ന്യൂദല്‍ഹി -ഐ.എസ്.എല്‍ പ്ലേഓഫില്‍ ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ നല്‍കിയ ശിക്ഷയുമായി ബന്ധപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാന്‍ വുകൂമനോവിച്ചും നല്‍കിയ അപ്പീല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അപ്പീല്‍ കമ്മിറ്റി. അച്ചടക്ക സമിതി നല്‍കിയ ശിക്ഷ അവര്‍ ശരി വെച്ചു. വുകൂമനോവിച്ചിന് അഞ്ചു ലക്ഷം രൂപ പിഴയും 10 കളികളില്‍ വിലക്കുമാണ് നല്‍കിയിരുന്നത്. ബ്ലാസ്റ്റേഴ്‌സിന് നാലു കോടി രൂപയും പിഴ വിധിച്ചിരുന്നു. അക്ഷയ് ജയ്റ്റ്‌ലി അധ്യക്ഷനായ അപ്പീല്‍ കമ്മിറ്റി രണ്ടും ശരി വെച്ചു.
മാര്‍ച്ച് മൂന്നിന് നടന്ന പ്ലേഓഫില്‍ റഫറിയുടെ വിധിയില്‍ പ്രതിഷേധിച്ച വുകൂമനോവിച്ച് കളിക്കാരെ പുറത്തേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് വിസമ്മതിച്ചു. മാര്‍ച്ച് 31 നാണ് അച്ചടക്ക സമിതി ശിക്ഷ വിധിച്ചത്. രണ്ടാഴ്ചക്കകം പിഴയടക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ക്ലബ്ബും കോച്ചും പരസ്യമായി മാപ്പ് പറയണമെന്നും ഉത്തരവിട്ടു. മാപ്പ് പറഞ്ഞില്ലെങ്കില്‍ ക്ലബ്ബിന്റെ പിഴ ആറു കോടിയായും വുകൂമനോവിച്ചിന്റെ പിഴ 10 ലക്ഷം രൂപയായും വര്‍ധിക്കുമെന്നും വിധിച്ചു.
സൗമനസ്യം കാണിക്കണമെന്നും മത്സരം ഉപേക്ഷിക്കുന്നതിനുള്ള ചെറിയ ശിക്ഷയില്‍ ഒതുക്കണമെന്നുമാണ് അപ്പീലില്‍ ആവശ്യപ്പെട്ടത്. പിഴയും വിലക്കും പൂര്‍ണമായി നീക്കണമെന്ന് കോച്ച് അഭ്യര്‍ഥിച്ചു. രണ്ടും അപ്പീല്‍ കമ്മിറ്റി തള്ളി. മാത്രമല്ല, വിലക്ക് കാലത്ത് വുകൂമനോവിച് ഏത് ടീമിലായാലും ആ ടീമിന്റെ ഡ്രസ്സിംഗ് റൂമിലോ ടീം ബെഞ്ചിലോ ഉണ്ടാവരുതെന്നും വിധിച്ചു.






