പാരിസ് - മുപ്പത്തിനാലാം റാങ്കുകാരന്‍ ദാവിദോവിച് ഫോകീനക്കു മുന്നില്‍ വിറച്ചെങ്കിലും മൂന്നാം സീഡ് നോവക് ജോകോവിച് ഫ്രഞ്ച് ഓപണ്‍ ടെന്നിസില്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ആദ്യ രണ്ട് സെറ്റിലും ദാവിദോവിച് ടൈബ്രേക്കര്‍ വരെ പൊരുതി. അതേസമയം വനിതാ മൂന്നാം സീഡ് ജെസിക്ക പെഗൂലയെ ബെല്‍ജിയത്തിന്റെ എലിസ് മെര്‍ടന്‍സ് നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്തു (6-1, 6-3). പുരുഷ എട്ടാം സീഡ് ആന്ദ്രെ റൂബലേവും പുറത്തായി.
കഴിഞ്ഞ അഞ്ച് ഗ്രാന്റ്സ്ലാമുകളില്‍ നാലിലും പെഗൂല ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെങ്കിലും മുന്നേറിയിരുന്നു. കോടീശ്വരിയായ പെഗൂലയുടെ മാതാപിതാക്കള്‍ എന്‍.എഫ്.എല്‍, എന്‍.എച്ച്.എല്‍ ക്ലബ്ബുകളുടെ ഉടമകളാണ്. അഞ്ചാം സീഡ് കരൊലൈന്‍ ഗാര്‍സിയ, എട്ടാം സീഡ് മരിയ സക്കാരി, പത്താം സീഡ് പെട്ര കവിറ്റോവ എന്നിവരും പുറത്തായി. 32 വനിതാ സീഡ് കളിക്കാരില്‍ ആദ്യ രണ്ട് റൗണ്ട് പിന്നിടാന്‍ 12 പേര്‍ക്കേ സാധിച്ചുള്ളൂ. ഇനി പത്ത് പേരേ അവശേഷിക്കുന്നുള്ളൂ.
2021 ലെ ഫ്രഞ്ച് ഓപണ്‍ റണ്ണര്‍അപ് അനസ്താസിയ പാവ്‌ലുചെങ്കോവയുമായാണ് മെര്‍ടന്‍സ് പ്രി ക്വാര്‍ട്ടര്‍ കളിക്കുക. പാവ്‌ലുചെങ്കോവ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം അനസ്താസിയ പോടപോവയെ തോല്‍പിച്ചു.






