പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍, എഫ്.എ കപ്പും സിറ്റിക്ക്

ലണ്ടന്‍ - ത്രസിപ്പിക്കുന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-1 ന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഹാട്രിക് കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി വെച്ചു. രണ്ട് പകുതികളുടെയും തുടക്കത്തില്‍ ഇല്‍കേ ഗുണ്ടോഗനാണ് സിറ്റിയുടെ ഗോളുകളടിച്ചത്. വീണുകിട്ടിയ പെനാല്‍ട്ടിയില്‍ ബ്രൂണൊ ഫെര്‍ണാണ്ടസ് ഇടവേളക്കു മുമ്പ് യുനൈറ്റഡിന് സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ സിറ്റി ലീഡ് നേടിയ ശേഷം ഗോള്‍ മടക്കാന്‍ ജീവന്മരണ പോരാട്ടമാണ് യുനൈറ്റഡ് നടത്തിയത്. പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തിയ സിറ്റിക്ക് 10 ന് ഇന്റര്‍ മിലാനെതിരെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാനുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാത്രമാണ് ഇംഗ്ലണ്ടില്‍ സമാനമായ ഹാട്രിക് നേടിയിട്ടുള്ളത്. 
എഫ്.എ കപ്പ് ഫൈനലിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ പന്ത്രണ്ടാം സെക്കന്റില്‍ തന്നെ ഗുണ്ടോഗന്‍ ഗോളടിച്ചു. ഏരിയക്കു പുറത്തു നിന്നുള്ള ഗുണ്ടോഗന്റെ വെടിയുണ്ട യുനൈറ്റഡ് ഗോളി ഡേവിഡ് ഡിഹായക്ക് തടുക്കാനയില്ല. എഫ്.എ കപ്പ് ഫൈനലുകളിലെ വേഗമേറിയ ഗോളാണ് ഇത്. പിന്നീടും അവസരങ്ങള്‍ സൃഷ്ടിച്ചത് സിറ്റിയായിരുന്നു. എന്നാല്‍ ജാക്ക് ഗ്രീലിഷിന്റെ കൈയില്‍ പന്ത് ഉരസിയതിന് കിട്ടിയ പെനാല്‍ട്ടിയിലൂടെ യുനൈറ്റഡ് തിരിച്ചുവന്നു. 
അമ്പത്തൊന്നാം മിനിറ്റില്‍ ഗുണ്ടോഗന്‍ തന്നെ ലീഡ് വീണ്ടെടുത്തു. ഒരിക്കല്‍കൂടി ഏരിയക്കു പുറത്തു നിന്ന് നിലംപറ്റെ പായിച്ച ഷോട്ട് ബോക്‌സിലെ ആള്‍തിരക്കിനിടയിലൂടെ വല കണ്ടു. 
 

Latest News