വീര സ്മരണകള്‍ ബാക്കി, ഇബ്ര കളി നിര്‍ത്തി

മിലാന്‍ - ഫുട്‌ബോളിലെ അതുല്യ വ്യക്തിത്വങ്ങളിലൊന്നായ സ്ലാറ്റന്‍ ഇബ്രഹിമോവിച് നാല്‍പത്തൊന്നാം വയസ്സില്‍ കളി നിര്‍ത്തി. എ.സി മിലാന്റെ സ്വീഡിഷ് സ്‌ട്രൈക്കറെ സമീപകാലത്ത് പരിക്കുകള്‍ നിരന്തരം അലട്ടിയിരുന്നു. 2016 ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിരമിച്ച ഇബ്ര കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ടിനു മുമ്പ് തിരിച്ചുവന്നെങ്കിലും പരിക്കുകള്‍ അലട്ടി. സ്വീഡന് ലോകകപ്പിന് യോഗ്യത നേടാനുമായില്ല. 
ഡച്ച്, ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലിഷ്, സ്പാനിഷ് ലീഗുകളില്‍ പ്രമുഖ ടീമുകളില്‍ കളിച്ച ബോസ്‌നിയന്‍ വംശജന്‍ ട്രോഫികളാല്‍ സമ്പന്നമായ കരിയറിനോടാണ് വിടവാങ്ങുന്നത്. മിലാനുമായുള്ള  കരാര്‍ ഈ മാസം അവസാനിക്കാനിരിക്കെയാണ് കളി നിര്‍ത്തുന്നത്. 
2011 ല്‍ മിലാനൊപ്പം ഇറ്റാലിയന്‍ ലീഗ് ചാമ്പ്യനായ ഇബ്ര 2020 ലാണ് ക്ലബ്ബില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ സീസണില്‍ ടീമിനെ ലീഗ് കിരീടം നേടാന്‍ സഹായിച്ചു. 1999 ല്‍ സ്വീഡനിലെ മാല്‍മോയില്‍ കളിയാരംഭിച്ച ഇബ്ര 2001 ല്‍ അയാക്‌സില്‍ ചേര്‍ന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് യുവന്റസിലും ഇന്റര്‍ മിലാനിലും ബാഴ്‌സലോണയിലും പി.എസ്.ജിയിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും എ.സി മിലാനിലും കളിച്ചു. നിരവധി കിരീടങ്ങളും വ്യക്തിഗത ബഹുമതികളും നേടിയ ഇബ്രക്ക് ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 62 ഗോളുമായി സ്വീഡന്റെ ടോപ്‌സ്‌കോററാണ്.
 

Latest News