അടുത്ത കാലത്തായി പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പേരായിരുന്നു ഡോ. അരുൺ സക്കറിയയുടേത്. നാടിനെ വിറപ്പിച്ച അരിക്കൊമ്പനെയും പി.ടി സെവനെയുമെല്ലാം മയക്കുവെടിവച്ച് തളച്ചതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണദ്ദേഹം. സാഹസികതയുടെ പര്യായമാണ് ഈ വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ എന്നു പറയുന്നതിൽ തെറ്റില്ല.
സംസ്്ഥാനത്ത് എവിടെയെങ്കിലും കാട്ടാനയോ പുലിയോ കടുവയോ എന്തുമാകട്ടെ, ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയാകുമെന്ന് കണ്ടാൽ വനംവകുപ്പ് ആദ്യം തേടുന്നത് ഈ പേരുകാരനെയാണ്. കാരണം, വന്യജീവികളെ കൊന്നുതള്ളുന്ന വേട്ടക്കാരനായല്ല, മയക്കുവെടിവച്ച് അവയെ കീഴടക്കി ജനവാസകേന്ദ്രങ്ങളിൽനിന്നും മാറ്റിപാർപ്പിക്കുകയും അതുവഴി ഒട്ടേറെ മനുഷ്യജീവനുകൾക്ക് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഈ വനംവകുപ്പ് ഉദ്യോഗസ്ഥൻ.
മൂന്നു പതിറ്റാണ്ടോളം നീണ്ട സേവന കാലയളവിൽ മുപ്പത്താറ് കടുവകളെയും എഴുപത്തഞ്ചോളം ആനകളേയും നൂറിലധികം പുള്ളിപ്പുലികളെയും മയക്കുവെടിവച്ച് പിടികൂടിയിട്ടുണ്ട് ഈ ഡോക്ടർ. സ്വന്തം ജീവൻപോലും വകവക്കാതെയാണ് പലയിടത്തും ഈ മൃഗസ്‌നേഹി അക്രമകാരിയായ മൃഗത്തെ സമീപിക്കുന്നത്. ഒടുവിലാണ് നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവച്ച് മയക്കി മറ്റൊരു കാട്ടിലേയ്ക്കു പറഞ്ഞുവിട്ടത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ, ആനയിറങ്കൽ തുടങ്ങിയ ജനവാസ മേഖലകളിൽ നിരന്തരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ പിടികൂടി തളച്ചതോടെ മലയാളികൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു ഈ കോഴിക്കോട്ടുകാരൻ.
ചീറിയെത്തുന്ന കൂറ്റൻ കടുവയുടെ മുൻപിൽ അകപ്പെട്ടാൽ സ്വന്തം ജീവൻ രക്ഷിക്കുന്നതിനൊപ്പം തന്നെ അതിന്റെയും ജീവൻ രക്ഷിക്കാനുള്ള മനസ്സാന്നിധ്യവും കൊലക്കൊമ്പന്റെ കാലുകൾക്കിടയിലൂടെ ഊർന്നിറങ്ങാനുള്ള ധൈര്യവും ഒരു മൃഗത്തിനെയും മരണത്തിലേയ്ക്ക് തള്ളിവിടരുതെന്ന നിശ്ചയദാർഢ്യവുമെല്ലാമാണ് ഈ മൃഗസ്‌നേഹിയെ വേർതിരിച്ചുനിർത്തുന്നത്. അനുഭവങ്ങളിൽനിന്നും പുസ്തകത്താളുകളിൽനിന്നും ആർജിച്ച അറിവുകൾ അരുണിനെ വന്യജീവി ചികിത്സാരംഗത്തെ അതികായനായി ഉയർത്തുകയായിരുന്നു. തന്റെ ജോലിയുടെ ഭാഗമാണിതെന്ന ആമുഖത്തോടെയായിരുന്നു അരുൺ സംസാരിച്ചുതുടങ്ങിയത്.
തുടക്കം എങ്ങനെയായിരുന്നു?
കുട്ടിക്കാലത്ത് പിറന്നാൾ സമ്മാനമായി ലഭിച്ച ഒരു കുപ്പി ഫോർമാലിനായിരുന്നു ജീവികളെക്കുറിച്ച് കൂടുതലറിയാൻ സഹായിച്ചത്. കിട്ടുന്ന ജീവികളെയെല്ലാം ഫോർമാലിനിൽ ഇട്ടുവച്ച് അവയെക്കുറിച്ച് കൂടുതലായി പഠിച്ചുതുടങ്ങി. വന്യജീവികളെ സ്‌നേഹിച്ചുതുടങ്ങിയത് അക്കാലത്താണ്. കോഴിക്കോട് ദേവഗിരി കോളേജിലെ പ്രീഡിഗ്രി പഠനശേഷം മണ്ണൂത്തി വെറ്ററിനറി കോളേജിൽനിന്നും ബിരുദമെടുത്തു. വന്യജീവികളെക്കുറിച്ച് കൂടുതലറിയാൻ സുവോളജിയായിരുന്നു ഇഷ്ടവിഷയമായെടുത്തത്. തുടർന്ന് ലണ്ടൻ വെറ്ററിനറി കോളേജിൽനിന്നും വൈൽഡ് ലൈഫ് ജിനാമിക്‌സിൽ പി.എച്ച്.ഡി ബിരുദവുമെടുത്തു. വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അസിസ്റ്റന്റ് വെറ്ററിനറി ഓഫീസറായി ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ ആദ്യദൗത്യം ഏറ്റെടുക്കേണ്ടിവന്നു. കാലിൽ വെടിയേറ്റ ഒരു കാട്ടാനയെ ചികിത്സിച്ചായിരുന്നു തുടക്കം. മയക്കുവെടിവച്ച് അബോധാവസ്ഥയിലാക്കി പത്തുദിവസത്തെ പരിചരണംകൊണ്ട് വെടിയേറ്റ മുറിവ് കരിഞ്ഞ് നീര് കുറഞ്ഞപ്പോൾ സന്തോഷിച്ചെങ്കിലും അധികം വൈകാതെ ആ ആന തളർന്നുവീഴുകയായിരുന്നു. ആനകളുടെ ശരീരത്തിന്റെ എഴുപതുശതമാനവും താങ്ങുന്നത് മുൻകാലുകളിലാണ്. മുൻകാലുകൾക്ക് പരിക്കേറ്റാൽ അവയ്ക്ക് അതിജീവിക്കാൻ പ്രയാസമാണെന്ന് മനസ്സിലായി. ആദ്യദൗത്യം പരാജയമായെങ്കിലും ആ ഉൾക്കരുത്തിൽനിന്നുമുള്ള ഊർജമാണ് പിന്നീടുള്ള ചികിത്സയ്ക്ക് പ്രചോദനമായത്.
ആനകൾ നിരന്തരം പ്രശ്‌നക്കാരാവുകയാണല്ലോ?
കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. ഇത് ഒഴിവാക്കാനാവില്ല. നേരിടുക മാത്രമേയുള്ളു പോംവഴി. വയനാട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നത് എട്ട് ആനകളായിരുന്നു. അവരിൽ ഒന്നാമൻ കല്ലൂർ കൊമ്പനും. ഒടുവിൽ അതിനെ പിടിച്ച് പരിശീലനം നൽകി കുങ്കിയാനയാക്കി മാറ്റി. ഇപ്പോഴവന് ഭരത് എന്നാണ് പേരിട്ടിരിക്കുന്നത്. വയനാട്ടിലെ വയൽപ്രദേശമായ കല്ലൂരിൽ ഏറെക്കാലം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു ഈ കൊമ്പൻ. കൂടെ മൂന്നു കൊമ്പന്മാരെയും കൂട്ടിയായിരുന്നു കല്ലൂർ കൊമ്പന്റെ വിളയാട്ടം. കൊമ്പനെ തളച്ചതോടെ അവിടത്തെ പ്രശ്‌നങ്ങൾക്ക് വിരാമാമാവുകയായിരുന്നു.
കാട്ടിലെ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാനുള്ള പ്രതിവിധി
വേട്ടയാടാൻ കഴിയാതെ വരുമ്പോഴാണ് പല മൃഗങ്ങളും കാട്ടിൽനിന്നും പുറത്തേയ്ക്കിറങ്ങുന്നത്. കടുവകളുടെ ഇരകളായ കാട്ടുപോത്തും മ്ലാവുമെല്ലാം കാട്ടിൽ കുറയുന്നതും കാരണമാകുന്നുണ്ട്. മറ്റു ചിലപ്പോൾ വേട്ടയ്ക്കിടെ പരിക്കുപറ്റുന്നതും അവയെ കാട്ടിൽനിന്നും പുറത്തേയ്ക്കു കടക്കാൻ പ്രേരണയാകും. പുതിയ കടുവകൾ വളർന്നുവരുമ്പോഴും അവയ്ക്ക് സ്വന്തമായി പ്രദേശത്തിന്റെ ആവശ്യമുണ്ടാകും. വയനാട്ടിലാണെങ്കിൽ എസ്‌റ്റേറ്റുകൾ പലതും നഷ്ടത്തിലായതിനാൽ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇത്തരം എസ്‌റ്റേറ്റുകളാണ് പല കടുവകളും താവളമാക്കുന്നത്. അങ്ങനെയാണ് പല മൃഗങ്ങളും നാട്ടിലെത്തുന്നത്.
മയക്കുവെടിയിലുള്ള വൈദഗ്ധ്യം
വയനാട്ടിൽ ജോലിയിൽ പ്രവേശിച്ച കാലത്താണ് ആദ്യത്തെ മയക്കുവെടി വയ്ക്കുന്നത്. വേട്ടക്കാരിൽ നിന്ന് വെടിയേറ്റ് മദപ്പാടിലെത്തിയ ആനയെ മെരുക്കാനായിരുന്നു അത്. ഒരു പരിശീലനവുമില്ലാതെയാണ് തോക്കെടുത്ത് മയക്കുവെടി വച്ചത്. ഒരു സിറിഞ്ച് തോക്കിൽ കൂടി പ്രോജക്ട് ചെയ്ത് ആനയുടെ ശരീരത്തിൽ ഇഞ്ചക്ട് ചെയ്യുന്ന രീതിയാണിത്. അന്നത്തെ ഡി. എഫ് ഒയാണ് അതിനുള്ള ധൈര്യം പകർന്നുതന്നത്. പിന്നീട് ഇംഗ്ലണ്ടിൽ പോയി വൈൽഡ് ലൈഫ് സയൻസിൽ മാസ്റ്റർ ബിരുദമെടുത്തു. പഠനത്തിന്റെ ഭാഗമായി ആഫ്രിക്കയിലടക്കം വിവിധ വനപ്രദേശങ്ങളിൽ പോയി പരിശീലനവും നേടി. ആഫ്രിക്കയിൽ ഹെലികോപ്റ്ററുകളിലും ആനയുടെ പുറത്തുകയറി ചെന്നുമാണ് മയക്കുവെടി വയ്ക്കുന്നത്. അവിടെ തുറന്ന കാടുകളായതിനാൽ ഇത്തരം രീതികൾ ഉപയോഗിക്കാം. എന്നാൽ ഇവിടെ ഇടതൂർന്ന കാടുകളായതിനാൽ അത്തരം വിദ്യകളൊന്നും പ്രായോഗികമാവുകയില്ല.
ജീവൻ പണയപ്പെടുത്തിയുള്ള ജോലിയാണിത്. ഒരു കടുവയെ കീഴ്‌പ്പെടുത്താൻ ചെല്ലുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കടുവയുടെ മുപ്പത്് മീറ്റർ അകലത്തിൽ നിൽക്കുമ്പോൾ തന്നെ കടുവ മുരണ്ടുതുടങ്ങും. അതിനർഥം ഇനി മുന്നോട്ടു വരേണ്ട. ഞാൻ ആക്രമിക്കും എന്നുതന്നെയാണ്. ധൈര്യം സംഭരിച്ച് ക്രമേണ അടുത്തേയ്ക്കു ചെല്ലുമ്പോഴേയ്ക്കും അത് ആക്രമിക്കാൻ വരും. ഒരിക്കലും ഓടരുത്. ഓടിയാൽ കുതിച്ചെത്തി പുറത്തടിക്കും. അതോടെ തളർന്നുവീഴും. കൈയും കാലുമെല്ലാം പരമാവധി വിരിച്ചുവച്ച് വലിയ ഉയരമുള്ള ഒരു ശത്രുവാണെന്ന് തോന്നിപ്പിക്കണം. ഒരു അമ്പിന്റെ ആകൃതിയിലാണ് ഞങ്ങളൊന്നിച്ച് മുന്നോട്ടു നീങ്ങുക. ഒരു വലിയ കൂട്ടം എതിരെ വരുന്നതു കാണുമ്പോൾ കടുവ ഒന്നു ഭയക്കും. അതാണ് ഞങ്ങളുടെ തന്ത്രം. ഒരിക്കൽ ഒരു ആന ഓടിവന്നപ്പോൾ കൈയടിച്ചാണ് രക്ഷപ്പെട്ടത്. മൃഗങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ ചില ആംഗ്യങ്ങളിലൂടെയും മറ്റും താൽക്കാലികമായി രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ട്. എനിക്കുനേരെ പലവട്ടം ആക്രമണമുണ്ടായിട്ടുണ്ട്. തോക്കിന്റെ ടെലസ്‌കോപ്പിനു മുകളിൽ കടുവയുടെ പല്ലിന്റെ പാടു കാണാം. ആസ്വദിച്ചു ചെയ്യുന്ന ജോലിയായതുകൊണ്ടാണ് ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യം ലഭിക്കുന്നത്.
വരും നാളുകൾ കാത്തിരിക്കുന്നത്...
മനുഷ്യനും വന്യജീവിയും തമ്മിലുള്ള സംഘർഷമാണ് വരുനാളുകളിൽ കേരളം നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി. അത്രമാത്രം പ്രശ്‌നങ്ങളാണ് പലയിടത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മനുഷ്യൻ കൃഷി ആരംഭിച്ചതുതൊട്ടാണ് മൃഗങ്ങളുമായുള്ള സംഘർഷവും തുടങ്ങിയത്. മൃഗങ്ങളുടെ വാസസ്ഥലമായ വനപ്രദേശങ്ങൾ വെട്ടിത്തെളിച്ചാണ് പലരും കൃഷി ചെയ്യാൻ തുടങ്ങിയത്. വന്യജീവി സംരക്ഷണ നിയമം വന്നതോടെ മൃഗങ്ങളെ വേട്ടയാടാൻ പാടില്ലെന്നായി. അതോടെ വന്യമൃഗങ്ങളുടെ വംശവർധനയുണ്ടായി. ജനവാസയിടങ്ങളിലേയ്ക്ക് വന്യജീവികൾ എത്തിത്തുടങ്ങി. ഇത്തരം സംഘർഷങ്ങളെ നേരിടുന്നതിനായി ശക്തമായ ഒരു സംഘത്തെ രൂപപ്പെടുത്തിയെടുക്കുക മാത്രമാണ് പോംവഴി.
മറക്കാനാവാത്ത അനുഭവം
ഒരിക്കൽ വാകേരിയിൽ കടുവയിറങ്ങിയ സംഭവം വിളിച്ചുപറഞ്ഞത് ഡി.എഫ്.ഒ ആയിരുന്നു. ഉടൻ അവിടെയെത്തി. കുന്നിനുമുകളിൽ കാപ്പിത്തോട്ടത്തിലായിരുന്നു കടുവയുടെ സങ്കേതം. ഒരു ഗൺമാനും വാച്ചറുമുൾപ്പെടെ ഞങ്ങൾ മൂന്നുപേർ മാത്രം. ഒരു സർവ്വീസ് റിവോൾവറും മയക്കുമരുന്ന് നിറച്ച ഒരു തോക്കുമായിരുന്നു കൈയിലുണ്ടായിരുന്നത്. കടുവയുടെ നൂറു മീറ്റർ അടുത്തെത്തിയപ്പോഴേയ്ക്കും അത് മുരണ്ടുകൊണ്ടിരുന്നു. ആക്രമിക്കാനുള്ള ഒരുക്കമാണെന്ന് മനസ്സിലായപ്പോൾ എല്ലാവരോടും ഓടിമാറാൻ പറഞ്ഞു. മുമ്പിലൊരു കമ്പിവേലി. തൊട്ടുപിന്നിൽ കടുവയും. തനിക്കുനേരെ കടുവ ചാടിയതും കാലിലെ ഷൂ കൊണ്ട് കടുവയുടെ നെഞ്ചിൽ ചവിട്ടിപ്പിടിച്ചു. തോക്ക് വായിൽ കുത്തിക്കയറ്റി. തോക്കിന്റെ പാത്തികൊണ്ട് കുത്തിനിർത്തിയെങ്കിലും ഇരുനൂറ് കിലോയിലധികം ഭാരമുള്ള കടുവയെ കൂടുതൽ സമയം താങ്ങിനിൽക്കാൻ കഴിഞ്ഞില്ല. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ... ഭാര്യയുടെയും മക്കളുടെയുമെല്ലാം മുഖം മനസ്സിൽവന്നുനിറയവേ ബോധം മറഞ്ഞുപോയി. കണ്ണുതുറന്നു നോക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന പ്രദീപ് ഓടിവരുന്നതാണ് കണ്ടത്. ശബ്ദമുണ്ടാക്കിയും മുകളിലേയ്ക്ക് വെടിവച്ചുമെല്ലാം കടുവയെ എല്ലാവരും ചേർന്ന് ഓടിച്ചുവിടുകയായിരുന്നു. ഭയപ്പോടൊടെയല്ലാതെ ആ സംഭവം ഇപ്പോഴും ഓർക്കാനാവില്ല.
കുടുംബം
കോഴിക്കോട് മുക്കം മണാശ്ശേരിയാണ് സ്വദേശം. ഭാര്യ സിന്ധു വെറ്ററിനറി ഡോക്ടറാണ്. മൂത്ത മകൾ അഞ്ജലി നിംഹാൻസിൽ റസിഡന്റാണ്. ഇളയ മകൾ അപർണ്ണ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. രണ്ടാം വർഷ വിദ്യാർഥിയാണ്.






