ബാങ്കോക്ക് - തായ്ലന്റ് ഓപണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. ലക്ഷ്യ സെന്‍ സെമി ഫൈനലില്‍ ആതിഥേയ താരം കുന്‍ലാവുത് വിതിദ്സരണിനോട് മൂന്നു ഗെയിമില്‍ തോറ്റു. ആദ്യ ഗെയിം നേടിയ ശേഷം ലക്ഷ്യക്ക് ഏകാഗ്രത നഷ്ടപ്പെടുകയായിരുന്നു (21-13, 17-21, 13-21). ലോക അഞ്ചാം നമ്പറായ വിതിദ്സരണ് ഫൈനലില്‍ ചൈനയുടെ ച്യൂക് യു ലീയെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ മലയാളി താരം കിരണ്‍ ജോര്‍ജിനെ കീഴടക്കിയ ഫ്രാന്‍സിന്റെ ടോമി ജൂനിയര്‍ പോപോവിനെയാണ് ച്യൂക് യൂ ലീ 21-14, 21-16 ന് കീഴടക്കിയത്.
മുന്‍ ലോക ഒന്നാം നമ്പറും ഒളിംപിക് ചാമ്പ്യനുമായ സ്പെയിനിന്റെ കരൊലൈന മാരിനെ തോല്പിച്ച് നിലവിലെ ലോക രണ്ടാം നമ്പര്‍ തെക്കന്‍ കൊറിയയുടെ ആന്‍ സെ യംഗ് വനിതാ ഫൈനലിലെത്തി. ഈ വര്‍ഷം ഓള് ഇംഗ്ലണ്ട് ഓപണും ഇന്ത്യന്‍ ഓപണും ഇന്തോനേഷ്യന്‍ ഓപണും ജയിച്ച ഇരുപത്തൊന്നുകാരി 21-16, 21-12 ന് അനായാസം മാരിനെ മറികടന്നു. ലോക ആറാം നമ്പറായ ഇരുപത്തൊമ്പതുകാരി മാരിന് രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും മാരകമായ സ്മാഷുകളുമായി ആന്‍ കളം വാണു. ഈ വര്‍ഷം കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം ആന്‍ ഫൈനലിലെത്തിയിട്ടുണ്ട്.
ഫൈനലില്‍ ചൈനയുടെ ലോക അഞ്ചാം നമ്പര്‍ ഹെ ബിന്ഗ്ജിയാവോയെയാണ് കൊറിയക്കാരി നേരിടുക. ചൈനീസ് പവര്‍ഹൈസ് 21-13, 21-18 ന് ഡെന്മാര്ക്കുകാരി മിയ ബ്ലിഷ്ഫെല്‍റ്റിനെ തരിപ്പണമാക്കി.






