ലണ്ടന്‍ - സമീപകാലത്തായി ടെസ്റ്റ് ക്രിക്കറ്റില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാണര്‍ വിരമിക്കാന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം ഹോം ഗ്രൗണ്ടായ സിഡ്‌നിയില്‍ അവസാന ടെസ്റ്റ് കളിച്ച് കളം വിടണമെന്നാണ് ആഗ്രഹമെന്ന് വാണര്‍ അറിയിച്ചു. ജനുവരിയില്‍ പാക്കിസ്ഥാനെതിരെയാണ് സിഡ്‌നി ടെസ്റ്റ്. ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഓസ്‌ട്രേലിയന്‍ ടീം പരിശീലനം നടത്തുന്ന ലണ്ടനടുത്ത ബെക്കന്‍ഹാമില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു വാണര്‍. ഏഴിനാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ തുടങ്ങുക.
ടെസ്റ്റില്‍ നിന്ന് വിരമിക്കുമെങ്കിലും 2024 ല്‍ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് കളിക്കാന്‍ മോഹമുണ്ടെന്ന് വാണര്‍ അറിയിച്ചു. അതുവരെ ഫോമില്‍ തുടരാനാവുമെന്നാണ് കരുതുന്നതെന്ന് വാണര്‍ പ്രത്യാശിച്ചു. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇടതു കൈമുട്ടിന് മുഹമ്മദ് സിറാജിന്റെ പന്ത് കൊണ്ട് വാണര്‍ക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്നുള്ള രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തിരുന്നു. ഗുരുതരമായിരുന്നില്ല പരിക്കെന്ന് വാണര്‍ പറഞ്ഞു. വ്യാഴാഴ്ച വാണര്‍ ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടിരുന്നു. എങ്കിലും ബുധനാഴ്ച ഓവലില്‍ ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ വാണര്‍ കളിക്കും.
2011 ല്‍ ന്യൂസിലാന്റിനെതിരെയായിരുന്നു വാണറുടെ അരങ്ങേറ്റം. അവസാന 32 ഇന്നിംഗ്‌സില്‍ ഒരു സെഞ്ചുറി നേടാനേ വാണര്‍ക്ക് സാധിച്ചുള്ളൂ. ഇംഗ്ലണ്ടില്‍ പൊതുവെ മോശം റെക്കോര്‍ഡാണ്. അവസാന ആഷസ് പരമ്പരയില്‍ പത്തില്‍ താഴെയായിരുന്നു ബാറ്റിംഗ് ശരാശരി.






