സിനിമാ ലൊക്കേഷനില്‍ പ്രണയിച്ചു തുടങ്ങിയ  ബച്ചന്‍ ദാമ്പത്യത്തിന്റെ 50-ാം വര്‍ഷത്തില്‍ 

മുംബൈ-താരദമ്പതിമാരായ അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും അന്‍പതാം വിവാഹവാര്‍ഷികമാണിന്ന്. 1973 ജൂണ്‍ മൂന്നിനായിരുന്നു അമിതാഭ് ബച്ചനും ജയയും വിവാഹിതരാകുന്നത്. ഒരു ഡസനിലധികം സിനിമകളില്‍ പ്രണയാര്‍ദ്രമായി ഒന്നിച്ചഭിനയിച്ച്  പ്രേക്ഷകരെ പാട്ടിലാക്കിയതിന് ശേഷമാണ് അമിതാഭ് ബച്ചനും ജയാ ബാദുരിയും വിവാഹത്തിലൂടെ ഒന്നായത്.
1970ന്റെ തുടക്കത്തിലാണ് അമിതാഭും ജയയും പരസ്പരം കണ്ടുമുട്ടുന്നത്. പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് കെ അബ്ബാസിനും ഒരു കൂട്ടം അഭിനേതാക്കള്‍ക്കുമൊപ്പം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അമിതാഭ് എത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. അന്നുതന്നെ അമിതാഭിന്റെ വ്യക്തിത്വം ജയയുടെ മനസില്‍ ഇടംപിടിച്ചു. അമിതാഭ് അന്ന് അഭിനയത്തിലേക്ക് പിച്ചവച്ച് തുടങ്ങിയ സമയമായിരുന്നു. പക്ഷേ ജയാ ബാദുരി അപ്പോഴേക്കും ഒരു ലേഡി സ്റ്റാര്‍ ആയി മാറിയിരുന്നു. കാലങ്ങള്‍ക്ക് ശേഷം ഹൃഷികേശ് മുഖര്‍ജിയാണ് ഗുഡ്ഡി എന്ന സിനിമയിലൂടെ ഈ താരജോഡിയെ ആദ്യമായി ഒന്നിപ്പിച്ചത്. അധികം താമസിയാതെ ഇവര്‍ തമ്മില്‍ പ്രണയത്തിലായി. 'ഏക് നസറി'ന്റെ സെറ്റില്‍ വച്ച് ജയയാണ് അമിതാഭ് ബച്ചനോട് തന്റെ പ്രണയം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് 1973 ജൂണ്‍ മൂന്നിന് ഇരുവരും വിവാഹിതരാവുകയായിരുന്നു.
 

Latest News