Sorry, you need to enable JavaScript to visit this website.

ആദ്യ ഇരുപതില്‍ രണ്ടു പേര്‍ മാത്രം, ചെന്നൈയുടേത് കൂട്ടായ്മയുടെ ജയം

ചെന്നൈ - ഈ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം നേടിയിട്ടുണ്ടെങ്കില്‍ അത് കൂട്ടായ്മയുടെ മാത്രം വിജയമാണ്. ടൂര്‍ണമെന്റില്‍ മൂല്യവത്തായ 10 കളിക്കാരുടെ പട്ടികയില്‍ ഒരു ചെന്നൈ താരമേയുള്ളൂ -രവീന്ദ്ര ജദേജ, ഒമ്പതാം സ്ഥാനത്ത്. ആദ്യ ഇരുപതില്‍ തന്നെ മറ്റൊരു ചെന്നൈ താരം കൂടിയേയുള്ളൂ, ഋതുരാജ് ഗെയ്ക്‌വാദ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ മൂന്നു കളിക്കാരും മുംബൈ ഇന്ത്യന്‍സിന്റെ നാലു പേരും ആദ്യ പത്തിലുണ്ടായിരുന്നു. ആദ്യ ഇരുപതില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നാലു കളിക്കാരുണ്ട്. അതില്‍ രണ്ടു പേര്‍ ആദ്യ അഞ്ചിലാണ്. മികച്ച അഞ്ച് ബൗളര്‍മാരിലോ അഞ്ച് ബാറ്റര്‍മാരിലൊ ഒരു ചെന്നൈ കളിക്കാരനുമില്ല. എന്നിട്ടും ചെന്നൈ ജയിച്ചത് ഒരുമിച്ച് പോരാടിയാണ്. ഏതാനും സൂപ്പര്‍ കളിക്കാരുണ്ടായത് കൊണ്ട് കിരീടം നേടാനാവില്ലെന്ന് ആദ്യ ഐ.പി.എല്ലില്‍ ഷെയ്ന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സ് മുതല്‍ തെളിയിക്കുന്നതാണ്. 
ഈ സീസണിലെ മികച്ച കളിക്കാരുള്‍പ്പെട്ട ടീമില്‍ ഓപണര്‍മാര്‍ ആരെന്നതില്‍ സംശയമില്ല -ഫാഫ് ഡുപ്ലെസിയും (ബാംഗ്ലൂര്‍) ശുഭ്മന്‍ ഗില്ലും (ഗുജറാത്ത്). 14 കളിയില്‍ എട്ട് അര്‍ധ ശതകങ്ങളുണ്ട് ഡുപ്ലെസിക്ക്. ചെറിയ സ്‌കോര്‍ 17. ഗില്‍ മൂന്ന് സെഞ്ചുറി നേടി. ഏഴ് തവണ അര്‍ധ ശതകം പിന്നിട്ടു. ഡുപ്ലെസിക്ക് 730 റണ്‍സുണ്ട്, ഗില്ലിന് 890 റണ്‍സും. 
കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമാണ് മധ്യനിരയില്‍, മൂവരും മുംബൈ താരങ്ങള്‍. അവസാന 12 കളികളില്‍ അറുപതിനടുത്താണ് ഗ്രീനിന്റെ ശരാശരി. സൂര്യക്ക് അവസാന 11 കളികളില്‍ ഇത്രയും ശരാശരിയുണ്ട്. സൂര്യ ആറു തവണ അര്‍ധ ശതകം കടന്നു. അഞ്ചു കളികളില്‍ പരിക്കു കാരണം വിട്ടുനില്‍ക്കേണ്ടി വന്നു തിലകിന്. രണ്ടാം ക്വാളിഫയറില്‍ 14  പന്തില്‍ 43 റണ്‍സ് നേടിയ തിലക് കുറച്ച് കൂടി തുടര്‍ന്നിരുന്നെങ്കില്‍ കഥ മാറിയേനേ. 
വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ഹെയ്ന്‍ റിക് ക്ലാസനാണ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്). ഹൈദരാബാദിന്റെ നിറംകെട്ട ബാറ്റിംഗിന്റെ നെടുന്തൂണായിരുന്നു ക്ലാസന്‍. 11 ഇന്നിംഗ്‌സില്‍ ഏറ്റവും ചെറിയ സ്‌കോര്‍ പതിനേഴാണ്. ഫിനിഷര്‍മാരുടെ റോള്‍ റിങ്കു സിംഗിനും (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) രവീന്ദ്ര ജദേജക്കും (ചെന്നൈ) റാഷിദ് ഖാനുമാണ് (ഗുജറാത്ത്). മുംബൈക്കെതിരെ 32 പന്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്നു. റാഷിദ് പതിവ് നിലവാരത്തിലേക്കുയര്‍ന്നില്ലെങ്കിലും ബൗളിംഗ് ചാര്‍ട്ടില്‍ മുന്‍നിരയിലുണ്ട്. ഫൈനലില്‍ ജദേജയുടെ സിക്‌സറും ബൗണ്ടറിയുമാണ് ചെന്നൈക്ക് കിരീടം നേടിക്കൊടുത്തത്. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും പെയ്‌സ്ബൗളിംഗിന് ചുക്കാന്‍ പിടിക്കും. 
യശസ്വി ജയ്‌സ്വാള്‍ (രാജസ്ഥാന്‍ റോയല്‍സ്), ശിവം  ദൂബെ (ചെന്നൈ), പിയൂഷ് ചൗള (മുംബൈ), മതീഷ പതിരണ (ചെന്നൈ), അക്ഷര്‍ പട്ടേല്‍ (ദല്‍ഹി കാപിറ്റല്‍സ്) എന്നിവരാണ് റിസര്‍വുകള്‍. 

Latest News