ജിദ്ദ - അവസാന മത്സരത്തില്‍ പെനാല്‍ട്ടിയിലൂടെ ഗോലടിച്ച് കരീം ബെന്‍സീമ റയല്‍ മഡ്രീഡുമായുള്ള 14 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു. എഴുപത്തിരണ്ടാം മിനിറ്റില്‍ സ്‌കോര്‍ ചെയ്ത ശേഷം സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ സാന്‍ഡിയാഗൊ ബെര്‍ണബാവു അവിസ്മരണീയ ആ റയല്‍ കരിയറിനെ എഴുന്നേറ്റ് നിന്ന് അംഗീകരിച്ചു. അത്‌ലറ്റിക്കൊ ബില്‍ബാവോയുമായുള്ള അവസാന ലീഗ് മത്സരം 1-1 സമനിലയായി.
ഏറ്റവും മികച്ച കളിക്കാരിലൊരാളെയും ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളെയും പരിശീലിപ്പിക്കാന്‍ സാധിച്ചതില്‍ കൃതാര്‍ഥനാണെന്ന് കോച്ച് കാര്‍ലൊ ആഞ്ചലോട്ടി പറഞ്ഞു. കരീം ക്ലബ്ബ് വിടുന്നതില്‍ നിരാശനാണ്, പക്ഷെ താരത്തിന്റെ ആഗ്രഹത്തെ മാനിക്കുന്നു. എന്താണ് തനിക്ക് നല്ലത് എന്ന് തീരുമാനിക്കാനുള്ള അവകാശം കരീം സ്വയം നേടിയെടുത്തതാണ്. ഈ ക്ലബ്ബിനു വേണ്ടിയുള്ള മഹത്തരമായ സേവനങ്ങള്‍ക്ക് നന്ദി പറയുന്നു. ഐതിഹാസികവും അവിസ്മരണീയവുമായിരുന്നു കരീം. ഈ ക്ലബ്ബിന്റെ ചരിത്രത്തില്‍ എന്നും കരീമിന് സ്ഥാനമുണ്ടാവും -കോച്ച് പറഞ്ഞു. റയല്‍ രണ്ടാം സ്ഥാനത്താണ് ലീഗ് അവസാനിപ്പിച്ചത്.
ബെന്‍സീമ ജിദ്ദയിലെ അല്‍ഇത്തിഹാദ് ക്ലബ്ബില്‍ ചേരുമെന്ന് സൗദി ടി.വി ചാനല്‍ അല്‍ഇഖ്ബാരിയ വെളിപ്പെടുത്തി. റയലിന്റെ ക്യാപ്റ്റനായിരുന്നു ബെന്‍സീമ. ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് ബെന്‍സീമയെന്നും എല്ലാ സ്‌നേഹവും ഭാവുകങ്ങളും അറിയിക്കുന്നതായും റയല്‍ മഡ്രീഡ് പ്രസ്താവന ഇറക്കി. ബെന്‍സീമയുടെ ഭാവി റയല്‍ മഡ്രീഡിലാണെന്നും ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ടെന്നും ശനിയാഴ്ച പോലും കോച്ച് കാര്‍ലൊ ആഞ്ചലോട്ടി പറഞ്ഞിരുന്നു. ഇന്റര്‍നെറ്റില്‍ കാണുന്നതല്ല വാര്‍ത്തയെന്ന് ബെന്‍സീമയും പ്രസ്താവിച്ചിരുന്നു.






