ഇന്ത്യന്‍ പാര്‍ലമെന്റിലെ അഖണ്ഡ് ഭാരത് ചുവര്‍ ചിത്രത്തെ ചൊല്ലി നേപ്പാളില്‍ വിവാദം

കാഠ്മണ്ഡു- ഇന്ത്യയില്‍ ഉദ്ഘാടനം ചെയ്ത പുതിയ  പാര്‍ലമെന്റ് മന്ദിരത്തിലെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചുവര്‍ ചിത്രത്തെച്ചൊല്ലി നേപ്പാളില്‍ വിവാദം. അവിഭക്ത ഇന്ത്യയുടെ ഭൂപടമായാണ് ചുവര്‍ ചിത്രം വ്യാഖ്യാനിക്കപ്പെടുന്നത്. പാര്‍ട്ടി ലൈനുകള്‍ക്ക് അതീതമായാണ് നേപ്പാളി രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. 
ചുവര്‍ ചിത്രത്തില്‍ ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി അടയാളപ്പെടുത്തിയതിനാല്‍ ഈ പ്രദേശത്തിന്മേല്‍ ഇന്ത്യയുടെ അവകാശവാദത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് നേപ്പാളി നേതാക്കള്‍ പറയുന്നത്. 'അഖണ്ഡ് ഭാരത്' ചുവര്‍ചിത്രം നേപ്പാള്‍ ഉള്‍പ്പെടെയുള്ള അയല്‍പക്കങ്ങളില്‍ അനാവശ്യവും ദോഷകരവുമായ നയതന്ത്ര തര്‍ക്കത്തിന് കാരണമായേക്കാമെന്ന് മുന്‍ നേപ്പാളി പ്രധാനമന്ത്രി ബാബുറാം ഭട്ടാറായി പറഞ്ഞു. ഇന്ത്യയുടെ ഒട്ടുമിക്ക അയല്‍രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇതിനകം തന്നെ നശിപ്പിക്കുന്ന വിശ്വാസക്കുറവ് ഭൂപടത്തെ ചൊല്ലി ഇനിയും വഷളാകാനുള്ള സാധ്യതയുണ്ടെന്നും ഭട്ടാറായി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ചുവര്‍ചിത്രത്തെ 'അഖണ്ഡ് ഭാരത്' എന്ന് ആദ്യം വിശേഷിപ്പിച്ചത്.
നേപ്പാളി പ്രധാനമന്ത്രി പ്രചണ്ഡ തന്റെ ഇന്ത്യാ പര്യടനം ആരംഭിക്കുകയും മോദിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തപ്പോഴാണ് നേപ്പാള്‍ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായത്.
2019 നവംബറില്‍ കാലാപാനി പ്രദേശം ഉത്തരാഖണ്ഡിന്റെ ഭാഗമായി കാണിച്ച് ഇന്ത്യ രാഷ്ട്രീയ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. അതേതുടര്‍ന്ന് വലിയ തര്‍ക്കമാണ് ഉടലെടുത്തത്.

Latest News