വെല്‍ഡിംഗിനിടെ തീപ്പൊരി പാറി, ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് അജ്മാനില്‍ രണ്ടു മരണം

അജ്മാന്‍ - യു.എ.ഇ യിലെ അജ്മാനില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിക്കുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി അജ്മാന്‍ പോലീസ് അറിയിച്ചു. അല്‍ ജുറുഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ കമ്പനിയുടെ ഡീസല്‍ ടാങ്കുകളിലൊന്നില്‍ ഇന്ന് രാവിലെ 11 മണിയോടെ പൊട്ടിത്തെറിയുണ്ടായതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷ വകുപ്പുകള്‍ അനന്തര നടപടികള്‍ക്ക് മുന്നിട്ടിറങ്ങിയതായി അജ്മാന്‍ പോലീസ് മേധാവി മേജര്‍ ജനറല്‍ സുല്‍ത്താന്‍ നിഅയ്മി പറഞ്ഞു. ഡീസല്‍ ടാങ്കിനു മുകളില്‍ കയറി രണ്ടു തൊഴിലാളികള്‍  വെല്‍ഡിംഗ് ജോലിയിലേര്‍പെട്ടുകൊണ്ടിരിക്കെ തെറിച്ച് വീണ തീപ്പൊരികളാണ് ദുരന്തത്തില്‍ കലാശിച്ചത്. രണ്ടു പേര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. പരിക്കേറ്റ മൂന്നു പേര്‍ തൊട്ടടുത്ത കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. മരണപ്പെട്ടരെ കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇവര്‍ ഏഷ്യന്‍ വംശജരാണ്. സിവില്‍ ഡിഫന്‍സ് സേനയില്‍ നിന്ന് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് പെര്‍മിറ്റ് നേടുകയോ കമ്പനിയിലെ തൊഴിലാളികള്‍ സുരക്ഷ മാനണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല.

 

Latest News