Sorry, you need to enable JavaScript to visit this website.

സൗദി കാത്തിരിക്കുന്ന ആ വാര്‍ത്ത ചൊവ്വാഴ്ചയോ?

റിയാദ് - പി.എ്‌സ്.ജിയില്‍ അവസാന മത്സരം കളിച്ചു കഴിഞ്ഞ ലിയണല്‍ മെസ്സി ചൊവ്വാഴ്ച സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ ടീം അല്‍ഹിലാലില്‍ ചേരുമെന്ന് സ്പാനിഷ് പത്രമായ കാറ്റലോണിയ. അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമി, പ്രിയ ക്ലബ്ബ് ബാഴ്‌സലോണ എന്നിവയായിരുന്നു മെസ്സിയില്‍ താല്‍പര്യം കാട്ടിയ മറ്റു ക്ലബ്ബുകള്‍. എന്നാല്‍ പി.എസ്.ജിയിലെ കരാര്‍ കാലാവധി അവസാനത്തോടടുക്കുന്തോറും ഇന്റര്‍ മയാമിയുടെയും ബാഴ്‌സലോണയുടെയും സാധ്യതകള്‍ മങ്ങി വരികയായിരുന്നു. ഈ മാസം 30നാണ് പി.എസ്.ജിയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിക്കുക. എന്നാല്‍ 2023-24 സീസണിനുള്ള പി.എസ്.ജിയുടെ പ്രചാരണ വീഡിയയോയില്‍ മെസ്സിയുമുണ്ട്. 
മെസ്സിക്കു പിന്നാലെ ഡിഫന്റര്‍ സെര്‍ജിയൊ റാമോസും പി.എസ്.ജി വിടുകയാണ്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി ഈ സീസണിലെ അവസാന മത്സരം കളിക്കാനിരിക്കെയാണ് റാമോസിന്റെ വാര്‍ത്ത പുറത്തുവിട്ടത്. കോച്ച് ക്രിസ്റ്റഫ് ഗാള്‍ടിയറും തെറിക്കുമെന്നാണ് സൂചന. നെയ്മാറും ഈ സീസണിനൊടുവില്‍ പി.എസ്.ജി വിട്ടേക്കുമെന്നാണ് വാര്‍ത്തകള്‍. 
2021 ലാണ് റാമോസ് പി.എസ്.ജിയില്‍ ചേര്‍ന്നത്. പരിക്കുകള്‍ അലട്ടിയ ആദ്യ സീസണിനു ശേഷം പ്ലേയിംഗ് ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു. റയല്‍ മഡ്രീഡിന്റെയും സ്‌പെയിനിന്റെയും ക്യാപ്റ്റനായിരുന്നു മുപ്പത്തേഴുകാരന്‍. പി.എസ്.ജിക്കൊപ്പം രണ്ടു സീസണിലും ഫ്രഞ്ച് ലീഗ് ചാമ്പ്യനായി. റാമോസിന്റെ പ്രൊഫഷനലിസത്തെ പ്രശംസിച്ച പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ഖിലൈഫി ഡിഫന്റര്‍ക്ക്  ഭാവുകങ്ങള്‍ നേര്‍ന്നു. റാമോസ് പി.എസ്.ജി ജഴ്‌സിയില്‍ 57 മത്സരങ്ങള്‍ കളിച്ചു. 
മെസ്സിയോടൊപ്പമാണ് റാമോസിനെ പി.എസ്.ജി കൊണ്ടുവന്നത്. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയെന്നതായിരുന്നു ലക്ഷ്യം. രണ്ടു സീസണിലും പ്രി ക്വാര്‍ട്ടറില്‍ പുറത്തായതോടെ വീണ്ടും ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമമാണ്. റാമോസ് എങ്ങോട്ടേക്കാണ് എന്ന് വ്യക്തമല്ല. റയല്‍ മഡ്രീഡിന്റെ മാര്‍ക്കൊ അസന്‍സിയൊ, ഇന്റര്‍ മിലാന്‍ ഡിഫന്റര്‍ മിലാന്‍ സ്‌ക്രീനിയര്‍ എന്നിവരെ പി.എസ്.ജി നോട്ടമിട്ടിട്ടുണ്ട്. 

Latest News