ബെന്‍സീമ സൗദിയിലേക്ക്, നാളെ ജിദ്ദയില്‍ പ്രസന്റേഷന്‍

മഡ്രീഡ് - ജിദ്ദ അല്‍ഇത്തിഹാദുമായി ചൊവ്വാഴ്ച കരാറൊപ്പിട്ട കരീം ബെന്‍സീമ മഡ്രീഡില്‍ നിന്ന് ജിദ്ദയിലേക്ക് തിരിച്ചു. നാളെ ജിദ്ദ ഇത്തിഹാദ് സ്റ്റേഡിയത്തിലായിരിക്കും ബെന്‍സീമയെ ക്ലബ്ബിന്റെ താരമായി അവതരിപ്പിക്കുക. ബെന്‍സീമക്ക് വര്‍ഷം അഞ്ചരക്കോടി ഡോളറായിരിക്കും പ്രതിഫലം. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.  ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സീമയെ അല്‍ഇത്തിഹാദിലേക്ക് സ്വാഗതം ചെയ്ത ക്ലബ്ബിന്റെ ട്വീറ്റ് സാഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതാ ബെന്‍സീമ, ഗര്‍ജനവുമായി പുതിയ പുലി, ഇത്തിഹാദിലേക്ക് സ്വാഗതം എന്നായിരുന്നു ട്വീറ്റ് . 

ജിദ്ദയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ നിന്നുള്ള ഫോട്ടോ ബെന്‍സീമ പുറത്തുവിട്ടു. സൗദി അറേബ്യയുടെ പതാകയും ഫോട്ടോക്കൊപ്പം ചേര്‍ത്ത ബെന്‍സീമ, അല്‍ഇത്തിഹാദ് ക്ലബ്ബില്‍ ചേരാന്‍ സൗദിയിലേക്ക് പോവുകയാണെന്ന് കുറിച്ചു. 
സൗദിയിലേക്കുള്ള യാത്രക്ക് വിമാനത്തില്‍ കയറുന്ന ബെന്‍സീമയുടെ ഫോട്ടോ അല്‍ഇത്തിഹാദ് ക്ലബ്ബും പുറത്തുവിട്ടു. ഞങ്ങളുടെ പുതിയ താരം ബെന്‍സീമ ജിദ്ദയിലേക്കുള്ള വഴിയില്‍ എന്ന് ഫോട്ടോക്ക് അല്‍ഇത്തിഹാദ് കമന്റ് ചെയ്തു. ഫ്രഞ്ച് താരം കരീം ബെന്‍സീമയുമായി കരാര്‍ ഒപ്പുവെച്ചതായി അല്‍ഇത്തിഹാദ് നേരത്തെ അറിയിച്ചിരുന്നു. പതിനാലു സീസണുകള്‍ റയല്‍ മാഡ്രിഡിനൊപ്പം ചെലവഴിച്ച ശേഷമാണ് ക്ലബ്ബുമായി ബെന്‍സീമ പിരിഞ്ഞത്. 2026 വരെ നീളുന്ന കരാറിലാണ് അല്‍ഇത്തിഹാദും ബെന്‍സീമയും ഒപ്പുവെച്ചിരിക്കുന്നത്.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും കരീം ബെന്‍സീമക്കും പിന്നാലെ ഒരു വമ്പന്‍ താരം കൂടി സൗദി അറേബ്യന്‍ ഫുട്‌ബോളിലേക്ക്. അര്‍ജന്റീന പ്ലേമേക്കര്‍ എയിംഗല്‍ ഡി മരിയ സൗദി ക്ലബ്ബില്‍ ചേരാനായി യുവന്റസ് വിട്ടു. കഴിഞ്ഞ സീസണിനു മുമ്പാണ് പി.എസ്.ജിയിലെ ഏഴു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് മുപ്പത്തഞ്ചുകാരന്‍ യുവന്റസിലെത്തിയത്. യുവന്റസില്‍ ഒരു ട്രോഫിയും നേടാനായില്ല. 40 കളികളില്‍ എട്ട് ഗോളാണ് സമ്പാദ്യം. 
യുവന്റസിന് ട്രോഫി നേടിക്കൊടുക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന മനഃസമാധാനത്തോടെയാണ് ക്ലബ്ബ് വിടുന്നതെന്ന് ഡി മരിയ പറഞ്ഞു. 
ലൂക്ക് മോദ്‌റിച്ചും ഹ്യൂഗൊ ലോറീസുമുള്‍പ്പെടെ 10 പ്രമുഖരെ സൗദി ഫുട്‌ബോളിലെത്തിക്കാന്‍ നീക്കം. പി.എസ്.ജിയില്‍ കരാര്‍ അവസാനിച്ച ലിയണല്‍ മെസ്സി അല്‍ഹിലാലില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ബാഴ്‌സലോണയില്‍ തിരിച്ചുപോകാനാണ് മകനും തനിക്കും ആഗ്രഹമെന്ന് പിതാവും ഏജന്റുമായ ജോര്‍ജെ മെസ്സി പറഞ്ഞു. 
ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍ഗോളൊ കാണ്ടെ (ചെല്‍സി), ബ്രസീലിയന്‍ ഫോര്‍വേഡ് റോബര്‍ടൊ ഫിര്‍മിനൊ (ലിവര്‍ഫൂള്‍) തുടങ്ങിയവരെ സൗദി ക്ലബ്ബുകള്‍ സമീപിച്ചിട്ടുണ്ട്. പി.എസ്.ജി വിട്ട സ്പാനിഷ് ഡിഫന്റര്‍ സെര്‍ജിയൊ റാമോസ്, അര്‍ജന്റീനയുടെ എയിംഗല്‍ ഡി മരിയ (യുവന്റസ്) ബാഴ്‌സലോണ വിട്ട യോര്‍ദി ആല്‍ബ, സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സ് എന്നിവരും പട്ടികയിലുണ്ട്. ഓഗസ്റ്റ് 11 ന് പുതിയ സീസണ്‍ ആരംഭിക്കും മുമ്പ് ഈ കളിക്കാരുമായി കരാറൊപ്പിടാനുള്ള നീക്കങ്ങള്‍ തകൃതിയാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഫ്രഞ്ച് ഗോള്‍കീപ്പര്‍ ലോറിസിന് ടോട്ടനത്തില്‍ ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ട്. ബാക്കിയുള്ളവരുടെ കരാര്‍ അവസാനിക്കുകയാണ്. മുപ്പത്തൊന്നുകാരനായ ഫിര്‍മിനോയാണ് കൂട്ടത്തില്‍ ചെറുപ്പം. അല്‍ഹിലാല്‍, അന്നസ്ര്!, അല്‍ശബാബ്, അല്‍ഇത്തിഹാദ്, അല്‍അഹ്‌ലി എന്നീ ക്ലബ്ബുകള്‍ക്കായി കളിക്കാരെ വീതിച്ചു നല്‍കുമെന്നാണ് സൂചന. 
മോദ്‌റിച്, റാമോസ്, ആല്‍ബ, ബുസ്‌ക്വെറ്റ്‌സ് എന്നിവരുമായുള്ള ചര്‍ച്ച ഏറെ പുരോഗമിച്ചിട്ടുണ്ട്. റാമോസും മോദ്‌റിച്ചും അന്നസ്‌റിനും കാണ്ടെ ഇത്തിഹാദിനും കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ സൗദി ലീഗില്‍ രണ്ട് ടീമുകള്‍ കൂടും, മൊത്തം 18 ക്ലബ്ബാവും. 
ജനുവരിയില്‍ മുപ്പത്തേഴുകാരനായ ക്രിസ്റ്റ്യാനോയെ അന്നസ്ര്! 20 കോടി യൂറോയുടെ രണ്ടു വര്‍ഷത്തെ കരാറില്‍ ടീമിലെടുത്തപ്പോള്‍ അത് വിശ്വസിക്കാനാവാത്ത തുകയായാണ് കരുതപ്പെട്ടത്. അതിനെ വെല്ലുന്ന പ്രതിഫലമാണ് ബെന്‍സീമക്കും മെസ്സിക്കുമൊക്കെ ഓഫര്‍ ചെയ്യപ്പെട്ടത്. 
 

Latest News