ബ്രിജ്ഭൂഷനെതിരെ ഗുരുതര ആരോപണങ്ങള്‍, മോഡിയെ അറിയിച്ചിരുന്നുവെന്നും താരങ്ങള്‍

ന്യൂദല്‍ഹി - ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ താരങ്ങളുടെ പരാതിയില്‍ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍. വര്‍ഷങ്ങളായി ബ്രിജ്ഭൂഷന്റെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുകയായിരുന്നു തങ്ങളെന്ന് പലരും മൊഴി നല്‍കി. സുപ്രീം കോടതി ഇടപെട്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ 28 ന് കോണോട്‌പ്ലെയ്‌സ് പോലീസ് സ്‌റ്റേഷനില്‍ ദല്‍ഹി പോലീസ് രണ്ട് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. ചാരിത്ര്യം കവരാനുള്ള ശ്രമം (ഐ.പി.സി 354), ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ബി.ജെ.പി എം.പിക്കെതിരെ ചുമത്തിയിരിക്കുന്നത്. സെക്രട്ടറി വിനോദ് തോമറിനെതിരെയും പരാതിയുണ്ട്. 
പരാതിക്കാരിലൊരാള്‍ക്ക് 17 വയസ്സേയുള്ളൂ. പിതാവാണ് അവര്‍ക്കു വേണ്ടി പരാതി നല്‍കിയിരിക്കുന്നത്. 2016 മുതല്‍ ഈ പെണ്‍കുട്ടി മത്സര രംഗത്തുണ്ട്. ഒരു ആഭ്യന്തര ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടി മെഡല്‍ നേടിയപ്പോള്‍ ബ്രിജ്ഭൂഷണ്‍ ശ്വാസം വിടാനാവാത്ത വിധം അവളെ ചേര്‍ത്തുപിടിച്ചുവെന്നും മാറില്‍ മാറില്‍ കൈ ചേര്‍ത്തുവെച്ചുവെന്നും പരാതിയില്‍ പറയുന്നു. സഹകരിച്ചാല്‍ കാര്യമുണ്ടാവുമെന്നും ഇല്ലെങ്കില്‍ ട്രയല്‍സില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും പറയുകയും ചെയ്തു. മകള്‍ ഭയപ്പെട്ടു പോയെന്നും ഫെഡറേഷന്‍ പ്രസിഡന്റിനെതിരെ പരാതി നല്‍കിയാല്‍ കരിയര്‍ നശിച്ചുപോവുമെന്ന് കരുതിയതിനാലാണ് അന്ന് അതിന് മുതിരാതിരുന്നതെന്നും പിതാവ് പറയുന്നു. 
കഴിഞ്ഞ ഓഗസ്റ്റില്‍  ലൈംഗിക പീഡനമുണ്ടായെന്നാണ് മറ്റൊരു ഗുസ്തി താരം പരാതി നല്‍കിയിരിക്കുന്നത്. പരിശീലനം നടത്തുന്നതിനിടെ ഒറ്റക്ക് വിളിച്ചു. മറ്റു പെണ്‍കുട്ടികളെ അപമര്യാദയായി സ്പര്‍ശിക്കുന്നത് കണ്ടതിനാല്‍ പോവാന്‍ മടിച്ചു.  എങ്കിലും നിര്‍ബന്ധപൂര്‍വം വിളിക്കുകയും ടി ഷര്‍ട് വലിച്ച് വയറില്‍ കൈ വെക്കുകയും ചെയ്തു. എല്ലാ വനിതാ ഗുസ്തി താരങ്ങളും ഒരുമിച്ചേ സഞ്ചരിക്കുമായിരുന്നുള്ളൂ. ഫെഡറേഷന്‍ പ്രസിഡന്റിനെ നേരിടാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. മാന്യമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മുന്നില്‍ പെടാന്‍ പേടിയായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. സ്‌പോര്‍ട്‌സ് മന്ത്രാലയം പരിശോധിക്കുമെന്നും വൈകാതെ മന്ത്രാലയത്തില്‍ നിന്ന് വിളിച്ച് വിശദാംശങ്ങള്‍ അന്വേഷിക്കുമെന്നും പ്രധാനമന്ത്രി വാക്ക് നല്‍കി -പരാതിയില്‍ പറയുന്നു.
അന്വേഷണത്തിനായി നിയമിച്ച മേല്‍നോട്ട സമിതി പരാതിക്കാരനെ ന്യായീകരിക്കാന്‍ ശ്രമിച്ചത് ഞെട്ടിച്ചുവെന്ന് മറ്റൊരു പരാതിയില്‍ പറയുന്നു. പൂര്‍ണമായി പരാതി രേഖപ്പെടുത്തിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു. കോപ്പി നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ തയാറായില്ല -അവര്‍ പറഞ്ഞു. ജന്തര്‍ മന്തറില്‍ സമരം നടക്കവെ പ്രതി ഭര്‍ത്താവ് മുഖേന തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചു. മേല്‍നോട്ട സമിതിയില്‍ പരാതി പറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി -പരാതിയില്‍ ബോധിപ്പിച്ചു. നിതംബത്തില്‍ പിടിച്ചതായും ലൈംഗികമായി സഹകരിച്ചാല്‍ ഫുഡ് സപ്ലിമെന്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും ഗുസ്തി താരങ്ങള്‍ പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. പരിക്കേറ്റ സമയത്ത് ഫെഡറേഷന്‍ ഓഫീസില്‍ വിളിപ്പിച്ചുവെന്നും തന്റെ ലൈംഗികദാഹം ശമിപ്പിച്ചാല്‍ എല്ലാ ചികിത്സാ ചെലവുകളും വഹിക്കാമെന്ന് വാഗ്ദാനം നല്‍കിയതായും മറ്റൊരു താരം പറഞ്ഞു. 
 

Latest News