ബ്രിജ്ഭൂഷനെതിരെ തെളിവുമായി കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍

ന്യൂഡല്‍ഹി -ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വനിതാ താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണം സ്ഥിരീകരിച്ച സാക്ഷികളിലൊരാള്‍ 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ അനിത. ദുരനുഭവം ഗുസ്തി താരങ്ങളിലൊരാള്‍ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നാണ് അനിത പോലീസിന് മൊഴി നല്‍കിയത്. ഒരു വിദേശ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനിടെയാണ് താനുമായി സംസാരിച്ചത്. ക്യാമ്പിനിടെ ബ്രിജ്ഭൂഷണ്‍ അവരെ മുറിയിലേക്ക് വിളിക്കുകയും ബലമായി കടന്നുപിടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അനിത വ്യക്തമാക്കി.
ക്യാമ്പുകളില്‍ പരാതിക്കാരിയും അനിതയും ഒരു റൂമിലാണ് താമസിച്ചിരുന്നത്. വിദേശത്ത് മത്സരം നടന്നുകൊണ്ടിരിക്കെ, ഒരു മോശം സംഭവം നടന്നെന്നും മടങ്ങിവരുമ്പോള്‍ പറയാമെന്നും പെണ്‍കുട്ടി അറിയിച്ചിരുന്നു. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ ശരിയല്ല എന്നാണ് അവര്‍ പറഞ്ഞത്. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയശേഷം പെണ്‍കുട്ടി വീട്ടിലേക്ക് പോകാതെ നേരെ പട്യാലയിലെ ക്യാമ്പിലേക്ക് വന്നു. ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് തന്നോട് പറഞ്ഞതെന്ന് അനിത വിശദീകരിക്കുന്നു.
മത്സരശേഷം താരത്തെ ബ്രിജ്ഭൂഷണ്‍ റൂമിലേക്ക് വിളിപ്പിച്ചു. ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നതിനാല്‍ ഭയത്തോടെയും അസ്വസ്ഥതയോടെയുമാണ് റൂമിലേക്ക് പോയത്. അവിടെയെത്തിയ ശേഷം മാറി നിന്നെങ്കിലും 'മകളെപ്പോലെയാണ്, അടുത്ത് വരൂ' എന്ന് പറഞ്ഞ് കടന്നുപിടിച്ചു. ഭയന്ന വനിതാതാരം കരഞ്ഞാണ് തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നും അനിത വെളിപ്പെടുത്തി.
അവളോട് സംസാരിക്കാനായി എന്റെ ഫോണിലും വിളിക്കാറുണ്ടായിരുന്നു. ആദ്യം ബ്രിജ് ഭൂഷണ്‍ തന്നെയായിരുന്നു വിളിച്ചിരുന്നത്. ചാമ്പ്യന്‍ഷിപ്പിലെ സംഭവങ്ങള്‍ക്ക് ശേഷം ഫിസിയോ വിളിക്കാന്‍ തുടങ്ങി. അസോസിയേഷന്‍ പ്രസിഡന്റ് എന്തിനാണ് ഒരു വനിതാ താരത്തെ ഇടയ്ക്കിടെ വിളിക്കുന്നതെന്ന് അനിത ചോദിക്കുന്നു. അനിതയോട് ഇക്കാര്യം വെളിപ്പെടുത്തിയ വിവരം ഇരയായ പെണ്‍കുട്ടിയുടെ മൊഴിയിലും പറയുന്നുണ്ട്.
ഫോണ്‍ കോളുകള്‍ എടുക്കുന്നത് പരാതിക്കാരി അവസാനിപ്പിച്ചു. ബ്രിജ് ഭൂഷണില്‍ നിന്ന് പരമാവധി അകന്ന് നില്‍ക്കാനും ശ്രമിച്ചു. അപ്പോള്‍ ശബ്ദം ഉയര്‍ത്തിയിരുന്നെങ്കില്‍ അന്നത്തോടെ കരിയര്‍ അവസാനിക്കുമായിരുന്നുവെന്നും അനിത പറഞ്ഞു. 
ക്യാമ്പുകളിലെ ഭക്ഷണ നിലവാരത്തെക്കുറിച്ച് പരാതിപ്പെടാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് ഭയമായിരുന്നു, പിന്നെ ലൈംഗികപീഡനത്തെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം ലഭിക്കുംമെന്നും അനിത ചോദിക്കുന്നു.


 

Latest News