ഫെയ്തന് ലോക റെക്കോര്‍ഡ്,  അബ്ദുല്ല അബൂബക്കര്‍ ആറാമത് 

ഫളോറന്‍സ് (ഇറ്റലി) - കെനിയയുടെ ഫെയ്ത് കിപ്യെഗോണ്‍ വനിതകളുടെ 1500 മീറ്ററില്‍ ലോക റെക്കോര്‍ഡ് തകര്‍ത്തു. ഫ്‌ളോറന്‍സ് ഡയമണ്ട് ലീഗില്‍ മൂന്നു മിനിറ്റ് 49.11 സെക്കന്റില്‍ ഇരുപത്തൊമ്പതുകാരി ഓടിയെത്തി. 2015 ല്‍ മോണകോയില്‍ എത്യോപ്യയുടെ ഗെന്‍സേബെ ദിബാബ സ്ഥാപിച്ച 3:50.07 മിനിറ്റിന്റെ റെക്കോര്‍ഡാണ് ഫെയ്ത് തകര്‍ത്തത്. 12 സെക്കന്റിലേറെ പിന്നിലായാണ് നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ ലോറ മുയിര്‍ രണ്ടാമതെത്തിയത്. 
ട്രിപ്പിള്‍ജമ്പില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡലുകാരനായ മലയാളി അത്‌ലറ്റ് അബ്ദുല്ല അബൂബക്കര്‍ ആറാം സ്ഥാനത്തെത്തി. അബ്ദുല്ലക്ക് ഇത് ഡയമണ്ട് ലീഗില്‍ അരങ്ങേറ്റമാണ്. രണ്ടാം ചാട്ടത്തില്‍ ഇരുപത്തേഴുകാരന്‍ 16.37 മീറ്റര്‍ പിന്നിട്ടു. നിലവിലെ ഡയമണ്ട് ലീഗ് ചാമ്പ്യന്‍ ക്യൂബയുടെ ആന്‍ഡി ഡിയാസും (17.75 മീ.) ടോക്കിയൊ ഒളിംപിക്‌സ് വെങ്കല മെഡലുകാരന്‍ ബുര്‍ക്കിനഫാസോയുടെ ഹ്യൂഗസ് ഫാബ്രിസ് സാംഗോയും (17.68 മീ.) ഇന്‍ഡോര്‍ ലോക ചാമ്പ്യന്‍ ക്യൂബയുടെ ലസാരൊ മാര്‍ടിനേസും (17.12 മീ.) ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. മോണ്‍ട്രിയൂല്‍ ഇന്റര്‍നാഷല്‍ മീറ്റില്‍ 16.80 മീറ്ററോടെ വെങ്കലം നേടിയാണ് അബ്ദുല്ല ഫ്‌ളോറന്‍സിലെത്തിയത്. 17.19 മീറ്ററാണ് അബ്ദുല്ലയുടെ പേഴ്‌സണല്‍ ബെസ്റ്റ്. ഈ വര്‍ഷം പ്രവീണ്‍ ചിത്രവേല്‍ 17.37 മീറ്ററോടെ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 

Latest News