെറ്റ് പോലും ജയിക്കാനായിട്ടില്ല. 
2019 ല്‍ 10 മാസം ഉത്തേജക വിലക്കനുഭവിച്ച ബിയാട്രിസ് 1968 നു ശേഷം ഗ്രാന്റ്സ്ലാം സെമിയിലെത്തുന്ന ആദ്യ ബ്രസീലുകാരിയാണ്. നാലാം റൗണ്ടില്‍ സാറ സോറിബസ് ടോര്‍മോയെ തോല്‍പിക്കാന്‍ നാലു മണിക്കൂര്‍ കളിക്കേണ്ടി ക്ഷീണം മറന്നാണ് ഇരുപത്തേഴുകാരി പൊരുതിയത്. ഉന്‍സ് കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണിലും യു.എസ് ഓപണിലും ഫൈനലിലെത്തിയിരുന്നു.
ടോപ് സീഡ് കാര്‍ലോസ് അല്‍കാരസും ലോക മൂന്നാം നമ്പര്‍ നോവക് ജോകോവിച്ചും തമ്മിലാണ് പുരുഷ സെമി. ക്വാര്‍ട്ടറില്‍ അല്‍കാരസ് 6-2, 6-1, 7-6 (7-5) ന് സ്‌റ്റെഫനോസ് സിറ്റ്‌സിപാസിനെ നിലംപരിശാക്കി. ആദ്യ സെറ്റ് നഷ്ടപ്പെടുകയും രണ്ടാം സെറ്റില്‍ ടൈബ്രേക്കര്‍ വരെ പൊരുതേണ്ടി വരികയും ചെയ്ത നോവക് നാലു സെറ്റില്‍ കാരന്‍ ഖചനോവിനെ തോല്‍പിച്ചു. 

Latest News