രണ്ട് ഫൈനൽ കൂടി ബാക്കിയുണ്ട് ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക്. ശനിയാഴ്ച എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ നേരിടും. അതിനടുത്ത ശനിയാഴ്ച ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെയും. രണ്ടും ജയിച്ചാൽ ഹാട്രിക് കിരീടമാവും സിറ്റിക്ക്. 2023 അവരുടെ ഏറ്റവും മികച്ച സീസണായി മാറും. ജയിച്ചില്ലെങ്കിലും ഈ സീസണിലെ മികച്ച യൂറോപ്യൻ ക്ലബ്ബെന്ന് അവർ വിലയിരുത്തപ്പെടും. ആറു വർഷത്തിനിടെ അഞ്ചാം തവണയാണ് അവർ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കിരീടമുയർത്തിയത്. അടുത്ത സീസണിൽ സിറ്റിയെ തടുക്കാൻ ആർക്ക് സാധിക്കും
കഴിഞ്ഞ ഏതാനും സീസണിൽ ലിവർപൂളായിരുന്നു പ്രീമിയർ ലീഗിൽ സിറ്റിക്ക് ഏറ്റവും വലിയ വെല്ലുവിളി സമ്മാനിച്ചത്. ഇത്തവണ ആഴ്‌സനൽ ആ ദൗത്യമേറ്റെടുത്തു. മാർച്ച് ആദ്യ വാരം വരെ അവർ പോയന്റ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്നു. പക്ഷേ സിറ്റിയുടെ അത്യസാധാരണ കുതിപ്പിൽ അവർക്ക് അടി തെറ്റി.
ഒരിക്കൽ കൂടി സിറ്റിക്ക് ഒപ്പത്തിനൊപ്പം നിൽക്കുകയെന്ന വെല്ലുവിളി ആഴ്‌സനലിന് ഏറ്റെടുക്കാൻ പറ്റുമോ? പ്രത്യേകിച്ചും വരും സീസണിൽ അവർക്ക് ചാമ്പ്യൻസ് ലീഗിൽ കൂടി കളിക്കേണ്ടതുണ്ട്. സിറ്റിയെ പോലെ ഒന്നിനൊന്ന് മികച്ച റിസർവുകളുടെ നിര അവർക്കില്ല. സെന്റർബാക്ക് വില്യം സാലിബക്ക് പരിക്കേറ്റപ്പോൾ അവരുടെ പ്രതിരോധം പിഞ്ഞിപ്പോയത് ശ്രദ്ധിക്കുക. ലെഫറ്റ്ബാക്ക്, സെന്റർബാക്ക്, സെൻട്രൽ മിഡ്ഫീൽഡ് എന്നീ സ്ഥാനങ്ങളിലെല്ലാം മികച്ച പകരക്കാർ ടീമിന് ആവശ്യമാണ്. പ്രത്യേകിച്ചും ഗ്രാനിറ്റ് ഷാക്ക ക്ലബ്ബ് വിടുകയാണെങ്കിൽ.
പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ നിരയാണ് എന്നതാണ് ആഴ്‌സനലിന്റെ കരുത്ത്. ഈ സീസണിലെ അനുഭവം അവർക്ക് മുതൽക്കൂട്ടാവും. സ്വയം തെളിയിക്കാൻ ഒരു തവണ കൂടി എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയാണ് സിറ്റിക്ക്.
കോച്ച് എറിക് ടെൻ ഹാഗാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ശക്തി. അലക്‌സ് ഫെർഗൂസൻ ഒരു പതിറ്റാണ്ടോളം മുമ്പ് വിരമിച്ച ശേഷം കിടയറ്റ ഒരു പരിശീലകനെയാണ് അവർക്ക് ലഭിച്ചത്. രണ്ട് ആഭ്യന്തര ടൂർണമെന്റുകളിൽ യുനൈറ്റഡിനെ അദ്ദേഹം ഫൈനലിലെത്തിച്ചു. ചാമ്പ്യൻസ് ലീഗിൽ ടീം തിരിച്ചെത്തി. പക്ഷേ ഉടമസ്ഥത മാറുന്നതിന്റെ അനിശ്ചിതത്വത്തിലാണ് യുനൈറ്റഡ്. ബാങ്കിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഖത്തറുകാരൻ ശൈഖ് ജാസിം ബിൻ ഹമദ് അൽതാനിയുമായും ബ്രിട്ടിഷ് കോടീശ്വരൻ ജിം റാറ്റ്ക്ലിഫുമായും ഇപ്പോഴത്തെ ഉടമകളായ ഗ്ലെയ്‌സർ കുടുംബം ചർച്ചയിലാണ്.
ആര് വന്നാലും കൂടുതൽ നിക്ഷേപം ഉറപ്പാണ്. മികച്ച ഒരു സ്‌ട്രൈക്കറെയാണ് ടീമിന് വേണ്ടത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നിനെ അവർ നോട്ടമിട്ടു വെച്ചിട്ടുണ്ട്.
ന്യൂകാസിലിന്റെ സീസൺ കൂടിയായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ തരംതാഴ്ത്തലിന്റെ വക്കോളമെത്തിയിരുന്ന അവർ ഇത്തവണ നാലാം സ്ഥാനത്താണ് അവസാനിച്ചത്.
സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റിന്റെ പിന്തുണയുണ്ട് ന്യൂകാസിലിന്. എന്നിട്ടും കോച്ച് എഡ്ഡി ഹോവെ ഈ മുന്നേറ്റം നടത്തിയത് പ്രഗത്ഭരായ കളിക്കാരെ ടീമിലെടുത്തിട്ടല്ല. 20 മാസം മുമ്പ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്ത ശേഷം ഇതുവരെ സമർഥമായി പണം ചെലവിട്ട ന്യൂകാസിൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ കരുത്ത് കാട്ടുമോ? കാലം വിൽസനും ഡാൻ ബേണും മിഗ്വേൽ അൽമിറോണും ജേക്കബ് മർഫിയും ജോ വില്ലക്കുമൊന്നും ആഗോള പ്രശസ്തരല്ല. പക്ഷേ വിശ്വസ്തമായി ടീമിനെ ഇത്രവരെ ചുമലിലേറ്റി. പക്ഷേ ചാമ്പ്യൻസ് ലീഗിൽ ഉയരാൻ കൂടുതൽ വലിയ കളിക്കാർ വേണ്ടിവന്നേക്കും. സെൻട്രൽ മിഡ്ഫീൽഡും വൈഡ് ഏരിയകളിലും ഒഴിവുണ്ട്. വരും വർഷങ്ങളിലും ചാമ്പ്യൻസ് ലീഗിൽ സ്ഥാനം നിലനിർത്തുകയാണ് ന്യൂകാസിലിന്റെ ഏറ്റവും വലിയ മോഹം.
ഒടുവിൽ ഫോമിലേക്കുയർന്നെങ്കിലും ലിവർപൂളിന്റെ പതനം കണ്ട സീസണാണ് ഇത്. അവസാന 11 കളികൾ അജയ്യരായി അവസാനിപ്പിച്ചുവെന്നതാണ് അവരുടെ ആശ്വാസം. അടുത്ത സീസണിന് പറ്റിയ ശൈലി കണ്ടെത്തിയെന്ന് കോച്ച് യൂർഗൻ ക്ലോപ് വിശ്വസിക്കുന്നുണ്ടാവും. ട്രെന്റ് അലക്‌സാണ്ടർ ആർനൾഡ് ഡിഫന്റർ-മിഡ്ഫീൽഡർ ഇരട്ടദൗത്യം വിജയകരമായി ഏറ്റെടുത്തു. ഇറങ്ങി നിൽക്കുന്ന സ്‌ട്രൈക്കറെന്ന റോബർടൊ ഫിർമിനോയുടെ റോളിൽ കോഡി ഗാക്‌പൊ തിളങ്ങി. സെൻട്രൽ മിഡ്ഫീൽഡിലാണ് പ്രശ്‌നം. അവിടെ യുവത്വത്തുടിപ്പുള്ള പുതിയ കാലുകൾ ആവശ്യമാണ്. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാത്ത ഒരു ടീമിൽ മികച്ച കളിക്കാർ വരുമോയെന്നതാണ് ചോദ്യം. ഏറെക്കാലമായി മോഹിച്ച ജൂഡ് ബെലിംഗാം ഇനി ആ വഴിക്കു വരാൻ സാധ്യതയില്ല. ബ്രൈറ്റനിൽ നിന്ന് അലക്‌സിസ മക്കാലിസ്റ്ററെ റാഞ്ചി തൃപ്തിയടയേണ്ടി വരും.
കഴിഞ്ഞ സീസണിൽ കോടികളൊഴുക്കിയ ടീമാണ് ചെൽസി. പക്ഷേ ടീം അവസാന പകുതിയിലാണ് അവസാനിച്ചത്. മൗറിസിയൊ പോചെറ്റിനോയുടെ വരവ് എങ്ങനെ പ്രതിഫലിക്കുമെന്ന് പ്രവചിക്കാനാവില്ല. തീർച്ചയായും പന്ത്രണ്ടാം സ്ഥാനത്തിരിക്കേണ്ട ടീമായിരുന്നില്ല ചെൽസി. റൊമേലു ലുകാകു ഇന്റർ മിലാനിലെ ലോൺ കാലം കഴിഞ്ഞ് തിരിച്ചെത്തും. മിഡ്ഫീൽഡർമാരായ മെയ്‌സൻ മൗണ്ട്, എൻഗോളൊ കാണ്ടെ, മാറ്റിയൊ കൊവാസിച് എന്നിവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്.