Sorry, you need to enable JavaScript to visit this website.

ലോകത്ത് തൊഴിലില്ലായ്മ നിരക്ക് കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക്; ഇന്ത്യയില്‍ പരിതാപകരം

ജനീവ- ലോകത്താകമാനം തൊഴിലില്ലായ്മ നിരക്കില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ അവസ്ഥ പ്രതിദിനം രൂക്ഷമാകുകയാണെന്ന് പഠനം. ആഗോള തൊഴിലില്ലായ്മ കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. 2023ല്‍ ആഗോളതലത്തിലെ തൊഴിലില്ലായ്മ 5.3 ശതമാനമായി കുറഞ്ഞതാണ് ഐ. എല്‍. ഒ പ്രതീക്ഷ പറയാന്‍ കാരണം. 

വികസിത- വികസ്വര രാജ്യങ്ങള്‍ കമ്മില്‍ ആഗോള തൊഴില്‍ മേഖലകളിലെ അന്തരം വര്‍ധിക്കുന്നതായും കോവിഡ് വ്യാപനത്തിന് ശേഷം നിലവിലുള്ള വ്യത്യാസങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 157 രാജ്യങ്ങളിലെ സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കേയുടെ പഠനത്തില്‍ പട്ടികയില്‍ 103-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ പ്രതിദിനം തൊഴിലില്ലായ്മ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 
2022 ഡിസംബറില്‍ 8.30 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2023 ജനുവരിയില്‍ 7.14 ശതമാനമായി കുറഞ്ഞെങ്കിലും ഫെബ്രുവരിയില്‍ 7.45 ശതമാനവും മാര്‍ച്ചില്‍ 7.8 ശതമാനവും ഏപ്രിലില്‍ 8.11 ശതമാനവുമായി വര്‍ധിച്ചു. 

ആഫ്രിക്കയിലേയും അറബ് മേഖലയിലേയും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ഈ വര്‍ഷം തൊഴിലില്ലായ്മ നിരക്ക് കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. വടക്കേ ആഫ്രിക്കയില്‍ 2019ല്‍ 10.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെങ്കില്‍ 2023ല്‍ 11.2 ശതമാനമായാണ് വര്‍ധിച്ചത്. സബ് സഹാറന്‍ ആഫ്രിക്കയില്‍ 2019ലെ 5.7 ശതമാനത്തില്‍ നിന്ന് 2023ല്‍ 6.3 ശതമാനമായാണ് ഉയര്‍ന്നത്. അറബ് രാജ്യങ്ങളില്‍ 2019ല്‍ 8.7 ശതമാനമുണ്ടായിരുന്നത് 2023ല്‍ 9.3 ശതമാനമായി വര്‍ധിച്ചു. 

കോവിഡ് പ്രതിസന്ധിക്ക് മുമ്പുള്ളതിനേക്കാള്‍ ഗണ്യമായ നിരക്കുകള്‍ കുറക്കാന്‍ ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാഷ്ട്രങ്ങള്‍ക്ക് സാധിച്ചെന്നാണ് പഠനം പറയുന്നത്. 2019ലെ എട്ട് ശതമാനത്തില്‍ നിന്് തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനം ആയാണ് കുറഞ്ഞത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലില്ലായ്മ നിരക്ക് 2019ലെ ഏഴ് ശതമാനത്തെ അപേക്ഷിച്ച് 6.3 ശതമാനമായി കുറഞ്ഞു. മധ്യ- പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലും തൊഴിലില്ലായ്മ നിരക്ക് 2019ലെ 9.2 ശതമാനത്തില്‍നിന്ന് 7.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Latest News