ബെന്‍സീമക്കൊപ്പം ഒരു ഫ്രഞ്ച് വമ്പന്‍ കൂടി, കാണ്ടെയും ഇത്തിഹാദില്‍

മഡ്രീഡ് - സൗദി ലീഗ് ചാമ്പ്യന്മാരായ ജിദ്ദ അല്‍ഇത്തിഹാദുമായി ചൊവ്വാഴ്ച മഡ്രീഡില്‍ കരാറൊപ്പിട്ട ഫ്രഞ്ച് ഫുട്‌ബോളര്‍ കരീം ബെന്‍സീമ ജിദ്ദയില്‍ പറന്നെത്തി. ഇന്ന് ജിദ്ദ ഇത്തിഹാദ് സ്റ്റേഡിയത്തിലായിരിക്കും ബെന്‍സീമയെ ക്ലബ്ബിന്റെ താരമായി അവതരിപ്പിക്കുക. ബെന്‍സീമക്ക് വര്‍ഷം അഞ്ചരക്കോടി ഡോളറായിരിക്കും (450 കോടി രൂപ) പ്രതിഫലം. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ബെന്‍സീമയെ സ്വാഗതം ചെയ്ത ക്ലബ്ബിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതാ ബെന്‍സീമ, ഗര്‍ജനവുമായി പുതിയ പുലി, ഇത്തിഹാദിലേക്ക് സ്വാഗതം എന്നായിരുന്നു ട്വീറ്റ് . 
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും ബെന്‍സീമക്കും പിന്നാലെ രണ്ട് വമ്പന്‍ താരങ്ങള്‍ കൂടി സൗദിയിലെത്തുമെന്ന് ഉറപ്പായി. അര്‍ജന്റീന പ്ലേമേക്കര്‍ എയിംഗല്‍ ഡി മരിയ സൗദി ക്ലബ്ബില്‍ ചേരാനായി യുവന്റസ് വിട്ടു. ഫ്രഞ്ച് പ്ലേമേക്കര്‍ എന്‍ഗോളൊ കാണ്ടെ ചെല്‍സിയില്‍ നിന്ന് ബെന്‍സീമക്കൊപ്പം ചേരാന്‍ ഇത്തിഹാദിലെത്തും. മുപ്പത്തിരണ്ടുകാരന്‍ മൂന്നു വര്‍ഷത്തേക്കാണ് കരാറൊപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിനു മുമ്പാണ് പി.എസ്.ജിയിലെ ഏഴു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് മുപ്പത്തഞ്ചുകാരന്‍ യുവന്റസിലെത്തിയത്. യുവന്റസില്‍ ഒരു ട്രോഫിയും നേടാനായില്ല. 40 കളികളില്‍ എട്ട് ഗോളാണ് സമ്പാദ്യം. യുവന്റസിന് ട്രോഫി നേടിക്കൊടുക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന മനഃസമാധാനത്തോടെയാണ് ക്ലബ്ബ് വിടുന്നതെന്ന് ഡി മരിയ പറഞ്ഞു. 
അതേസമയം പി.എസ്.ജി വിട്ട ലിയണല്‍ മെസ്സിയെ സ്വന്തമാക്കാനുള്ള അല്‍ഹിലാലിന്റെ ശ്രമം വിജയിച്ചില്ല. മെസ്സിക്കും തനിക്കും ബാഴ്‌സലോണയോടാണ് താല്‍പര്യമെന്ന് പിതാവും ഏജന്റുമായ ജോര്‍ജെ മെസ്സി വ്യക്തമാക്കുകയും ഭാര്യ ആന്റണെല്ല റക്കൂസോ ചരടു വലിക്കുകയും ചെയ്‌തെങ്കിലും ഇഷ്ട തട്ടകത്തിലേക്ക് തിരിച്ചുപോകാനുള്ള ശ്രമം വിജയിച്ചില്ല. മെസ്സിയെ ടീമിലെടുക്കാന്‍ ബാഴ്‌സലോണ കൂടുതല്‍ കളിക്കാരെ കൈയൊഴിയേണ്ടി വരും. വലിയ ഇടവേള അവശേഷിക്കുന്നുമില്ല. ഡേവിഡ് ബെക്കാം കൂടി ഉടമയായ അമേരിക്കയിലെ ഇന്റര്‍ മയാമിയില്‍ ചേരുമെന്ന് ഒടുവില്‍ ബാഴ്‌സലോണയെ അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പതിമൂന്നാം വയസ്സില്‍ ബാഴ്‌സലോണയിലെത്തിയ ശേഷം ആദ്യമായാണ് മെസ്സി യൂറോപ്പിന് പുറത്തു കളിക്കുക 

Latest News