ബെർലിൻ- ലോകകപ്പിലെ നാണംകെട്ട തോൽവിക്ക് ശേഷവും ജർമനിയുട ദേശീയ കോച്ച് ജൊആചിം ലോ സ്ഥാനത്തു തുടരും. നിലവിലെ ചാമ്പ്യന്മാരായ ജർമനി ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയായിരുന്നു. എങ്കിലും ടീമിനെ പുനർനിർമിക്കുന്ന ദൗത്യം ലോ തന്നെ തുടരുമെന്ന് ജർമൻ ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.
12 വർഷമായി ലോ ആണ് ജർമൻ കോച്ച്. അതിനാൽ തന്നെ ടീമിന്റെ ശക്തിദൗർബല്യങ്ങൾ അദ്ദേഹത്തിന് നന്നായറിയാം. ടീമിനെ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാനാവുന്നതും ലോവിന് തന്നെ. ഇക്കാര്യം മനസ്സിലാക്കിയാണ് ദേശീയ കോച്ചിനെ നിലനിർത്തുന്നത്. ലോകകപ്പ് പോലെയുള്ള വമ്പൻ മത്സരങ്ങളിൽ പരാജയപ്പെടുന്നതോടെ ദേശീയ കോച്ചുമാർക്ക് സ്ഥാനം തെറിക്കുകയാണ് പതിവ്.
2014 ലെ ബ്രസീൽ ലോകകപ്പിൽ ജർമനിയെ ചാമ്പ്യൻ പട്ടത്തിലേക്ക് നയിച്ചതും ലോ തന്നെയാണ്. രാജ്യത്തെ ഫുട്‌ബോൾ മേഖലയിലെ നേതൃത്വം മുഴുവൻ ലോയെ പിന്തുണക്കുന്നുണ്ട്. 80 വർഷത്തിനിടെ ആദ്യമായി നോക്കൗട്ട് റൗണ്ടിൽ തന്നെ പുറത്തായ ജർമനിയുടെ വിധിയെ അതിനാൽ ലോയുടെ മാത്രം ചുമലിൽ കെട്ടിവെക്കാൻ അവർ തയാറല്ല. മെക്‌സിക്കോക്കും ദക്ഷിണ കൊറിയക്കും മുൻപിൽ തോൽവി ഏറ്റുവാങ്ങിയ ജർമനി ഗ്രൂപ്പിൽ അവസാനക്കാരായാണ് ഒടുങ്ങിയത്.
റഷ്യൻ ലോകകപ്പിന് തൊട്ടു മുൻപായി ലോയും ജർമൻ ഫുട്‌ബോൾ അസോസിയേഷനും 2022 ലോകകപ്പ് വരെ തുടരുന്നതിനുള്ള കരാർ ഒപ്പുവെച്ചിരുന്നു.
വമ്പൻമാർ ഒടുങ്ങി, ബ്രസീൽ തിളങ്ങി
സോചി- ലോക കപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചതോടെ, വമ്പൻ ടീമുകൾ മിക്കതും കടപുഴകി. കിരീട നേട്ടം പ്രതീക്ഷിച്ചവരിൽ നല്ലൊരു പങ്ക് മോസ്‌കോയിൽനിന്ന് മടങ്ങുകയാണ്. ചാമ്പ്യൻമാരായ ജർമനി, അർജന്റീന, പോർച്ചുഗൽ, സ്‌പെയിൻ എന്നീ ടീമുകൾക്കെല്ലാം കാലിടറി. ഇവരിൽ പലരും പല 'വിദഗ്ധരുടെയും' ചാമ്പ്യൻ പ്രവചന ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഇവരെല്ലാം തോറ്റു മടങ്ങിയതോടെ കണ്ണുകളെല്ലാം ബ്രസീലിലേക്കും ഇംഗ്ലണ്ടിലേക്കും ബെൽജിയത്തിലേക്കും തിരിയുന്നു.
പ്രീക്വാർട്ടറിലെ ആവേശപ്പോരാട്ടമായിരുന്നു ജപ്പാനും ബെൽജിയവും തമ്മിൽ തിങ്കളാഴ്ചത്തെ രണ്ടാം മത്സരം. ബെൽജിയം അനായാസം ജയിച്ചുകയറുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചു ജപ്പാൻ. 2-0 ന് മുന്നിൽനിന്ന അവർ വിജയം മണക്കുകയും ചെയ്തു. എന്നാൽ ജപ്പാൻ താരങ്ങളുടെ ഉയരക്കുറവ് തന്ത്രപരമായി മുതലാക്കിയ ബെൽജിയം രണ്ടാം പകുതിയുടെ അവസാനം ഇരച്ചുകയറുകയായിരുന്നു. ഹെഡർ ഗോളുകളിലൂടെ സമനില. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ വിജയം. ആരും സല്യൂട്ടടിച്ചുപോകുന്ന പോരാട്ടമായിരുന്നു ജപ്പാന്റേത്.
മെക്‌സിക്കോയെ അവരുടെ അഞ്ചാം കളിയുടെ ശാപം വെറുതെ വിട്ടില്ല. കഴിഞ്ഞ ആറ് ലോകകപ്പുകളിൽ അഞ്ചാമത്തെ കളിയിലേക്ക് കാലൂന്നാൻ മെക്‌സിക്കോക്ക് കഴിഞ്ഞിട്ടില്ലെന്ന ചരിത്രം തന്നെ റഷ്യയിലും ആവർത്തിച്ചു. നെയ്മാറിന്റെയും റോബർട്ടോ ഫിർമിനോയുടെയും അനായാസ ഗോളുകളിൽ മെക്‌സിക്കോ തകർന്നടിയുകയായിരുന്നു. ഗോൾ കീപ്പർ ഗില്ലർമോ ഒച്ചോവയുടെ ജാഗ്രതയാണ് കൂടുതൽ വലിയ പരാജയത്തിൽനിന്ന് മെക്‌സിക്കോയെ കരകയറ്റിയത്. ആറിന് നടക്കുന്ന ബ്രസീൽ-ബെൽജിയം ക്വാർട്ടറാണ് ഫുട്‌ബോൾ ആസ്വാദകർ കാത്തിരിക്കുന്ന മറ്റൊരു വിരുന്ന്.
ജപ്പാൻ താരങ്ങളുടെ ഉയരക്കുറവിനെച്ചൊല്ലി ഏത് ഫുട്‌ബോൾ പ്രേമിയും സങ്കടപ്പെടും അവരുടെ പ്രീ ക്വാർട്ടർ പ്രകടനം കണ്ടാൽ. നാലു മിനിറ്റിനിടെ രണ്ടു ഗോളുകൾ നേടിയാണ് അവർ മുന്നിട്ടു നിന്നത്. എന്നാൽ എത്ര ചാടിയാലും തലയിൽ കിട്ടാത്ത ഹെഡർ ഗോളുകളാണ് ബെൽജിയം തുറുപ്പുശീട്ടാക്കിയത്.
ലോകകപ്പിൽ ക്രമമായ പുരോഗതിയാണ് ബ്രസീലിന്റേത്. ഇത് അവരുടെ കപ്പ് സാധ്യതകൾ വർധിപ്പിക്കുന്നതായി പല ഫുട്‌ബോൾ പണ്ഡിതരും ചൂണ്ടിക്കാട്ടുന്നു. ജർമനി പോയി. മെസ്സിയും അർജന്റീനയും കളം വിട്ടു. റൊണാൾഡോയും പോർച്ചുഗലും മടക്ക വിമാനം കയറി. ബ്രസീലും നെയ്മാറും മോസ്‌കോയിൽ തന്നെയുണ്ട്. ബെൽജിയവുമായുള്ള ക്വാർട്ടറിൽ വിജയിച്ചു കയറിയാൽ, ബ്രസീൽ കപ്പടിക്കുമെന്ന് കരുതുന്നവർ ഏറെയാണ്.
എന്നാൽ വെല്ലുവിളികൾ മറക്കുന്നില്ല ബ്രസീൽ. 'ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. എന്നാൽ മറ്റു ടീമുകളുടെ കരുത്ത് കുറച്ചുകാണുന്നില്ല. പടിപടിയായി മുന്നോട്ടു പോവുക, ഫൈനലിൽ എത്തുക. ഇതാണ് ഞങ്ങളുടെ ആഗ്രഹം' -ബ്രസീൽ താരങ്ങൾ പറയുന്നു. 2-0 ന് മെക്‌സിക്കോയെ തകർത്താണ് അവർ നോക്കൗട്ട് റൗണ്ടിന് തുടക്കമിട്ടിരിക്കുന്നത്.