ഗെയിംസ് ജേതാക്കള്‍ക്ക് ട്രെയിനില്‍ ദുരിതയാത്ര

 കൊച്ചി- ഉത്തര്‍പ്രദേശില്‍ സമാപിച്ച ഖേലോ യൂണിവേഴ്സിറ്റി ഗെയിംസിന്റെ അത്ലറ്റിക്സ് മീറ്റില്‍ വിജയികളായ എംജി യൂണിവേഴ്സിറ്റി ടീമംഗങ്ങള്‍ക്ക് ദുരിതയാത്ര. കഴിഞ്ഞ മൂന്ന് ദിവസമായി സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റിലെ ദുരിത യാത്രക്ക് ശേഷം ടീം ഇന്നലെ രാത്രിയോടെ കേരളത്തിലെത്തി. റിസര്‍വ് ടിക്കറ്റ് ഉണ്ടായിട്ടും ട്രെയിനില്‍ ഇരിക്കാന്‍ പോലും ടീമംഗങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ല. തറയിലും ടോയ്ലെറ്റിനോട് ചേര്‍ന്ന സ്ഥലത്തും നിന്നാണ് മണിക്കൂറുകളോളം യാത്ര ചെയ്തതെന്ന് താരങ്ങളും പരിശീലകരും പറഞ്ഞു. വെയിറ്റിങ് ലിസ്റ്റിലെ ടിക്കറ്റുകള്‍ കണ്‍ഫേം ചെയ്ത് തരണമെന്ന് അഭ്യര്‍ഥിച്ച താരങ്ങളോട് ട്രെയിനിലെ ടിക്കറ്റ് പരിശോധകര്‍ വളരെ മോശമായാണ് പെരുമാറിയത്. എംജി യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്ത് നിന്നും സൗകര്യപ്രദമായ യാത്ര ഒരുക്കാന്‍ ഒരു ഇടപെടലും ഉണ്ടായില്ലെന്നും താരങ്ങള്‍ ആരോപിച്ചു. ഗെയിംസിന് പോയപ്പോഴും സമാനമായ അനുഭവമാണ് ഉണ്ടായതെന്ന് താരങ്ങള്‍ പരാതിപ്പെട്ടു. തിരികെയുള്ള യാത്രയില്‍ ലക്നൗവില്‍ നിന്ന് ആറ് മണിക്കൂറോളം ബസില്‍ യാത്ര ചെയ്താണ് ടീം അംഗങ്ങള്‍ ആഗ്രയില്‍ നിന്ന് ട്രെയിന്‍ കയറിയത്. തുടര്‍ന്നായിരുന്നു ട്രെയിനിലെയും ദുരനുഭവം. മീറ്റില്‍ പങ്കെടുത്ത കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റി ടീമുകള്‍ക്കും സമാന സാഹചര്യമുണ്ടായി. റിസര്‍വ് ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ ജനറല്‍ കംപാര്‍ട്ട്മെന്റിലായിരുന്നു വനിത താരങ്ങള്‍ അടക്കമുള്ളവരുടെ യാത്ര. ദുരിതയാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങളും താരങ്ങള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. മെയ് 29 മുതല്‍ 31 വരെയായിരുന്നു ഖേലോ ഗെയിംസിലെ അത്ലറ്റിക്സ് മത്സരങ്ങള്‍. 7 സ്വര്‍ണവും ഒരു വെള്ളിയും 2 വെങ്കലവും നേടി 89 പോയിന്റുമായാണ് എംജി യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനത്തെത്തിയത്. മംഗളൂരു യൂണിവേഴ്സിറ്റിക്കായിരുന്നു രണ്ടാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ 49 പോയിന്റുമായി എംജി ഒന്നാമതെത്തിയപ്പോള്‍ വനിതാ വിഭാഗത്തില്‍ 35 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി.

Latest News