പാരിസ് - കളിക്കുമ്പോള്‍ ശ്രവണസഹായി ധരിക്കുന്നത് യാനിക് ഹാന്‍ഫ്മാന് ഇഷ്ടമല്ല. ഫുട്‌ബോളിലെ പ്രതീക്ഷാനിര്‍ഭരമായ കരിയര്‍ മുന്നോട്ടുപോവാതിരുന്നത് സഹതാരങ്ങളുമായി ആശയവിനിമയം സാധ്യമാവാതിരുന്നതോടെയാണ്. അത് ടെന്നിസിന് ഗുണമായി. മുപ്പത്തൊന്നുകാരന്‍ ആദ്യമായി ഫ്രഞ്ച് ഓപണിന്റെ രണ്ടാം റൗണ്ടിലെത്തി. കോര്‍ടിന് പുറത്ത് ശ്രവണസഹായി ധരിക്കാറുള്ള ഹാന്‍ഫ്മാന്‍ കോര്‍ടില്‍ ശബ്ദമില്ലാത്ത ലോകത്താണ്. ബ്രസീലുകാരന്‍ തിയാഗൊ മോണ്ടേരോയെയാണ് ഹാന്‍ഫ്മാന്‍ അഞ്ചു സെറ്റ് പോരാട്ടത്തില്‍ തോല്‍പിച്ചത്.
ജര്‍മനിയിലെ കാള്‍സ്‌റൂ ഫുട്‌ബോള്‍ ക്ലബ്ലിന്റെ ജൂനിയര്‍ കളിക്കാരനായിരുന്നു ഹാന്‍ഫ്മാന്‍. എന്നാല്‍ ജന്മനായുള്ള കേള്‍വിക്കുറവ് ഫുട്‌ബോളിലെ വളര്‍ച്ചക്ക് വിഘാതമായി. സഹതാരങ്ങളുടെയും കോച്ചുമാരുടെയും നിര്‍ദേശം കേള്‍ക്കാനാവാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ടെന്നിസില്‍ ആ പ്രശ്‌നങ്ങളൊന്നുമില്ല.
ലോക അറുപത്തഞ്ചാം റാങ്കുകാരനാണ് ഹാന്‍ഫ്മാന്‍. ഇത്തവണ യോഗ്യതാ റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യ റൗണ്ടില്‍ നിന്ന് ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ ബോണ്‍സി പിന്മാറിയതോടെ അവസരം തുറന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപണ്‍ രണ്ടാം റൗണ്ടില്‍ റഫായേല്‍ നദാലിനോടാണ് തോറ്റത്. ഈ വര്‍ഷം യോഗ്യതാ റൗണ്ടില്‍ നിന്ന് മുന്നേറി ഇറ്റാലിയന്‍ ഓപണിന്റെ ക്വാര്‍ട്ടര്‍ വരെയെത്തി.






