ലണ്ടന്‍ - ഹാട്രിക് കിരീടമെന്ന സ്വപ്‌നത്തിലേക്കുള്ള കുതിപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ശനിയാഴ്ച വെംബ്ലിയില്‍ രണ്ടാം സ്റ്റോപ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും സിറ്റിയും തമ്മിലുള്ള ഡാര്‍ബി യുനൈറ്റഡിന് ഈ സീസണിലെ അവസാന മത്സരം കൂടിയാണ്. സിറ്റിക്ക് 10ന് ഇസ്താംബൂളില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ നേരിടാനുണ്ട്.
രണ്ട് ടീമുകളും ഈ സീസണിലെ രണ്ടാമത്തെ കിരീടത്തിനായാണ് വെംബ്ലിയില്‍ കളത്തിലിറങ്ങുക. സിറ്റി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാണ്. അത്ര പൊലിമയില്ലെങ്കിലും യുനൈറ്റഡ് ഇംഗ്ലിഷ് ലീഗ് കപ്പ് നേടി. ഫെബ്രുവരിയിലെ ലീഗ് കപ്പ് വിജയം യുനൈറ്റഡിന്റെ ആറു വര്‍ഷത്തെ കിരീടവരള്‍ച്ചയാണ് അവസാനിപ്പിച്ചത്. കോച്ച് എറിക് ടെന്‍ ഹാഗിന്റെ പ്രതീക്ഷാനിര്‍ഭരമായ ആദ്യ സീസണ്‍ മറ്റൊരു കിരീടവിജയത്തോടെ അവസാനിപ്പിക്കാനാവുമോയെന്നാണ് യുനൈറ്റഡ് നോക്കുന്നത്. അത് യുനൈറ്റഡിന്റെ ഒരു അഭിമാന റെക്കോര്‍ഡ് നിലനിര്‍ത്തുന്നതിന് കൂടി സഹായിക്കും. കാരണം ഇംഗ്ലണ്ടില്‍ അവര്‍ മാത്രമേ ഒരു സീസണില്‍ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് ഹാട്രിക് നേടിയിട്ടുള്ളൂ. സിറ്റി ജയിച്ചാല്‍ അവര്‍ ആ റെക്കോര്‍ഡിന് ഒരുപടി കൂടി അടുത്തെത്തും.
ഫെബ്രുവരി മുതല്‍ അസാധ്യ ഫോമിലാണ് സിറ്റി. പ്രീമിയര്‍ ലീഗില്‍ അവസാന രണ്ടു മാസത്തെ കുതിപ്പിലാണ് അവര്‍ ആഴ്‌സനലിനെ മറികടന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെയും റയല്‍ മഡ്രീഡിനെയും വീഴ്ത്തി. അവസാന 26 കളികളില്‍ ഇരുപതും അവര്‍ ജയിച്ചു. ആ അജയ്യ കുതിപ്പിന് അന്ത്യമായത് അപ്രസക്തമായ അവസാന ലീഗ് മത്സരത്തില്‍ കഴിഞ്ഞയാഴ്ച രണ്ടാം നിര ടീം ഇറങ്ങിയപ്പോഴാണ്. അതിനിടയില്‍ റയലിനെ 4-0 നും ആഴ്‌സനലിനെ 4-1 നും യുനൈറ്റഡിനെ 6-3 നുമൊക്കെ തോല്‍പിച്ചു.
യുനൈറ്റഡ് പതിമൂന്നാമത്തെ എഫ്.എ കപ്പാണ് ലക്ഷ്യമിടുന്നത്. ആഴ്‌സനല്‍ മാത്രമേ കൂടുതല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ളൂ (14). പ്രീമിയര്‍ ലീഗില്‍ ട്രോഫി ഉറപ്പിച്ച ശേഷം സിറ്റിയുടെ താളം നഷ്ടപ്പെട്ടതും എവേ മത്സരങ്ങളില്‍ അത്ര ആധികാരികതയില്ലെന്നതുമാണ് യുനൈറ്റഡിന് പ്രതീക്ഷ നല്‍കുന്നത്. എര്‍ലിംഗ് ഹാളന്റ് ഈ സീസണില്‍ 52 ഗോളടിച്ചു കഴിഞ്ഞു, എന്നാല്‍ അവസാന ആറെണ്ണത്തില്‍ ഒരു ഗോള്‍ മാത്രമേയുള്ളൂ. യുനൈറ്റഡാവട്ടെ അവസാന നാലു കളികളും ജയിച്ച് കുതിക്കുകയാണ്. ഈ ടീമുകള്‍ തമ്മില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ യുനൈറ്റഡാണ് 2-1 ന് ജയിച്ചത്.
സിറ്റി കോച്ച് പെപ് ഗാഡിയോള പരിശീല കരിയറിലെ മുപ്പത്തിനാലാമത്തെ ട്രോഫിക്കു വേണ്ടിയാണ് കച്ചമുറുക്കുന്നത്. സിറ്റിയിലെ ഏഴു വര്‍ഷത്തിനിടയിലെ പതിമൂന്നാമത്തെ ട്രോഫിക്കു വേണ്ടിയും.






