ധോണിയുടെ കാല്‍മുട്ടിന് ശസ്ത്രക്രിയ

ചെന്നൈ - കാല്‍വേദനയുമായി ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കിരീടത്തിലേക്കു നയിച്ച ശേഷം മഹേന്ദ്ര സിംഗ് ധോണി ശസ്ത്രക്രിയക്ക് വിധേയനായി. മുംബൈ കോകിലബന്‍ ധീരുഭായി അംബാനി ആശുപത്രിയിലാണ് ധോണിയുടെ കാല്‍മുട്ടിന് താക്കോല്‍ദ്വാര ശസ്ത്രക്രിയ ചെയ്തത്. ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞതിനു പിന്നാലെ അഹമ്മദാബാദില്‍ നിന്ന് ബുധനാഴ്ച ഡോ. ദിന്‍ഷ പര്‍ദിവാലയെ കാണാന്‍ ധോണി മുംബൈയിലെത്തിയിരുന്നു. ഡോ. പര്‍ദിവാല അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റാണ്. റിഷഭ് പന്ത്, നീരജ് ചോപ്ര എന്നിവരെ സമീപകാലത്ത് ചികിത്സിച്ച പര്‍ദിവാല ബി.സി.സി.ഐയുടെ ഡോക്ടര്‍മാരുടെ പാനലിലെ അംഗം കൂടിയാണ്. 
സര്‍ജറി വിജയകരമായിരുന്നുവെന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ കാശി വിശ്വനാഥന്‍ പറഞ്ഞു. വൈകുന്നേരത്തോടെ ആശുപത്രി വിട്ട ധോണി ഭാര്യ സാക്ഷിയോടൊപ്പം റാഞ്ചിയിലെ വീട്ടിലെത്തി വിശ്രമിക്കുകയാണ്. ആശുപത്രിയില്‍ കഴിയുമ്പോള്‍ സന്ദര്‍ശകരും മാധ്യമശ്രദ്ധയും ഉണ്ടാവുമെന്നതിനാലാണ് വീട്ടിലേക്ക് പോയതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. 
കാല്‍മുട്ടിന് കെട്ടുമായാണ് ധോണി ഈ സീസണ്‍ മുഴുവന്‍ കളിച്ചത്. വിക്കറ്റിനിടയില്‍ ഓടാന്‍ പ്രയാസമനുഭവപ്പെട്ടതിനാല്‍ ബൗണ്ടറികളും സിക്‌സറുകളും വഴിയാണ് റണ്‍സ് നേടാന്‍ ശ്രമിച്ചത്. ബാറ്റിംഗിന് വന്നത് തന്നെ എട്ടാമനായാണ് 
ധോണിയുടെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡോ. മധു തോട്ടപ്പിലിനെ ചുമതലപ്പെടുത്തിയിരുന്നു. 
 

Latest News