വാഷിംഗ്ടണ്‍- ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ തള്ളി യു എസ്. ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് ആര്‍ക്കും തിരിച്ചറിയാനാവുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു.
ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയും ആരോഗ്യവും ചര്‍ച്ചയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു. ലോകത്തിലെ ആരുമായും തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതില്‍ മടിക്കാറില്ലെന്നും മോദിയുടെ സന്ദര്‍ശനത്തിലൂടെ ആഴമേറിയതും ശക്തവുമായ പങ്കാളിത്തവും സൗഹൃദവും മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും കിര്‍ബി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പല തലങ്ങളിലും അമേരിക്കയുമായി ഇന്ത്യ ശക്തമായ പങ്കാളിയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക വ്യാപാരത്തോടൊപ്പം ഇന്‍ഡോ- പസഫിക് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാന സുഹൃത്തും പങ്കാളിയുമാണെന്നും അദ്ദേഹം പറഞ്ഞു.