സിംഗപ്പൂര്‍ - ലോക മുപ്പത്തേഴാം നമ്പറായ ഇന്ത്യന്‍ താരം പ്രിയാന്‍ഷു രജാവത് സിംഗപ്പൂര്‍ ഓപണ്‍ ബാഡ്മിന്റണില്‍ അട്ടിമറി ജയം നേടി. ലോക പതിനഞ്ചാം റാങ്കുകാരനായ കാന്ഡ സുനെയാമയെ ഇരുപത്തൊന്നുകാരന് നേരിട്ടുള്ള ഗെയിമുകളില്‍ തോല്പിച്ചു (21-12, 21-15). എന്നാല്‍ കിഡംബി ശ്രീകാന്ത് ഒഴികെ മറ്റു മുന്‍നിര ഇന്ത്യന്‍ താരങ്ങളൊക്കെ ആദ്യ റൗണ്ടില്‍ പുറത്തായി. മലേഷ്യന്‍ ഓപണ്‍ ചാമ്പ്യന്‍ എച്ച്.എസ് പ്രണോയിയും ലക്ഷ്യ സെന്നും പി.വി സിന്ധുവും സയ്ന നേവാളും ആദ്യ റൗണ്ട് കടന്നില്ല.
ശ്രീകാന്ത് 21-15, 21-19 ന് കാന്ഡാഫോണ് വാംഗ്ചാരോയെനെയാണ് കീഴടക്കിയത്. പ്രണോയ് ലോക നാലാം നമ്പര്‍ കോദായ് നരോക്കയോടും (15-21, 19-21) ലക്ഷ്യ ലോക ഏഴാം നമ്പര്‍ ചൂ ടിയേന്‍ ചെന്നിനോടും (21-18, 17-21, 13-21) അടിയറവ് പറഞ്ഞു. സിന്ധു ലോക ഒന്നാം നമ്പര്‍ അകാനെ യാമാഗുചിക്കെതിരെ ആദ്യ ഗെയിം നേടിയ ശേഷം പൊരുതിത്തോല്‍ക്കുകയായിരുന്നു (21-18, 19-21, 17-21). സയ്നയെ മുന്‍ ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ രചനോക് ഇന്തനോണ് 21-13, 21-15 ന് തകര്‍ത്തു. ആകര്‍ഷി കശ്യപും തോറ്റു.
ഡബ്ള്‍സില്‍ ധ്രുവ കപിലയും മലയാളി കൂട്ടാളി എം.ആര്. അര്‍ജുനും ആദ്യ റൗണ്ട് പിന്നിട്ടു.






