തമിഴ്‌നാട്ടിലെ കാരക്കുടിയിൽ നിന്നുള്ള ഇരുപത്തൊന്നുകാരൻ ശിവശക്തി നാരായൺ ഇന്ത്യൻ ഫുട്‌ബോളിൽ അതിവേഗം അടിവെച്ചുയരുകയാണ്.
സൂപ്പർ സ്റ്റാർ എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി വിശേഷിപ്പിച്ചത്. ആക്രമണ നിരയെ കോർത്തിണക്കുന്ന കണ്ണിയെന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്കും.
തമിഴ്‌നാട്ടിലെ കൊച്ചു ഗ്രാമമാണ് കാരക്കുടി. ഇന്ത്യൻ ഫുട്‌ബോളിലെ ശിവശക്തി നാരായണന്റെ ഗ്രാമമാണ് ഇപ്പോൾ അത്. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും ട്രയൽസിനു പോയി തിരസ്‌കരിക്കപ്പെട്ട ഇരുപത്തൊന്നുകാരൻ ഇപ്പോൾ ഇന്ത്യൻ ഫുട്‌ബോളിലെ സൂപ്പർ താരങ്ങളിലൊരാളാണ്. ഐ.എസ്.എല്ലിൽ ഫൈനൽ കളിച്ച ബംഗളൂരു എഫ്.സിയുടെ കുതിപ്പിന് ഈ സീസണിൽ ചുക്കാൻ പിടിച്ച കളിക്കാരൻ.
സെലക്ഷൻ ട്രയലുകളിൽ ഗോളടിച്ചു കൂട്ടാറുണ്ട് ശിവശക്തി നാരായണൻ. പക്ഷേ ഒമ്പതാം നമ്പറിനു വേണ്ട തടിമിടുക്കില്ലെന്ന് പറഞ്ഞായിരുന്നു തിരസ്‌കരിക്കപ്പെട്ടത്. അഞ്ചടി നാലിഞ്ച് ഉയരവും മെലിഞ്ഞ ശരീരവുമുള്ള ശിവശക്തിയുടെ മനസ്സ് ശക്തമായിരുന്നു. തിരസ്‌കാരങ്ങളിൽ ഈ കളിക്കാരൻ തളർന്നില്ല.
2020 ൽ രാജ്യത്തെ മികച്ച ക്ലബ്ബുകളിലൊന്നായ ബംഗളൂരു എഫ്.സിയിൽ നിന്ന് ക്ഷണം എത്തിയപ്പോൾ അത് സുദീർഘമായ പ്രയത്‌നത്തിന്റെ ശുഭകരമായ പര്യവസാനമായിരുന്നു. അപ്പോൾ യൂത്ത് ഐ-ലീഗിൽ രാമൻ വിജയൻ സോക്കർ സ്‌കൂളിന് കളിക്കുകയായിരുന്നു. ബംഗളൂരുവിന്റെ യൂത്ത് ടീമിനെതിരായ മത്സരത്തിലെ പ്രകടനം മുൻ ഇന്ത്യൻ താരം കൂടിയായ ബംഗളൂരു ബ്ലൂസ് കോച്ച് നൗഷാദ് മൂസയെ ആകർഷിച്ചു.
കഴിഞ്ഞ സീസണിലാണ് ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്കു വേണ്ടി അരങ്ങേറിയത്. അത് ഉദ്ദേശിച്ചതു പോലെയായില്ല. ബംഗളൂരു ആദ്യ 12 കളികളിൽ എട്ടും തോറ്റു. പക്ഷേ പിന്നീട് കളി മാറി. തുടർച്ചയായ മൂന്ന് വിജയങ്ങൾ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവന്നു. സ്റ്റാർട്ടിംഗ് ഇലവനിൽ തിരിച്ചെത്തിയ ശിവശക്തി രണ്ടു ഗോളടിച്ചു.
ജാംഷഡ്പൂർ എഫ്.സിക്കെതിരായ വിജയത്തിനു ശേഷം സുനിൽ ഛേത്രിയുമായി നടത്തിയ സംഭാഷണം ശിവശക്തി ഓർമിക്കുന്നു. സെമിയിലെത്തുമെന്ന് ശിവശക്തി കട്ടായം പറഞ്ഞു. അത്ര വിശ്വാസം പോരെന്നായിരുന്നു ഛേത്രിയുടെ മറുപടി. തുടർന്നുള്ള കളികളിൽ ശിവശക്തി ആറു ഗോളടിച്ചു. രണ്ട് ഗോളിന് വഴിയൊരുക്കി. അവസാന ഒമ്പതു കളികളും ജയിച്ച് ബംഗളൂരു പ്ലേഓഫിലെത്തി. ശിവശക്തിയെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതോടെ ബംഗളൂരു അക്ഷരാർഥത്തിൽ മാറി. വ്യത്യസ്ത രീതിയിലാണ് ശിവശക്തി ഗോളടിച്ചത്, ഒന്നാന്തരമായിരുന്നു ആ പാസിംഗ് ടെക്‌നിക്. രണ്ടു കാലു കൊണ്ടും ഗോളുണ്ടായിരുന്നു, ഹെഡറിലൂടെ, ഗോൾമുഖത്തു നിന്നുള്ള ടാപ്ഇൻ, ലോബ്, ഗോൾകീപ്പറെ വലംവെച്ച്... എല്ലാം. എളുപ്പം തീരുമാനമെടുക്കാനുള്ള കഴിവാണ് ശിവശക്തിയുടെ ശക്തിയെന്ന് ബംഗളൂരു കോച്ച് സൈമൺ ഗ്രേസൻ പറയുന്നു. ഐ.എസ്.എൽ ഫൈനലിൽ ആദ്യ മിനിറ്റിൽ തന്നെ പരിക്കേറ്റ് പിൻവാങ്ങേണ്ടി വന്നത് വലിയ ദുഃഖമായി. ബംഗളൂരു ഫൈനലിൽ തോറ്റു. ഇന്ത്യൻ ക്യാമ്പിലും ചേരാനായില്ല. എങ്കിലും ബംഗളൂരുവിന്റെ ടോപ്‌സ്‌കോററായി, ഛേത്രിക്കും റോയ് കൃഷ്ണക്കും മുകളിൽ. ശിവശക്തിയെയും സഹോദരൻ ശിവസുബ്രമണ്യത്തെയും പിതാവ് സി.ടി നടരാജൻ ചെറുപ്പത്തിലേ കളിപ്പിക്കുമായിരുന്നു. 2014 ൽ ഇരുവരും ചിദംബരത്തെ നോബ്ൾ അക്കാദമിയിലേക്ക് തെരഞ്ഞെടുത്തു. അവിടെ നിന്നാണ് രാമൻ വിജയൻ സോക്കർ അക്കാദമിയിലെത്തുന്നത്. പതിനാലാം വയസ്സിൽ പിതാവ് മരിച്ചു. കോയമ്പത്തൂരിലെ ഒരു ഹോസ്റ്റലിൽ പാചകക്കാരിയായി ചേർന്നാണ് അമ്മ മുത്തുലക്ഷ്മി മക്കളെ വളർത്തിയത്. രാമൻ വിജയനാണ് കുട്ടികളുടെ സ്‌കൂൾ ഫീസ് അടച്ചത്.
ഡ്യൂറന്റ് കപ്പിലാണ് ആ ദ്യം ബംഗളൂരു സീനിയർ ടീമിൽ ശിവശക്തിക്ക് അവസരം ലഭിച്ചത്. മുർതദ ഫദ്ൽ എന്ന അതികായനായ ഡിഫന്ററെ മറികടന്ന് ശിവശക്തി ഗോളടിച്ചു. ഉയരം ഒരു പ്രശ്‌നമല്ലെന്ന് ഛേത്രി ബോധ്യപ്പെടുത്തി. ഇന്ത്യൻ ടീമിൽ കരുത്തു തെളിയിക്കുകയാണ് ഇനി ശിവശക്തിയുടെ ലക്ഷ്യം. അടുത്ത മാർച്ചിലെ ഏഷ്യൻ കപ്പിനായി ഒരുങ്ങുകയാണ് യുവ സ്‌ട്രൈക്കർ.