മെസ്സി ഇന്റര്‍ മയാമിയില്‍ ചേരുമെന്ന് ബി.ബി.സി

മഡ്രീഡ് - ജിദ്ദ അല്‍ഇത്തിഹാദുമായി ചൊവ്വാഴ്ച മഡ്രീഡില്‍ കരാറൊപ്പിട്ട ഫ്രഞ്ച് ഫുട്‌ബോളര്‍ കരീം ബെന്‍സീമ ജിദ്ദയില്‍ പറന്നെത്തി. ഇന്ന് ജിദ്ദ ഇത്തിഹാദ് സ്റ്റേഡിയത്തിലായിരിക്കും ബെന്‍സീമയെ ക്ലബ്ബിന്റെ താരമായി അവതരിപ്പിക്കുക. ബെന്‍സീമക്ക് വര്‍ഷം അഞ്ചരക്കോടി ഡോളറായിരിക്കും (450 കോടി രൂപ) പ്രതിഫലം. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ബെന്‍സീമയെ സ്വാഗതം ചെയ്ത ക്ലബ്ബിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതാ ബെന്‍സീമ, ഗര്‍ജനവുമായി പുതിയ പുലി, ഇത്തിഹാദിലേക്ക് സ്വാഗതം എന്നായിരുന്നു ട്വീറ്റ് . 
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും ബെന്‍സീമക്കും പിന്നാലെ ഒരു വമ്പന്‍ താരം കൂടി സൗദിയിലെത്തുമെന്ന് ഉറപ്പായി. അര്‍ജന്റീന പ്ലേമേക്കര്‍ എയിംഗല്‍ ഡി മരിയ സൗദി ക്ലബ്ബില്‍ ചേരാനായി യുവന്റസ് വിട്ടു. കഴിഞ്ഞ സീസണിനു മുമ്പാണ് പി.എസ്.ജിയിലെ ഏഴു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് മുപ്പത്തഞ്ചുകാരന്‍ യുവന്റസിലെത്തിയത്. യുവന്റസില്‍ ഒരു ട്രോഫിയും നേടാനായില്ല. 40 കളികളില്‍ എട്ട് ഗോളാണ് സമ്പാദ്യം. 
യുവന്റസിന് ട്രോഫി നേടിക്കൊടുക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന മനഃസമാധാനത്തോടെയാണ് ക്ലബ്ബ് വിടുന്നതെന്ന് ഡി മരിയ പറഞ്ഞു. 
പി.എസ്.ജി വിട്ട ലിയണല്‍ മെസ്സി എങ്ങോട്ടേക്കാണെന്നതാണ് അടുത്ത മണിക്കൂറുകളില്‍ ശ്രദ്ധിക്കപ്പെടുക. മെസ്സിയെ അല്‍ഹിലാല്‍ വട്ടമിട്ടിട്ടുണ്ട്. എന്നാല്‍ മെസ്സിക്കും തനിക്കും ബാഴ്‌സലോണയോടാണ് താല്‍പര്യമെന്ന് പിതാവും ഏജന്റുമായ ജോര്‍ജെ മെസ്സി വ്യക്തമാക്കി. ഭാര്യ ആന്റണെല്ല റക്കൂസോക്കും ബാഴ്‌സലോണയോടാണ് താല്‍പര്യം. എന്നാല്‍ മെസ്സിയെ ടീമിലെടുക്കാന്‍ ബാഴ്‌സലോണ കൂടുതല്‍ കളിക്കാരെ കൈയൊഴിയേണ്ടി വരും. വലിയ ഇടവേള അവശേഷിക്കുന്നുമില്ല. ഡേവിഡ് ബെക്കാം കൂടി ഉടമയായ അമേരിക്കയിലെ ഇന്റര്‍ മയാമിയും സജീവമായി രംഗത്തുണ്ട്. ഇന്റര്‍ മയാമിയില്‍ ചേരുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം മെസ്സി ബാഴ്‌സലോണയെ അറിയിച്ചതായും ബി.ബി.സി പറഞ്ഞു.
 

Latest News