കേന്ദ്രം വഴങ്ങി, അമിത് ഷാ ഗുസ്തിക്കാരെ കണ്ടു

ന്യൂദല്‍ഹി - ഗുസ്തിക്കാരുടെ സമരത്തെ അവഗണിക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങി. ഞായറാഴ്ച രാത്രി രണ്ടു മണിക്കൂറോളം പ്രമുഖ ഗുസ്തി താരങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. പരാതികള്‍ കേട്ട മന്ത്രി നടപടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഒളിംപ്യന്മാരായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട് എന്നിവരാണ് അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയത്. ഏപ്രില്‍ മുതല്‍ ന്യൂദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ സമരം നയിച്ചത് ഈ മൂന്നു താരങ്ങളായിരുന്നു. ലൈംഗികാരോപണ നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നപടിയാണ് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെടുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുള്‍പ്പെടെ നിരവധി ഗുസ്തി താരങ്ങളെ ബ്രിജ്ഭൂഷണ്‍ ലൈംഗികമായി ഉപദ്രവിച്ച വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച ഗുസ്തിക്കാരെ പോലീസ് കൈകാര്യം ചെയ്തതും കലാപശ്രമത്തിന് കേസെടുത്തതും രാജ്യാന്തര പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും അവിടേക്ക് സമരക്കാരെ തടയുകയും ചെയ്തു. തുടര്‍ന്ന് മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാന്‍ ഗുസ്തി താരങ്ങള്‍ തീരുമാനിച്ചു. മെഡലുകളുമായി ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷക നേതാക്കളാണ് തടഞ്ഞത്. അവരുടെ കൈയിലാണ് ഇപ്പോള്‍ മെഡലുകള്‍. അവര്‍ ഈ മാസം ഒമ്പത് വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കിയിട്ടുണ്ട്. 
മൈനര്‍ പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ ബ്രിജ്ഭൂഷനെതിരെ പോലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഒളിംപ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും ഇന്റര്‍നാഷനല്‍ റഫറിയും കോച്ചുമുള്‍പ്പെടെ നിരവധി പേര്‍ സാക്ഷിമൊഴികളും നല്‍കിയിട്ടുണ്ട്. എന്നിട്ടും ബ്രിജ്ഭൂഷനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ല. 
അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് അറിയണമെന്നാണ് ഗുസ്തിക്കാര്‍ പ്രധാനമായും ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടത്. ശക്തമായ കുറ്റങ്ങളുള്‍പ്പെടുത്തി എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 

Latest News