74 എററുകള്‍, കീ കൈവിട്ട് മാഡിസന്‍ കീസ്‌

പാരിസ് - ടോപ് സീഡും നിലവിലെ ചാമ്പ്യനുമായി ഈഗ ഷ്വിയോന്‍ടെക് ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഈഗ നേരിട്ടുള്ള സെറ്റുകളില്‍ അമേരിക്കയുടെ ക്ലയര്‍ ലിയുവിനെ തറപറ്റിച്ചു (6-3, 6-0). നിലവിലെ റണ്ണര്‍അപ് കോക്കോ ഗഫ്, തുനീഷ്യന്‍ താരം ഉന്‍സ് ജാബിര്‍ എന്നിവരും മൂന്നാം റൗണ്ടിലെത്തി. വിംബിള്‍ഡണ്‍ ചാമ്പ്യനും നാലാം സീഡുമായ എലീന റിബാകിനെ ചെക് റിപ്പബ്ലിക്കിന്റെ പതിനെട്ടുകാരി ലിന്‍ഡ നോസ്‌കോവയെ 6-3, 6-3 ന് തോല്‍പിച്ചു. റിബാകീനക്ക് ആറടി ഉയരമുണ്ട്. കസാഖുകാരി തന്റെ ഉയരം പരമാവധി മുതലെടുക്കുന്ന കളി ശൈലിയാണ് വളര്‍ത്തിയെടുത്തിരിക്കുന്നത്. എന്നാല്‍ കളിമണ്‍ കോര്‍ടില്‍ ചടുലമായി നീങ്ങുന്നതിന് ഉയരം പ്രശ്‌നമാമെന്ന് റിബാകീന പറഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനലിസ്റ്റാണ് റിബാകീന. 
അമ്പരപ്പിക്കുന്ന 74 അണ്‍ഫോഴ്‌സ്ഡ് എററുകള്‍ വരുത്തിയ മാഡിസന്‍ കീസിനെ അമേരിക്കയുടെ തന്നെ കയ്‌ല ഡേ 6-2, 4-6, 6-4 ന് തോല്‍പിച്ചു. 2016 ലെ യു.എസ് ഓപണ്‍ ഗേള്‍സ് ചാമ്പ്യനാണ് ഡേ. 
പുരുഷ വിഭാഗത്തില്‍ ഇരട്ട ഗ്രാന്റ്സ്ലാം ഫൈനലിസ്റ്റായ കാസ്പര്‍ റൂഡ് മൂന്നാം റൗണ്ടിലെത്തി. പതിനെട്ടാം സീഡ് അലക്‌സ് ഡി മിനോര്‍ അര്‍ജന്റീനയുടെ മാര്‍ടിന്‍ എച്ചവറിയോട് തോറ്റു. 


 

Latest News