Sorry, you need to enable JavaScript to visit this website.

വൈകിയെത്തിയ വസന്തങ്ങൾ

മോസ്‌കോ- പ്രീ ക്വാർട്ടറിൽ ജപ്പാൻ-ബെൽജിയം മത്സരം ഒരു കാര്യം ഉറപ്പിച്ചു. വൈകി വരുന്ന വസന്തങ്ങളാണ് ഈ ലോകകപ്പിന്റെ സവിശേഷത. കളിയുടെ അവസാന നിമിഷങ്ങളിൽ പിറക്കുന്ന വിസ്മയ ഗോളുകൾ വിജയിയെ നിർണയിക്കുന്നു. സമനിലയിൽ അവസാനിക്കുമെന്ന് കരുതുന്ന പോരാട്ടങ്ങൾക്ക് പെട്ടെന്നൊരു വഴിത്തിരിവ്. അവസാന നിമിഷത്തിലെ ഒരു ഗോൾ.
നാലു മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് തിങ്കളാഴ്ച ബെൽജിയത്തെ ജപ്പാൻ ഞെട്ടിച്ചത്. ബെൽജിയം മൂന്നെണ്ണം തിരിച്ചടിച്ച് വിജയം കൈപ്പിടിയിലാക്കി. അതിൽ വിജയ ഗോൾ പിറന്നത് ഇൻജുറി ടൈമിലെ നാലാം മിനിറ്റിൽ.
ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ മാത്രം 26 ലേറ്റ് ഗോളുകൾ പിറന്നതായി വിദഗ്ധർ കണക്കുകൂട്ടുന്നു. മിക്കതും എൺപതാം മിനിറ്റിന് ശേഷം. പലതും ഇൻജുറി ടൈമിൽ. പല മത്സരങ്ങളുടേയും ഗതിമാറ്റിയത് അവസാന നിമിഷത്തിലെ വല കുലുക്കങ്ങളാണ്. 
പ്രതിരോധത്തിന് ഊന്നൽ നൽകിയുള്ള കളിയാണ് മിക്ക ടീമുകളും പുറത്തെടുക്കുന്നത് എന്നതാണ് ഇതിന് ഒരു കാരണമായി പറയപ്പെടുന്നത്. ശക്തരായ ടീമുകൾക്കെതിരെ തുടക്കം മുതലേ വമ്പിച്ച പ്രതിരോധ മതിൽ പടുത്തുയർത്തുന്ന എതിർ കളിക്കാർ കളിയുടെ അവസാനമാകുമ്പോഴേക്കും വല്ലാതെ തളർന്നുപോകും. ഇത് മുതലാക്കി സ്‌ട്രൈക്കർമാർ ആഞ്ഞടിക്കുന്നത് അവസാന നിമിഷ ഗോളുകൾക്ക് കാരണമാകുന്നുണ്ടത്രേ.
ഇതുവരെയുള്ള മത്സരങ്ങൾ ഉടനീളം വീക്ഷിച്ചാൽ വൈകിയുള്ള ഗോളുകൾ എത്ര നിർണായകം എന്ന് മനസ്സിലാകും. ഉറുഗ്വായ്-ഈജിപ്ത് മത്സരത്തിൽ 89 ാം മിനിറ്റിൽ പിറന്ന ഗിമിനസിന്റെ ഗോൾ ഉറുഗ്വായിക്ക് വിജയം സമ്മാനിച്ചു. ഇറാൻ-മൊറോക്കോ മത്സരത്തിൽ മൊറോക്കോ തകർന്നത് ഇൻജുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ പിറന്ന സെൽഫ് ഗോളിൽ. എൺപത്തെട്ടാം മിനിറ്റിൽ റൊണാൾഡോ നേടിയ മിന്നും ഗോളാണ് സ്‌പെയിനിനെതിരെ പോർച്ചുഗലിന് സമനില നേടിക്കൊടുത്തത്. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഹാരി കെയ്ൻ നേടിയ ഹെഡർ ഗോൾ തുനീഷ്യക്കെതിരെ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു. ബ്രസീൽ-കോസ്റ്ററീക്ക മത്സരത്തിലും ഇൻജുറി ടൈമിനെ ആദ്യ മിനിറ്റ് നിർണായകമായി. 91 ാം മിനിറ്റിലെ കുട്ടിഞ്ഞോ ഗോളാണ് ബ്രസീലിന് ആശ്വാസം സമ്മാനിച്ചത്. ആറു മിനിറ്റിന് ശേഷം നെയ്മാർ വക രണ്ടാമത്തെ ഗോൾ.
കാലിനിൻഗ്രാഡിൽ സ്വിസ്-സെർബിയ മത്സരത്തിൽ അവസാന മിനിറ്റിലാണ് ഷെർദൻ ഷക്കീരിയുടെ ഗോളിലൂടെ സ്വിറ്റ്‌സർലാന്റ് വിജയം കുറിച്ചത്. ജർമനി-സ്വീഡൻ മത്സരത്തിൽ ഇൻജുറി സമയത്തെ ടോണി ക്രൂസ് ഗോളിൽ ചാമ്പ്യൻമാർ പ്രീ ക്വാർട്ടറിൽ കടന്നു. ഇയാഗോ ആസ്പാസിന്റെ 91 ാം മിനിറ്റിലെ ഗോളാണ് സ്‌പെയിൻ-മെറോക്കോ മത്സരത്തിൽ സ്‌പെയിന് സഹായമായത്. അർജന്റീന-നൈജീരിയ മത്സരത്തിൽ 86 ാം മിനിറ്റിലെ റോഹോ ഗോളാണ് അർജന്റീനയെ കാത്തുരക്ഷിച്ചത്. ഇല്ലെങ്കിൽ നൈജീരിയയുടെ മിന്നും പ്രകടനത്തിൽ ലിയണൽ മെസ്സിയും കൂട്ടരും നാണം കെട്ടേനേ. പിന്നീട് ജർമനിയെ നാണക്കേടിലേക്ക് തള്ളിവിട്ട ദക്ഷിണ കൊറിയയുടെ വിജയഗോൾ പിറന്നതും ഏറെ വൈകിയാണ്. 92 ാം മിനിറ്റിൽ. സൺ ഹ്യൂൻ മിങ് ആയിരുന്നു വിജയ ഗോളിന്റെ ശിൽപി.
 

Latest News