Sorry, you need to enable JavaScript to visit this website.

ആ ചാമ്പ്യന്മാര്‍ക്കൊപ്പം ഞാനില്ല -ബിന്നി

ന്യൂദല്‍ഹി - ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗിക പീഡനമാരോപിച്ച് രാജ്യാന്തര ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കിയ 1983 ലെ ലോകകപ്പ് ടീമംഗങ്ങളുടെ കൂട്ടത്തില്‍ നിന്ന് ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി പിന്മാറി. കളിയും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്നും ഗുസ്തി താരങ്ങള്‍ക്കു വേണ്ടി താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും ബിന്നി വ്യക്തമാക്കി. 
രാജ്യം ആരാധിക്കുന്ന ക്രിക്കറ്റര്‍മാര്‍ ഉള്‍പ്പെടെ വലിയ താരങ്ങള്‍ നീതി പുലരണമെന്ന നിഷ്പക്ഷ പ്രസ്താവന പോലും ഇറക്കാന്‍ ധൈര്യം കാണിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ലോക ചാമ്പ്യന്‍ഷിപ്പ് മെഡലിസ്റ്റായ വിനേഷ് ഫോഗട് ആരോപിച്ചിരുന്നു. വര്‍ത്തമാനകാല കളിക്കാര്‍ പ്രതികരിക്കാന്‍ ഭയം കാണിക്കുമ്പോഴാണ് കപില്‍ദേവും സുനില്‍ ഗവാസ്‌കറുമടങ്ങുന്ന പഴയകാല സൂപ്പര്‍താരങ്ങള്‍ സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചത്. ഗുസ്തിക്കാരെ സുരക്ഷാസേന തലസ്ഥാന നഗരിയുടെ തെരുവില്‍ കൈകാര്യം ചെയ്ത രീതി നിരാശയും പ്രയാസവും സൃഷ്ടിച്ചെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 1983 ലെ ചാമ്പ്യന്‍ ടീമിലെ എല്ലാ കളിക്കാരും പ്രസ്താവനയുമായി യോജിക്കുന്നുവെന്ന് അന്നത്തെ ക്യാപ്റ്റന്‍ കപില്‍ദേവ് വ്യക്തമാക്കിയിരുന്നു. 24 മണിക്കൂര് പിന്നിട്ടപ്പോഴാണ് ബിന്നി പിന്മാറിയത്. ബിന്നിയായിരുന്നു ആ ലോകകപ്പില്‍ വിക്കറ്റ്‌കൊയ്ത്തില്‍ ഒന്നാമന്‍.
പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന താരങ്ങളുടെ പ്രസ്താവനയില്‍ വലിയ ആശങ്കയുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ആ മെഡലുകള്‍. അത് രാജ്യത്തിന്റെ കൂടിയാണ്. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുതെന്ന് അവരോട് അഭ്യര്‍ഥിക്കുന്നു. അവരുടെ പരാതി രമ്യമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ ചാമ്പ്യന്‍ താരങ്ങളെ  കൈകാര്യം ചെയ്ത രീതിയും പ്രയാസമുണ്ടാക്കുന്നു. നിയമം ഇക്കാര്യത്തില്‍ നടപ്പാക്കപ്പെടുമെന്നാണ് കരുതുന്നത് -സംയുക്ത പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. 
അന്നത്തെ ടീമിലെ 14 പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. രവിശാസ്ത്രി, മൊഹീന്ദര്‍ അമര്‍നാഥ്, കൃഷ്ണമാചാരി ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റു കളിക്കാര്‍.  അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പഠാന്‍, മനോജ് തിവാരി തുടങ്ങി ഏതാനും ക്രിക്കറ്റര്‍മാര്‍ മാത്രമാണ് ഇതുവരെ പ്രതികരിക്കാന്‍ തയാറായത്.
 

Latest News