പാരിസ് - റെക്കോര്‍ഡായ ഇരുപത്തിമൂന്നാം ഗ്രാന്റ്സ്ലാമിലേക്ക് നോവക് ജോകോവിച്ചിന് രണ്ടു വിജയങ്ങളുടെ ദൂരം. ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടറില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം നോവക് പതിനൊന്നാം സീഡ് ഖാരന്‍ കചനോവിനെ തോല്‍പിച്ചു. സെമിഫൈനലില്‍ ടോപ് സീഡ് കാര്‍ലോസ് അല്‍കാരസുമായോ അഞ്ചാം സീഡ് സ്‌റ്റെഫനോസ് സിറ്റ്‌സിപാസുമായോ സെമി കളിക്കേണ്ടി വരും.
വനിതാ വിഭാഗത്തില്‍ അരീന സബലെങ്കയും കരൊലൈന മുചോവയും ആദ്യമായി ഫ്രഞ്ച് ഓപണ്‍ സെമിയിലെത്തി. രണ്ടാം സീഡായ ബെലാറൂസുകാരി സബലെങ്ക 6-4, 6-4 ന് ഉക്രൈന്‍കാരി എലീന സ്വിറ്റോലിനയെ 6-4, 6-4 ന് തകര്‍ത്തു. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യ, ബെലാറൂസ് കളിക്കാരികളോട് വിദ്വേഷം പുലര്‍ത്തുന്ന താരമാണ് സ്വിറ്റേലിന. വിജയിക്ക് ഹസ്തദാനം നല്‍കാതെയാണ് സ്വിറ്റോലിന കളം വിട്ടത്. തുടര്‍ന്ന് കാണികള്‍ സ്വിറ്റോലിനയെ കൂവി. സബലെങ്ക അനാവശ്യമായി പ്രശ്‌നം സൃഷ്ടിക്കുകയാണെന്നാണ് അതിനോട് സ്വിറ്റോലിന പ്രതികരിച്ചത്.
സീഡില്ലാത്ത മുചോവയുമായി സബലെങ്ക സെമി കളിക്കും. 2021 റണ്ണര്‍അപ് അനസ്താസിയ പാവ്‌ലുചെങ്കോവയെ ചെക്കുകാരി 7-5, 6-2 ന് തോല്‍പിച്ചു.






