അനുവിന് ഇരട്ട ഹാട്രിക്, 22 ഗോളടിച്ച് ഇന്ത്യ

ഗിഫു - വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത 22 ഗോളില്‍ ഉസ്‌ബെക്കിസ്ഥാനെ കുളിപ്പിച്ചു. അനു ഇരട്ട ഹാട്രിക് നേടി. 13, 29, 30, 38, 43, 51 മിനിറ്റുകളിലായിരുന്നു അനു സ്‌കോര്‍ ചെയ്തത്. മുംതാസ് ഖാനും (6, 44, 47, 60 മിനിറ്റുകളില്‍) ദീപികയും (32, 44, 46, 57) നാലു വീതം ഗോളടിച്ചു . വൈഷ്ണവി, സുനേലിത ടോപ്‌ലൊ, ദീപിക സോറെംഗ് എന്നിവര്‍ രണ്ടു വീതം ഗോള്‍ നേടി. ഇടവേളയില്‍ ഇന്ത്യ 10-0 ന് മുന്നിലായിരുന്നു. 
പ്രൊ ലീഗ് ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ ടീം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 ന് ബ്രിട്ടനെ തോല്‍പിച്ചു. നിശ്ചിതസമയം ആവേശകരമായ 4-4 സമനിലയിലാണ് അവസാനിച്ചത്. ആദ്യ പകുതിയില്‍ ഇന്ത്യ 3-1 ന് മുന്നിലായിരുന്നു. ഹര്‍മന്‍പ്രീത് സിംഗിന്റെ പെനാല്‍ട്ടി കോര്‍ണറിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും ഒരു മിനിറ്റിനകം സാം വാര്‍ദ് ഗോള്‍ മടക്കി. എന്നാല്‍ ഹാര്‍ദിക് സിംഗ് ഒരുക്കിയ രണ്ടവസരങ്ങള്‍ മന്‍ദീപ് സിംഗും സുഖ്ജീത് സിംഗും മുതലെടുത്തു. ഇടവേളക്കു ശേഷം രണ്ടു ഗോള്‍ കൂടിയടിച്ച് വാര്‍ദ് ഹാട്രിക് പൂര്‍ത്തിയാക്കി. അഭിഷേകിന്റെ മിന്നല്‍പിണരിലൂടെയാണ് ഇന്ത്യ വീണ്ടും മുന്നിലെത്തിയത്. എന്നാല്‍ പെനാല്‍ട്ടി കോര്‍ണര്‍ ഗോളിലൂടെ ബ്രിട്ടന്‍ കളി ഷൂട്ടൗട്ടിലേക്ക് നീട്ടി. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ റൂപര്‍ട് ഷിപലിക്കും ഫില്‍ റോപ്പറിനും പിഴച്ചു. 

 

Latest News