റിയാദ് - ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും കരീം ബെന്‍സീമക്കും പിന്നാലെ ലൂക്ക് മോദ്‌റിച്ചും ഹ്യൂഗൊ ലോറീസുമുള്‍പ്പെടെ 10 പ്രമുഖരെ സൗദി ഫുട്‌ബോളിലെത്തിക്കാന്‍ നീക്കം. പി.എസ്.ജിയില്‍ കരാര്‍ അവസാനിച്ച ലിയണല്‍ മെസ്സി അല്‍ഹിലാലില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ബാഴ്‌സലോണയില്‍ തിരിച്ചുപോകാനാണ് മകനും തനിക്കും ആഗ്രഹമെന്ന് പിതാവും ഏജന്റുമായ ജോര്‍ജെ മെസ്സി പറഞ്ഞു.
ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍ഗോളൊ കാണ്ടെ (ചെല്‍സി), ബ്രസീലിയന്‍ ഫോര്‍വേഡ് റോബര്‍ടൊ ഫിര്‍മിനൊ (ലിവര്‍ഫൂള്‍) തുടങ്ങിയവരെ സൗദി ക്ലബ്ബുകള്‍ സമീപിച്ചിട്ടുണ്ട്. പി.എസ്.ജി വിട്ട സ്പാനിഷ് ഡിഫന്റര്‍ സെര്‍ജിയൊ റാമോസ്, അര്‍ജന്റീനയുടെ എയിംഗല്‍ ഡി മരിയ (യുവന്റസ്) ബാഴ്‌സലോണ വിട്ട യോര്‍ദി ആല്‍ബ, സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സ് എന്നിവരും പട്ടികയിലുണ്ട്. ഓഗസ്റ്റ് 11 ന് പുതിയ സീസണ്‍ ആരംഭിക്കും മുമ്പ് ഈ കളിക്കാരുമായി കരാറൊപ്പിടാനുള്ള നീക്കങ്ങള്‍ തകൃതിയാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഫ്രഞ്ച് ഗോള്‍കീപ്പര്‍ ലോറിസിന് ടോട്ടനത്തില്‍ ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ട്. ബാക്കിയുള്ളവരുടെ കരാര്‍ അവസാനിക്കുകയാണ്. മുപ്പത്തൊന്നുകാരനായ ഫിര്‍മിനോയാണ് കൂട്ടത്തില്‍ ചെറുപ്പം. അല്‍ഹിലാല്‍, അന്നസ്ര്‍, അല്‍ശബാബ്, അല്‍ഇത്തിഹാദ്, അല്‍അഹ്‌ലി എന്നീ ക്ലബ്ബുകള്‍ക്കായി കളിക്കാരെ വീതിച്ചു നല്‍കുമെന്നാണ് സൂചന.
മോദ്‌റിച്, റാമോസ്, ആല്‍ബ, ബുസ്‌ക്വെറ്റ്‌സ് എന്നിവരുമായുള്ള ചര്‍ച്ച ഏറെ പുരോഗമിച്ചിട്ടുണ്ട്. റാമോസും മോദ്‌റിച്ചും അന്നസ്‌റിനും കാണ്ടെ ഇത്തിഹാദിനും കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ സൗദി ലീഗില്‍ രണ്ട് ടീമുകള്‍ കൂടും, മൊത്തം 18 ക്ലബ്ബാവും.
ജനുവരിയില്‍ മുപ്പത്തേഴുകാരനായ ക്രിസ്റ്റ്യാനോയെ അന്നസ്ര്‍ 20 കോടി യൂറോയുടെ രണ്ടു വര്‍ഷത്തെ കരാറില്‍ ടീമിലെടുത്തപ്പോള്‍ അത് വിശ്വസിക്കാനാവാത്ത തുകയായാണ് കരുതപ്പെട്ടത്. അതിനെ വെല്ലുന്ന പ്രതിഫലമാണ് ബെന്‍സീമക്കും മെസ്സിക്കുമൊക്കെ ഓഫര്‍ ചെയ്യപ്പെട്ടത്.






